Tuesday, August 14, 2012

ലണ്ടന്‍ നഗരത്തിന് നന്ദി.


 

പതിനേഴ് ദിനരാത്രങ്ങള്‍ നീണ്ടുനിന്ന കായിക മാമാങ്കത്തിന് തിരശ്ശീല.വേഗത്തിന്‍റെയും ശക്തിയുടെയും ഊര്‍ജ്ജത്തിന്‍റെയും മെയ് വഴക്കത്തിന്‍റെയും ഔന്നത്യത്തിലേയ്ക്കുള്ള മനുഷ്യരാശിയുടെ യാത്ര തുടരുന്നു.പല നാഴികക്കല്ലുകളും പിന്തള്ളിയെങ്കിലും പലതും ഇനിയും അപ്രാപ്യം.പലതാരങ്ങളും ചരിത്രത്തിന്‍റെ ഏടുകളിലേയ്ക്ക്.കറുപ്പിന്‍റെ കരുത്തുമായി ട്രാക്ക് അടക്കിവാണ് ചരിത്രത്തിന്‍റെ താളുകളിലേയ്ക്ക് കുതിച്ച് കയറിയ ഉസൈന്‍ ബോള്‍ട്ട് തന്നെയല്ലേ ഇക്കഴിഞ്ഞ ഒളിന്പിക്സിന്‍റെ താരം.സ്വര്‍ണ്ണവേട്ടയില്‍  മിക്കരാജ്യങ്ങലെപ്പോലും നാണിപ്പിച്ച ഫെല്‍പ്സിന്‍റെ കഠിനാദ്ധ്വാനത്തെ കുറച്ചു കാണുന്നില്ല.വികലാംഗനെന്നത് ഒരു ശാപമല്ല എന്ന് ലോകത്തെ ഓര്‍മ്മിപ്പിച്ച ഓസ്കര്‍ പിസ്റ്റോറിയസ് വിവാദക്കുരുക്കില്‍നിന്ന് ഒരു രാജ്യത്തിന്‍റെ പൂര്‍ണ്ണ പിന്തുണയുമായി ട്രാക്കിലിറങ്ങിയ കാസ്റ്റര്‍,സെമന്യ ലോക ഫുട്ബോളില്‍ മുടിചൂടാമന്നന്‍മാരായിട്ടും ഒളിമ്പിക്സ് സ്വര്‍ണ്ണത്തില്‍ മുത്തമിടാന്‍ കഴിയാത്ത ബ്രസീല്‍,ബീജിംഗ് ഒളിമ്പിക്സിലെ മേല്‍ക്കോയ്മ ചൈനയില്‍ നിന്ന് ആധികാരികമായിത്തന്നെ തട്ടിയെടുത്ത അമേരിക്ക.എത്രയെത്ര സ്വപ്നങ്ങള്‍ പൊലിഞ്ഞു.എത്രയെത്ര സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെട്ടു.എല്ലാം ഒരു കാവ്യനീതി .തന്‍റെ കഠിനാദ്ധ്വാനത്തിന്‍റെ നേട്ടം രാഷ്ട്രത്തിനായി സമര്‍പ്പിക്കുന്ന താരം,താരത്തിന്‍റെ നേട്ടത്തില്‍ അഭിമാനിക്കുന്ന രാജ്യം.വിവിധ ഭാഷ,സംസ്കാരങ്ങള്‍,മതങ്ങള്‍,ചിന്താധാരകള്‍ ഒളിമ്പിക്സ് ഗ്രാമത്തില്‍ ഒന്നിക്കുന്നു.അവര്‍ ഒരു ലക്ഷ്യത്തിനായി പൊരുതുന്നു.അവിടെ ലോകം ഒന്നിക്കുന്നു.മത്സരത്തില്‍ ജയിക്കുന്നു.അതോടൊപ്പം സാര്‍വ്വ ലൌകകിതയുടെ വിജയ ഭേരി മുഴങ്ങുന്നു.ഒളിമ്പിക്സിനെ വ്യത്യസ്തമാക്കുന്നതും അതു തന്നെ ഫുട്ബോള്‍,ടെന്നിസ് എന്നീ പ്രൊഫഷണല്‍ കായിക ഇനങ്ങളെ മാറ്റി നിര്‍ത്തിയാല്‍,മറ്റു ഇനങ്ങളില്‍ ഏതൊരു കായിക താരത്തിന്‍റെയും സ്വപ്ന സാക്ഷാത്കാരമാണ് ഒളിമ്പിക്സ് മെഡല്‍.

ഇത്തവണത്തെ ഒളിന്പിക്സ് പൂര്‍ണ്ണമായി ആസ്വദിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഒരു വിധം തരക്കേടില്ലാതെ മത്സരങ്ങള്‍ ദൂരദര്‍ശനിലൂടെ കാണാന്‍ പറ്റി.മിക്ക ഇനങ്ങളും അര്‍ദ്ധരാത്രിയ്ക്ക് ശേഷം നടക്കുന്നത് പരിപാടിയുടെ ആസ്വാദനത്തിന് തടസ്സമായി.ഒളിമ്പിക്സ് ആരംഭിക്കുന്നതിന് മുമ്പ് ഞാന്‍ പാരാമര്‍ശിച്ചിരുന്നതുപോലെത്തന്നെ,പലകാര്യങ്ങളും സംഭവിച്ചിരിക്കുന്നു.ഇന്ത്യയ്ക്ക് ആറ് മെഡലുകള്‍,ഞാന്‍ പ്രതീക്ഷിച്ചതുപോലെത്തന്നെ കിട്ടി.ഇന്ത്യയുടെ ഏറ്റവും മികച്ച ഒളിമ്പിക്സായിരിക്കുമെന്നും ഞാന്‍ പറഞ്ഞിരുന്നു.അതുപോലെത്തന്നെ ഇന്ത്യയുടെ നേട്ടം എക്കാലത്തെയും മികച്ചതാണ്.ഹോക്കി ടീം പന്ത്രണ്ടാമതാകാന്‍ സാദ്ധ്യതയുണ്ടെന്ന് ഞാന്‍ പറഞ്ഞ വാക്കുകള്‍,അറം പറ്റിയതില്‍,മാത്രമെ എനിക്ക് ഖേദമുള്ളൂ.സൈനാ നെഹ്വാള്‍ പ്രതീക്ഷിച്ച പ്രകടനം നടത്തി.മേരി കോമില്‍ നിന്ന് സ്വര്‍ണ്ണം പ്രതീക്ഷിച്ചിരുന്നു.പിന്നെ പറ്റിച്ചത് ദീപികാ കുമാരിയാണ്.അപ്രതീക്ഷിതമായി മെഡല്‍ പട്ടികയില്‍,സ്ഥാനം നേടിയ വിജയ് കുമാര്‍ ശരിക്കും ഞെട്ടിച്ചു കളഞ്ഞു.പിന്നെ ഇന്ത്യയുടെ സമയം കൂടുതല്‍ നന്നായിരുന്നെങ്കില്‍,ഷൂട്ടിംഗില്‍ രണ്ടും,ബോക്സിംഗില്‍ രണ്ടും ഗുസ്തിയില്‍,ഒരു മെഡലും,ടെന്നിസ് മിക്സഡ് ഡബിള്‍സില്‍, ഒരു മെഡലും കൂടി കിട്ടാമായിരുന്നു.അങ്ങനെയായിരുന്നെങ്കില്‍ ഇന്ത്യന്‍, കായിക രംഗത്തിന് അതൊരു വഴിത്തിരിവ് തന്നെ ആയേനെ.കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയ സ്ഥിതിയ്ക്ക് കേന്ദ്ര സ്പോര്‍ട്സ് മന്തി അജയ് മാക്കന്‍,2020 ഒളിമ്പിക്സില്‍,ഇന്ത്യ ഇരുപത്തിയഞ്ച് മെഡലുകള്‍ നേടുമെന്ന് പ്രഖ്യപിച്ചതില്‍,അതിശയോക്തിയില്ല.ഇതിനകം തന്നെ നല്ല ദീര്‍ഘവീക്ഷണവും കാര്യ ശേഷിയും പ്രദര്‍ശിപ്പിച്ച മാക്കന്‍,പറഞ്ഞവാക്കുകളില്‍,നമുക്ക് വിശ്വാസ മര്‍പ്പിക്കാം.സ്പോര്‍ട്സിന്‍റെ കല്‍മാഡി യുഗം അവസാനിച്ചിരിക്കുന്നു എന്ന് നമുക്ക് ആശ്വസിക്കാം.പ്രതിഭകളെ കണ്ടെത്തി മികച്ച പരിശീലനം തന്നെ നല്‍കണം.എഞ്ചിനിയറിംഗിന് പഠിപ്പിക്കാന്‍ സ്കൂള്‍,വാദ്ധ്യാര് പോര എന്ന് സാന്ദര്‍ഭികമായി കേരള സ്പോര്‍ട്സ് മന്ത്രി സൂചിപ്പിട്ടുണ്ട്.പുതിയ തലമുറയെ വാര്‍ത്തെടുക്കുക എന്നത് ഒരു വ്യവസായമല്ല.മറിച്ച് നമുക്ക് നേടാന്‍ കഴിയാത്തത് പുതിയ തലമുറയ്ക്ക് നേടിയെടുക്കാന്‍,സഹായിക്കുക എന്നതാണ്.അതിലൂടെ സമൂഹത്തിന് ,രാജ്യത്തിന് നമ്മുടെ നന്ദി പ്രകാശിപ്പിക്കുകയാണ് ഇന്നലെകളുടെ താരങ്ങളുടെ കര്‍ത്തവ്യം.ഇന്ത്യന്‍ ഹോക്കി ഉടച്ചു വാര്‍ക്കേണ്ടിയിരിക്കുന്നു.ആദ്യ രണ്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ത്തന്നെ എനിക്ക് കളിക്കാരോട് വല്ലാത്ത സഹതാപം തോന്നിത്തുടങ്ങിയിരുന്നു.പ്രതീക്ഷയുടെ മാറാപ്പ് അപമാനത്തിന്‍റേതാകാന്‍,അധികം കാത്തു നില്‍ക്കേണ്ടിവന്നില്ല.ഹോക്കി ഇന്നും നമ്മുടെ ദേശീയ കായിക വിനോദമാണ്.ഹോക്കിയുടെ മഹാപ്രതിഭ  ധ്യാന്‍ചന്ദിന്‍റെ ആത്മാവിനോട് നമുക്ക് ക്ഷമ യാചിക്കാം.നാമിനി ഒളിമ്പിക്സ് മെഡലിന് ഹോക്കിയെ മാത്രം ആശ്രയിക്കേണ്ടതില്ല.ടെന്നിസ്,ബാറ്റ്മിന്‍റന്‍,ഗുസ്തി,ബോക്സിംഗ്,ഷൂട്ടിംഗ്,അമ്പെയ്ത്ത് ഇതിലൊക്കെ നമുക്ക് പ്രതീക്ഷയുണ്ട്.ക്രിക്കറ്റ് മാത്രം ടി വിയില്‍ കണ്ട് മടുത്ത പ്രായം ചെന്നവര്‍പോലും മേരി കോമും സുശീല്‍ കുമാറും ടി വിയില്‍,വരുന്നതിന് കാത്തിരുന്നു.സുശീല്‍ കുമാര്‍ ഫൈനലിലെത്തിയെന്നറിഞ്ഞ് ഫൈനല്‍ വരെയുള്ള മൂന്ന് മണിക്കൂറുകള്‍,എന്തൊരു ആവേശകരമായിരുന്നു.ഒരു സ്വര്‍ണ്ണമെഡല്‍,അത് ഓരോ ഇന്ത്യക്കാരനും എത്രത്തോളം വിലമതിക്കുന്നു എന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു,അത്.ദേശീയത സടകുടഞ്ഞെഴുന്നേറ്റ നിമിഷങ്ങളായിരുന്നു അത് .ഇത്തരം ആവേശോജ്വലമായ നിമിഷങ്ങള്‍ നമുക്ക് ഇനിയും വേണം.ഈ ആവേശം നമുക്ക് പുതിയ തലമുറയ്ക്ക് പകര്‍ന്ന് നല്‍കാന്‍,കഴിയണം.ഈയിടെ സൈനാ നെഹ്വാളിന്‍റെ ബാറ്റ്മിന്‍റന്‍,മത്സരം കണ്ടു കൊണ്ടിരുന്ന എന്നോട് ഒരു പത്തു വയസ്സുകാരി ചോദിച്ചു,സൈന ജയിച്ചിട്ട് മാമന് എന്ത് കിട്ടാനാണ്.ആ കൊച്ചു കുട്ടിയോട് ഞാനെന്തു പറയാനാണ്.പുതു തലമുറയ്ക്ക് ഒരു സ്പോര്‍ട്സ് സംസ്കാരം പകര്‍ന്ന് നല്‍കേണ്ടത് വളരെ അത്യാവശ്യമാണ്.ഭൌതികതയ്ക്കായുള്ള നെട്ടോട്ടത്തിനിടയില്‍,നമ്മെ ഒന്നിപ്പിക്കുന്ന നമുക്ക് ആവേശം പകരുന്ന നമ്മില്‍ നല്ല ഊര്‍ജ്ജം സമന്വയിപ്പിക്കുന്ന ഒരു സംസ്കാരം വളര്‍ന്നു വരട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. 

വെറും യാദൃശ്ചികം ഈ ഫോണ്‍ കോളുകള്‍,.....പക്ഷെ



ആടി മാസം കഴിയാറാകുമ്പോഴാണ് മഴ ശക്തമായത്.ഒന്നു രണ്ടു ദിവസം മഴ നനയേണ്ടിവന്നതിനാലാവാം പനിക്കുന്നുണ്ട്.നല്ല തണുപ്പ് അരിച്ച് കയറുന്നുണ്ട്.നിലത്ത് ചവിട്ടാന്‍ കഴിയുന്നില്ല.ചെറിയ തലവേദന ഉണ്ട്.സന്ധികളില്‍ വേദന ഇല്ലാത്തതിനാല്‍,ആശ്വസിക്കാം പാരാസെറ്റമോള്‍ നല്ല ചൂടുവെള്ലത്തോടൊപ്പം കഴിച്ച് രാവിലെ തന്നെ പുതച്ച് കിടപ്പായി.കുഴപ്പമില്ല ഞായറാഴ്ചയാണ്.വിശ്രമിച്ചാല്‍ പോകുമായിരിക്കും.എനിക്കങ്ങനെയാണ് പനിവന്നാല്‍ ഒരു തരം ക്ഷീണമാണ് എണീറ്റ് നടക്കാന്‍ കഴിയില്ല.ചെറുതായി മയങ്ങിക്കൊണ്ട് ഓര്‍മ്മകളുടെ കയത്തിലേയ്ക്ക് വഴുതി വീണുകൊണ്ടിരുന്നു.ഇത്തരം ഒരു മഴക്കാലത്താണ് കഴിഞ്ഞ വര്‍ഷം വയനാട്ടില്‍,നിന്ന് ചുരമിറങ്ങിയത്.അതെ ഇന്നേയ്ക്ക് ഒരു വര്‍ഷം തികഞ്ഞിരിക്കുന്നു.ഒരു വര്‍ഷത്തെ നല്ല ചില ബന്ധങ്ങള്‍ക്കും അനുഭവപാഠങ്ങള്‍ക്കും ശേഷം ഞാന്‍,തിരികെ നാട്ടില്‍വന്നിട്ട് ഒരു വര്‍ഷം കഴിഞ്ഞു.ദൌര്‍ഭാഗ്യകരമെന്നേ പറയണ്ടൂ അവിടുത്തെ ബന്ധങ്ങള്‍ ഞാന്‍,ഓര്‍മ്മകളില്‍,മാത്രം ഒതുക്കി പലരും പലതവണ പരിഭവിച്ചെങ്കിലും ഒരു തവണ പോലും വയനാട് സന്ദര്‍ശിക്കാന്‍,ഞാന്‍ മുതിര്‍ന്നില്ല.ആരെയും വിളിക്കാന്‍ എനിയ്ക്ക് കഴിഞ്ഞില്ല.എന്‍റെ പല വ്യക്കതിപരമായ കാരണങ്ങളാണ് എനിക്ക് തടസ്സമായി നിന്നിട്ടുള്ളത്.പല തവണ ഞാന്‍ ഓര്‍മ്മകള്‍,പുതുക്കാന്‍ സജ്ജനായെങ്കിലും പല തരത്തിലുള്ള തടസ്സങ്ങളും എന്നെ അതില്‍നിന്ന് പിന്തിരിപ്പിച്ചു.
പകുതി മയക്കത്തില്‍ ഫോണ്‍,ചിലച്ചു.കണ്ണടയില്ലാത്തതിനാല്‍ ആളെ തിരിച്ചറിഞ്ഞില്ല.ഹലോ......,എന്താ ഭായീ വിശേഷങ്ങളൊന്നും അറിയുന്നില്ലല്ലോ.പച്ച മലയാളത്തില്‍ സ്ഫുടമായ ഉച്ചാരണം ജയരാജ്,മുള്ളംകൊല്ലി സെക്രട്ടറിയാണ്.വയനാട്ടില്‍ എന്‍റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്നു.കാസര്‍ഗോഡ്കാരനായതിനാലാണ് എന്നെ ഭായി എന്ന് വിളിക്കുന്നത് (കാസര്‍കോട് കാദര്‍ ഭായി).വിളിക്കാതിരിക്കുന്നതിന് ഉപാധികള്‍ സമര്‍ത്ഥമായി പറയാനറിയാവുന്നതു കൊണ്ട് ഒരു വിധം പടിച്ചു നിന്നു.ഓഫീസ് വിശേഷങ്ങളും,പഴയ വെള്ളമുണ്ടയിലെ വിശേഷങ്ങളും,ഒന്നിച്ച് പ്രവര്‍ത്തിച്ച സെക്രട്ടറിമാരുടെ വിശേഷങ്ങളും എല്ലാം വളരെ സരസമായി ജയരാജ് അവതരിപ്പിച്ചു.ഒരിക്കല്‍ക്കൂടി എന്നെ വയനാട്ടിലേയ്ക്ക് ക്ഷണിച്ചു.അല്ല ജയരാജ് ജീ....ഞാന്‍ വയനാട് വിട്ടിട്ട് ഒരു വര്‍ഷമായി കേട്ടോ...അതെയോ നല്ല സമയത്താണല്ലോ ഞാന്‍ വിളിച്ചത്.വിളിച്ചതിന് ഞാന്‍ നന്ദി അറിയച്ചതോടെ വീണ്ടും വിളിക്കാമെന്നുള്ള ഉറപ്പോടെ ജയരാജ് ഫോണ്‍,കട്ട് ചെയ്തു.എനിയ്ക്ക് വല്ലാത്ത സന്തോഷം തോന്നി,യാദൃശ്ചികമായിട്ടെങ്കിലും എന്നെ ഒരാള്‍ഒരു പ്രത്യേക ദിവസം വിളിച്ചല്ലോ.
ഉച്ചയ്ക്ക് അല്‍പം കഞ്ഞി കുടിച്ച് വീണ്ടും കിടക്കാന്‍,ഒരുങ്ങുമ്പോള്‍ ഫോണില്‍ ഒരു മിസ്കോള്,അങ്ങോട്ടടിച്ചു.ഹലോ ഞാന്‍ സീനത്ത് (ഞെട്ടണ്ട പുരുഷനാണ്,സീനത്ത് എന്ന തുണിക്കട നടത്തുന്ന മുഹമ്മദ് എന്ന പഞ്ചായത്ത് അംഗം).അല്ലപ്പ ഇങ്ള വിവരെ ഇല്ലല്ലാ...ഏട്യ ഇപ്പോ ഇള്ളെ....പയേ സ്ഥലത്തെന്നേ....ആട്ന്ന് മാറ്റായിറ്റ്ലല്ലാ..........ഞാറായ്ചല്ലെ..ബെര്‍ദെ ഇരിക്കുമ്പ ഞെക്കി നോക്കയദാ.....അല്ലാ ഞമ്മള..നമ്പരെല്ലാം നിങ്ങ ഡിലീറ്റാക്കി കളഞ്ഞാ....ഫോണില്‍ സോഫ്റ്റ് വെയര്‍,കംപ്ലെയിന്‍റാണെന്ന എന്‍റെ മറുപടി അദ്ദേഹം സ്വീകിരിച്ചു.നിങ്ങ ഒരു ദിവസം കുടുംബത്തേം കൂട്ടി ബരീ.....അല്ല ആമദ്കാ ഞാന്‍ വയനാട് വിട്ടിട്ട് ഇന്നേയ്ക്ക് കൃത്യം ഒരു വര്‍ഷായി..............അതെയാ അത്രേല്ലായോ നിങ്ങ പോയ്റ്റ്...വിളിച്ചതിന് നന്ദി പ്രകാശിപ്പിച്ചതോടെ മുഹമ്മദും ഫോണ്‍ കട്ട് ചെയ്തു.അതേ ദിവസം വയനാട്ടില്‍ നിന്ന് മറ്റൊരു കോളും കൂടി വന്നത് എന്നെ അദ്ഭുതപ്പെടുത്തി.
വൈകുന്നേരമായതോടെ പനിയ്ക്ക് കുറച്ച് ആശ്വാസം വന്നു.ഒന്നു മേല്‍ കഴുകാമെന്നായി.അപ്പേഴേയ്ക്കും അനുജത്തിയുടെ വീട് വരെ പോയി വരാമെന്നായി.ഫോണ്‍ എടുക്കാന്‍,മറന്നു പോയിരുന്നു.തിരകെ വന്നപ്പോള്‍ വീണ്ടും ഒരു മിസ്കോള്,വിളിച്ചു നോക്കി.എന്തെല്ലാ.......ഇങ്ള് ഫോണെന്താ എട്ക്കാത്തെ....ഞമ്മള നമ്പരൊന്നും അയിലിണ്ടാവില്ലാ അല്ലെ ....ഇത്രയുമായപ്പോള്‍ ആളെ പടികിട്ടി.മജീദിക്ക എന്നറിയപ്പെടുന്ന മജീദ്.ഞാന്‍ സോഫ്റ്റ് വെയര്‍,കെപ്ലെയിന്‍റും,ഫോണ്‍ എടുക്കാതെ പോയതും വിശദീകരിച്ചു കൊണ്ടിരുന്നപ്പോള്‍ മജീദ് വീണ്ടും പരീക്ഷിച്ചു.ഇങ്ങക്ക് ആളാരാന്ന് മനസ്ലായാ....ഓ അതാ ശബ്ദം കേട്ടാലറിയൂല്ലെ.മറുവശത്ത് പൊട്ടിച്ചിരി.ഓഫീസിന് താഴെ ബേക്കറി നടത്തിയിരുന്ന മജീദിന്‍റെ വീട്ടില്‍,എന്നും രാവിലെ ഞങ്ങള്‍ ഷട്ടില്‍,കളിക്കാന്‍ പോകുമായിരുന്നു.സഹകളിക്കരുടെ വിശേഷങ്ങളും സുഹൃത്തുക്കളുടെ വിശേഷങ്ങളും ചോദിച്ചറിഞ്ഞതിനുശേഷം കുടുംബ വിശേഷമായി.ഇങ്ള് പെര്ന്നാളിന് വര്യോ............ശ്രമിക്കാമെന്ന് പറഞ്ഞു.എന്‍റെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു.ഞാന്‍ അത് അദ്ദേഹത്തെ വാക്കുകളിലൂടെ അറിയിച്ചു.അത് ഇങ്ല് ഞമ്ലെ സുയിപ്പിക്കാന്‍,പറ്യാ.....ഏതായാലും വീണ്ടും വിളിക്കാമെന്ന് പറഞ്ഞ് മജീദും ഫോണ്‍ കട്ട് ചെയ്തു.
ഒരു പ്രത്യേക ദിവസം മൂന്ന് വ്യത്യസ്ഥ കോളുകള്‍,അതും  വളരെ നാളത്തെ ഇടവേളകള്‍ക്ക് ശേഷം......വെറും യാദൃശ്ചികമെന്ന് പറഞ്ഞ് തള്ളാം.....പക്ഷെ ആ യാദൃശ്ചികത എനിയ്ക്ക് വിശ്യസിക്കാന്‍ കഴിയുന്നതിലുമപ്പുറത്തായിരുന്നു.
ഓര്‍മ്മിക്കുന്നുണ്ടെങ്കിലും ഓര്‍മ്മിപ്പിക്കാതെ ഉള്‍വലിഞ്ഞ എന്നെ ഓര്‍മ്മിക്കുന്നവരുണ്ടെന്ന് ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ഫോണ്‍‍,രൂപത്തില്‍,വന്ന ആ ഓര്‍മ്മപ്പെടുത്തലുകള്‍,.....യഥാര്‍ത്ഥത്തില്‍,എന്താണ് ഉത്തരം പടികിട്ടാത്ത ചോദ്യമായി  അവശേഷിക്കട്ടെ.അല്ലെങ്കില്‍ത്തന്നെ മനുഷ്യന്‍റെ പരിമിതമായ ചിന്താമണ്ഡലത്തില്‍,ഒതുങ്ങാത്ത എന്തെല്ലാം ഈ പ്രപഞ്ചത്തിലുണ്ട്. അല്ലേ ......?
ഇത് വായിക്കുന്നവര്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ..........ഇതിലെ അവസാന വരികള്‍ ടൈപ്പ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍,(രാത്രി 08.45) വയനാട്ടിലെ വെള്ളമുണ്ട പോലീസ് സ്റ്റേഷനില്‍ നിന്ന് ഒരു ഫോണ്‍,കോള്‍...സാര്‍......സാറിന് പതിനാറാം തിയതി മാനന്തവാടി കോടതിയില്‍ കേസുണ്ട്........................