Tuesday, August 14, 2012

വെറും യാദൃശ്ചികം ഈ ഫോണ്‍ കോളുകള്‍,.....പക്ഷെ



ആടി മാസം കഴിയാറാകുമ്പോഴാണ് മഴ ശക്തമായത്.ഒന്നു രണ്ടു ദിവസം മഴ നനയേണ്ടിവന്നതിനാലാവാം പനിക്കുന്നുണ്ട്.നല്ല തണുപ്പ് അരിച്ച് കയറുന്നുണ്ട്.നിലത്ത് ചവിട്ടാന്‍ കഴിയുന്നില്ല.ചെറിയ തലവേദന ഉണ്ട്.സന്ധികളില്‍ വേദന ഇല്ലാത്തതിനാല്‍,ആശ്വസിക്കാം പാരാസെറ്റമോള്‍ നല്ല ചൂടുവെള്ലത്തോടൊപ്പം കഴിച്ച് രാവിലെ തന്നെ പുതച്ച് കിടപ്പായി.കുഴപ്പമില്ല ഞായറാഴ്ചയാണ്.വിശ്രമിച്ചാല്‍ പോകുമായിരിക്കും.എനിക്കങ്ങനെയാണ് പനിവന്നാല്‍ ഒരു തരം ക്ഷീണമാണ് എണീറ്റ് നടക്കാന്‍ കഴിയില്ല.ചെറുതായി മയങ്ങിക്കൊണ്ട് ഓര്‍മ്മകളുടെ കയത്തിലേയ്ക്ക് വഴുതി വീണുകൊണ്ടിരുന്നു.ഇത്തരം ഒരു മഴക്കാലത്താണ് കഴിഞ്ഞ വര്‍ഷം വയനാട്ടില്‍,നിന്ന് ചുരമിറങ്ങിയത്.അതെ ഇന്നേയ്ക്ക് ഒരു വര്‍ഷം തികഞ്ഞിരിക്കുന്നു.ഒരു വര്‍ഷത്തെ നല്ല ചില ബന്ധങ്ങള്‍ക്കും അനുഭവപാഠങ്ങള്‍ക്കും ശേഷം ഞാന്‍,തിരികെ നാട്ടില്‍വന്നിട്ട് ഒരു വര്‍ഷം കഴിഞ്ഞു.ദൌര്‍ഭാഗ്യകരമെന്നേ പറയണ്ടൂ അവിടുത്തെ ബന്ധങ്ങള്‍ ഞാന്‍,ഓര്‍മ്മകളില്‍,മാത്രം ഒതുക്കി പലരും പലതവണ പരിഭവിച്ചെങ്കിലും ഒരു തവണ പോലും വയനാട് സന്ദര്‍ശിക്കാന്‍,ഞാന്‍ മുതിര്‍ന്നില്ല.ആരെയും വിളിക്കാന്‍ എനിയ്ക്ക് കഴിഞ്ഞില്ല.എന്‍റെ പല വ്യക്കതിപരമായ കാരണങ്ങളാണ് എനിക്ക് തടസ്സമായി നിന്നിട്ടുള്ളത്.പല തവണ ഞാന്‍ ഓര്‍മ്മകള്‍,പുതുക്കാന്‍ സജ്ജനായെങ്കിലും പല തരത്തിലുള്ള തടസ്സങ്ങളും എന്നെ അതില്‍നിന്ന് പിന്തിരിപ്പിച്ചു.
പകുതി മയക്കത്തില്‍ ഫോണ്‍,ചിലച്ചു.കണ്ണടയില്ലാത്തതിനാല്‍ ആളെ തിരിച്ചറിഞ്ഞില്ല.ഹലോ......,എന്താ ഭായീ വിശേഷങ്ങളൊന്നും അറിയുന്നില്ലല്ലോ.പച്ച മലയാളത്തില്‍ സ്ഫുടമായ ഉച്ചാരണം ജയരാജ്,മുള്ളംകൊല്ലി സെക്രട്ടറിയാണ്.വയനാട്ടില്‍ എന്‍റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്നു.കാസര്‍ഗോഡ്കാരനായതിനാലാണ് എന്നെ ഭായി എന്ന് വിളിക്കുന്നത് (കാസര്‍കോട് കാദര്‍ ഭായി).വിളിക്കാതിരിക്കുന്നതിന് ഉപാധികള്‍ സമര്‍ത്ഥമായി പറയാനറിയാവുന്നതു കൊണ്ട് ഒരു വിധം പടിച്ചു നിന്നു.ഓഫീസ് വിശേഷങ്ങളും,പഴയ വെള്ളമുണ്ടയിലെ വിശേഷങ്ങളും,ഒന്നിച്ച് പ്രവര്‍ത്തിച്ച സെക്രട്ടറിമാരുടെ വിശേഷങ്ങളും എല്ലാം വളരെ സരസമായി ജയരാജ് അവതരിപ്പിച്ചു.ഒരിക്കല്‍ക്കൂടി എന്നെ വയനാട്ടിലേയ്ക്ക് ക്ഷണിച്ചു.അല്ല ജയരാജ് ജീ....ഞാന്‍ വയനാട് വിട്ടിട്ട് ഒരു വര്‍ഷമായി കേട്ടോ...അതെയോ നല്ല സമയത്താണല്ലോ ഞാന്‍ വിളിച്ചത്.വിളിച്ചതിന് ഞാന്‍ നന്ദി അറിയച്ചതോടെ വീണ്ടും വിളിക്കാമെന്നുള്ള ഉറപ്പോടെ ജയരാജ് ഫോണ്‍,കട്ട് ചെയ്തു.എനിയ്ക്ക് വല്ലാത്ത സന്തോഷം തോന്നി,യാദൃശ്ചികമായിട്ടെങ്കിലും എന്നെ ഒരാള്‍ഒരു പ്രത്യേക ദിവസം വിളിച്ചല്ലോ.
ഉച്ചയ്ക്ക് അല്‍പം കഞ്ഞി കുടിച്ച് വീണ്ടും കിടക്കാന്‍,ഒരുങ്ങുമ്പോള്‍ ഫോണില്‍ ഒരു മിസ്കോള്,അങ്ങോട്ടടിച്ചു.ഹലോ ഞാന്‍ സീനത്ത് (ഞെട്ടണ്ട പുരുഷനാണ്,സീനത്ത് എന്ന തുണിക്കട നടത്തുന്ന മുഹമ്മദ് എന്ന പഞ്ചായത്ത് അംഗം).അല്ലപ്പ ഇങ്ള വിവരെ ഇല്ലല്ലാ...ഏട്യ ഇപ്പോ ഇള്ളെ....പയേ സ്ഥലത്തെന്നേ....ആട്ന്ന് മാറ്റായിറ്റ്ലല്ലാ..........ഞാറായ്ചല്ലെ..ബെര്‍ദെ ഇരിക്കുമ്പ ഞെക്കി നോക്കയദാ.....അല്ലാ ഞമ്മള..നമ്പരെല്ലാം നിങ്ങ ഡിലീറ്റാക്കി കളഞ്ഞാ....ഫോണില്‍ സോഫ്റ്റ് വെയര്‍,കംപ്ലെയിന്‍റാണെന്ന എന്‍റെ മറുപടി അദ്ദേഹം സ്വീകിരിച്ചു.നിങ്ങ ഒരു ദിവസം കുടുംബത്തേം കൂട്ടി ബരീ.....അല്ല ആമദ്കാ ഞാന്‍ വയനാട് വിട്ടിട്ട് ഇന്നേയ്ക്ക് കൃത്യം ഒരു വര്‍ഷായി..............അതെയാ അത്രേല്ലായോ നിങ്ങ പോയ്റ്റ്...വിളിച്ചതിന് നന്ദി പ്രകാശിപ്പിച്ചതോടെ മുഹമ്മദും ഫോണ്‍ കട്ട് ചെയ്തു.അതേ ദിവസം വയനാട്ടില്‍ നിന്ന് മറ്റൊരു കോളും കൂടി വന്നത് എന്നെ അദ്ഭുതപ്പെടുത്തി.
വൈകുന്നേരമായതോടെ പനിയ്ക്ക് കുറച്ച് ആശ്വാസം വന്നു.ഒന്നു മേല്‍ കഴുകാമെന്നായി.അപ്പേഴേയ്ക്കും അനുജത്തിയുടെ വീട് വരെ പോയി വരാമെന്നായി.ഫോണ്‍ എടുക്കാന്‍,മറന്നു പോയിരുന്നു.തിരകെ വന്നപ്പോള്‍ വീണ്ടും ഒരു മിസ്കോള്,വിളിച്ചു നോക്കി.എന്തെല്ലാ.......ഇങ്ള് ഫോണെന്താ എട്ക്കാത്തെ....ഞമ്മള നമ്പരൊന്നും അയിലിണ്ടാവില്ലാ അല്ലെ ....ഇത്രയുമായപ്പോള്‍ ആളെ പടികിട്ടി.മജീദിക്ക എന്നറിയപ്പെടുന്ന മജീദ്.ഞാന്‍ സോഫ്റ്റ് വെയര്‍,കെപ്ലെയിന്‍റും,ഫോണ്‍ എടുക്കാതെ പോയതും വിശദീകരിച്ചു കൊണ്ടിരുന്നപ്പോള്‍ മജീദ് വീണ്ടും പരീക്ഷിച്ചു.ഇങ്ങക്ക് ആളാരാന്ന് മനസ്ലായാ....ഓ അതാ ശബ്ദം കേട്ടാലറിയൂല്ലെ.മറുവശത്ത് പൊട്ടിച്ചിരി.ഓഫീസിന് താഴെ ബേക്കറി നടത്തിയിരുന്ന മജീദിന്‍റെ വീട്ടില്‍,എന്നും രാവിലെ ഞങ്ങള്‍ ഷട്ടില്‍,കളിക്കാന്‍ പോകുമായിരുന്നു.സഹകളിക്കരുടെ വിശേഷങ്ങളും സുഹൃത്തുക്കളുടെ വിശേഷങ്ങളും ചോദിച്ചറിഞ്ഞതിനുശേഷം കുടുംബ വിശേഷമായി.ഇങ്ള് പെര്ന്നാളിന് വര്യോ............ശ്രമിക്കാമെന്ന് പറഞ്ഞു.എന്‍റെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു.ഞാന്‍ അത് അദ്ദേഹത്തെ വാക്കുകളിലൂടെ അറിയിച്ചു.അത് ഇങ്ല് ഞമ്ലെ സുയിപ്പിക്കാന്‍,പറ്യാ.....ഏതായാലും വീണ്ടും വിളിക്കാമെന്ന് പറഞ്ഞ് മജീദും ഫോണ്‍ കട്ട് ചെയ്തു.
ഒരു പ്രത്യേക ദിവസം മൂന്ന് വ്യത്യസ്ഥ കോളുകള്‍,അതും  വളരെ നാളത്തെ ഇടവേളകള്‍ക്ക് ശേഷം......വെറും യാദൃശ്ചികമെന്ന് പറഞ്ഞ് തള്ളാം.....പക്ഷെ ആ യാദൃശ്ചികത എനിയ്ക്ക് വിശ്യസിക്കാന്‍ കഴിയുന്നതിലുമപ്പുറത്തായിരുന്നു.
ഓര്‍മ്മിക്കുന്നുണ്ടെങ്കിലും ഓര്‍മ്മിപ്പിക്കാതെ ഉള്‍വലിഞ്ഞ എന്നെ ഓര്‍മ്മിക്കുന്നവരുണ്ടെന്ന് ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ഫോണ്‍‍,രൂപത്തില്‍,വന്ന ആ ഓര്‍മ്മപ്പെടുത്തലുകള്‍,.....യഥാര്‍ത്ഥത്തില്‍,എന്താണ് ഉത്തരം പടികിട്ടാത്ത ചോദ്യമായി  അവശേഷിക്കട്ടെ.അല്ലെങ്കില്‍ത്തന്നെ മനുഷ്യന്‍റെ പരിമിതമായ ചിന്താമണ്ഡലത്തില്‍,ഒതുങ്ങാത്ത എന്തെല്ലാം ഈ പ്രപഞ്ചത്തിലുണ്ട്. അല്ലേ ......?
ഇത് വായിക്കുന്നവര്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ..........ഇതിലെ അവസാന വരികള്‍ ടൈപ്പ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍,(രാത്രി 08.45) വയനാട്ടിലെ വെള്ളമുണ്ട പോലീസ് സ്റ്റേഷനില്‍ നിന്ന് ഒരു ഫോണ്‍,കോള്‍...സാര്‍......സാറിന് പതിനാറാം തിയതി മാനന്തവാടി കോടതിയില്‍ കേസുണ്ട്........................ 

No comments:

Post a Comment