Saturday, August 10, 2013

സാറെ അങ്ങനൊക്കെ വിചാരിച്ചല് ഇക്കാലത്ത് ജീവിക്കാന്‍ പറ്റ്യോ.

നേന്ത്രപഴം കഴിക്കുന്നത് ശരീരത്തിന് നല്ലതാണെന്ന് എവിടെയോ വായിച്ചതിനെത്തുടര്‍ന്ന് രാവിലെ പ്രഭാത ഭക്ഷണത്തോടൊപ്പം ഒരു പുഴുങ്ങിയ നേന്ത്രപഴമോ വലുതാണെങ്കില്‍, നേര്‍,പകുതിയോ കഴിക്കുന്നത് ഞാന്‍ ശീലമാക്കിയിരുന്നു.പുഴുങ്ങിയ പഴമില്ലാത്ത നാശ്ത എന്നില്‍ എന്തോ ഒരു അപൂര്‍ണ്ണത സൃഷ്ടിച്ചിരുന്നു.അങ്ങനെയിരിക്കെയാണ് വയനാട്ടിലേയ്ക്ക് സ്ഥലം മാറ്റം ലഭിച്ചത്.രാവിലെ വീട്ടില്‍ നിന്ന് ഭാര്യയോ അമ്മയോ ഉണ്ടാക്കിത്തരുന്ന ചൂടുള്ള ഭക്ഷണം കഴിച്ച് ഏംബക്കം വിട്ട് ഓഫീസില്‍ പോയിരുന്ന എനിയ്ക്ക് വയനാട് ജീവിതം കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്.സര്‍വ്വോപരി ഒരു ശുദ്ധ സസ്യാഹാരി ആണെന്നുള്ളത് എന്നെ കൂടുതല്‍ പ്രശ്നത്തിലാക്കി.
വെള്ളമുണ്ട എന്ന കൊച്ചു ടൌണില്‍ ഏതാനം ഹോട്ടലുകള്‍ ഉണ്ടെങ്കിലും അതെല്ലാം മാംസാഹാരാധിഷ്ഠിതമാണ്.കൂടാതെ നല്ല നിലവാരമുള്ള ഹോട്ടലുകള്‍ ഇല്ലെന്ന് തന്നെ പറയാം.പരിചയിച്ചിട്ടുള്ള നാട്ടിലെ ഹോട്ടലുകളോട് കുറച്ചെങ്കിലും നീതിപുലര്‍ത്തിയിരുന്നത് മാനന്തവാടിയിലെ ഉടുപ്പി ഹോട്ടല്‍ മാത്രമാണ്.അതാണെങ്കില്‍ പത്ത് പതിനഞ്ച് കിലോമീറ്റര്‍,ദൂരെയും.പിന്നെ എനിയ്ക്ക് ആശ്വാസമായി തോന്നിയത് ഓഫീസിന് സമീപം എതാനം സ്ത്രീകള്‍ നടത്തിയിരുന്ന കുടുംബശ്രീ ഹോട്ടലാണ്.അവരാണെങ്കില്‍ രാവിലെ എട്ട് മണികഴിഞ്ഞേ എത്തുകയുള്ളൂ.ബസ്സ് കിട്ടിയില്ലെങ്കില്‍ കൂടുതല്‍ വൈകും.വന്നെത്തിയാലോ  വെള്ളം കൊണ്ടുവരണം അടുപ്പ് കൂട്ടണം എന്നീ ഔപചാരികതയ്ക്ക് ശേഷം എന്തെങ്കിലും കിട്ടുമ്പോള്‍,ഒമ്പതരമണിയാകും.എനിയ്ക്കാണെങ്കില്‍ നേരത്തെ കാലത്തെ കഴിക്കണം.കൂടാതെ ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുന്നതിനുമുമ്പ് ഭക്ഷണം കിട്ടുമോ എന്ന ആശങ്ക.പുട്ടും പപ്പടവുമാണ് രാവിലത്തെ വിഭവം.കറിയുണ്ടാവില്ല.എന്‍റെ നിര്‍ദ്ദേശം മാനിച്ച് എനിയ്ക്ക് വേണ്ടി ഇഷ്ട ഭോജ്യമായ പഴം പുഴുങ്ങാന്‍,അവര്‍ തയ്യാറായി.എല്ലാ ദിവസവും എനിയ്ക്ക് ഒരു പഴം പുഴുങ്ങിയതും പുട്ടും പപ്പടവും ചായയും.ഇരുപത്തിയഞ്ച് രൂപയ്ക്ക് കാര്യം ഒക്കും.പഴം പുഴുങ്ങി കിട്ടിയതോടെ എനിയ്ക്ക് സന്തോഷമായി രാവിലത്തെ തീറ്റ യുടെ പ്രശ്നം ഒരു പരിധിവരെ പരിഹരിച്ചു.എന്നാലും ഇത് വീട്ടിലെ ഭക്ഷണത്തിന്‍റെ വില എന്നെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു.ഇഡ്ഡലി,ദോശ,നൂല്‍ പുട്ട്,വെള്ളയപ്പം എന്നീ വൈവിദ്ധ്യങ്ങളായ പലഹാരങ്ങള്‍ പുഴുങ്ങിയ പഴത്തോടൊപ്പം കഴിച്ച് മദിച്ച് നടന്നിരുന്ന എനിയ്ക്ക് വെള്ളമുണ്ടയിലെ ഭക്ഷണം സഹനത്തിന്‍റെയും ക്ഷമയുടെയും പാഠങ്ങള്‍ പകര്‍ന്നു തന്നു.
അങ്ങനെ ഒരു ദിവസം പുട്ടും പഴവും കഴിച്ച് പുഴുങ്ങിയ പഴം ആസ്വദിച്ച് കഴിക്കുമ്പോഴാണ് ജോണി കടന്നു വരുന്നത് അദ്ദേഹം ജില്ലാ പഞ്ചായത്ത് അംഗമാണ്.പല വിഷയത്തിലും എന്നോട് സാമ്യമുണ്ടെന്ന് അദ്ദേഹം പറയാറുണ്ട്പ്രായം,.ഭക്ഷണ രീതി,താത്പര്യങ്ങള്‍ എന്തിനേറെ ഞങ്ങളുടെ മൊബൈല്‍ നംപരിന്‍റെ അവസാന മൂന്നക്കം വരെ തുല്യമാണെന്ന് അദ്ദേഹം കണ്ടെത്തിയിരുന്നു.എല്ലാം കണ്ട് എന്‍റെ അടുത്തിരുന്ന ജോണി പറഞ്ഞു.വയനാടിലെ നേന്ത്രപഴം കഴിക്കുന്ന സാറിന്‍റെ ശീലം ഉടനെ മാറ്റണം.കാരണം തിരക്കിയ എന്നോട് വയനാട്ടിലെ വാഴകൃഷിയിലെ    കുരുടാന്‍ എന്ന കീടനാശിനി    പ്രയോഗത്തെകുറിച്ച് വിശദമായ ഒരു രൂപരേഖ ജോണി തന്നു.കൂമ്പിലാ സാറെ കൂമ്പിലാ മരുന്ന് വയ്ക്കുന്നത് എന്ന ഭയാനകമായ വര്‍ണ്ണന കേട്ട് ഞാന്‍,തരിച്ച് നിന്നു.കുരുടാന്‍ എന്ന പേര് തന്നെ ഭീതിജനകമാണ്. പലയിടത്തും ഇടതിങ്ങി വിശാലമായ ,സമൃദ്ധമായ വാഴകളുടെ പച്ചപ്പ് എന്‍റെ മുന്നില്‍ തെളിഞ്ഞു.ഷഡ്പദങ്ങളോ,കീടങ്ങളോ,പക്ഷികളോ,മൃഗദികളോ ഏഴയലത്തുപോലും എത്താത്ത വാഴക്കൂട്ടങ്ങള്‍.
അടുത്ത ദിവസം പ്ലേറ്റില്‍ ആവിപറക്കുന്ന മോഹിപ്പിക്കുന്ന പരിമളവുമായി കുടുംബശ്രീയിലെ ചേച്ചികൊണ്ടുവന്ന നേന്ത്രപഴം ഞാന്‍ സ്നേഹപൂര്‍വ്വം നിരസിച്ചു.അങ്ങനെ എന്‍റെ ശീലത്തിന് പരിസമാപ്തിയായി.
അങ്ങനെ ഒരുദിവസം രാവിലെ നടക്കാനിറങ്ങിയപ്പോള്‍ ഓഫീസിന് സമീപം ബെയ്ക്കറി നടത്തിയിരുന്ന അബ്ദുള്ളയെ കണ്ടുമുട്ടി.
എന്തെല്ലാ സാറെ വിശേഷം....ബരി ഒര് ചായകുഡ്ചിറ്റ് പോവാ...അബ്ദുള്ള വീട്ടിലേയ്ക്ക് ക്ഷണിച്ചു.
ഞാന്‍ നടക്കാനിറങ്ങിയതാണെന്നും ഞാന്‍,കുളിക്കാതെ ചായ കുടിക്കാറില്ലെന്നും അബ്ദുള്ളയെ അറിയിച്ചു.
അത് സാരല്ല സാറെ ഇന്നൊരീസം നിങ്ങ കുളിക്കാണ്ട് ചായ കുഡിക്കീ.നല്ല വയനാടന്‍ കാപ്പി ഇന്‍ഡാക്കാ............സുഹ്റാ.....
അബ്ദുള്ള വിടുന്ന ലക്ഷണമില്ല.മിസിസ് അബ്ദുള്ള രംഗപ്രവേശം ചെയ്തിരിക്കുന്നു.സുഹ്റയും ഹൃദ്യമായി ചിരിച്ചുകൊണ്ട് എന്നെ കാപ്പിയ്ക്ക് ക്ഷണിച്ചു.
ഏതായാലും കാപ്പി കുടിച്ചുകളയാമെന്നു ഞാനും വിചാരിച്ചു.വീട്ടിലേയ്ക്ക് കയറി.എന്‍റെ നേന്ത്രപഴത്തോടുള്ള ഭ്രമം നന്നായി അറിയാവുന്ന അബ്ദുള്ള പറഞ്ഞു.
സാറ്ക്ക് ഞാന്‍ നല്ല മര്ന്ന് അഡിക്കാത്ത പയം തര്ന്ന്ണ്ട്.വീടിന് കിഴക്ക് വശത്തുള്ള ഒറ്റപെട്ട വാഴയെ ചൂണ്ടിക്കൊണ്ട് അബ്ദുള്ള പറഞ്ഞു.
എന്റെ സ്വാഭാവികമായ സംശയം ഞാന്‍ ചോദിച്ചു.
അത് സാറെ ഞമ്മ വീട്ട് കാര്‍ക്ക് തിന്നാന്ള്ള വായക്ക് മര്ന്ന് അഡിക്കൂല.അത് ഞമ്മക്കും പുള്ളന്‍മാര്‍ക്കും ബീബിക്കും ഉള്ളതാ.സാറ്ക്ക് ഞ്മമ ആ കൊലേന്ന് ഒരഞ്ച് പയം തര്ന്ന്ണ്ട്.
ഞാന്‍ സുഹ്റ കൊണ്ടുവന്ന വയനാടന്‍, കാപ്പി നുണഞ്ഞു കൊണ്ട് വടക്ക് വശത്തുള്ള സമൃദ്ധമായ വാഴത്തോട്ടത്തിലേയ്ക്ക് കണ്ണോടിച്ചു.
ഞമ്മ പൊറമെ കൊഡുക്കാനുള്ള ബായക്ക് നല്ലോണം കുരുടാന്‍ ഇടും.അത് ബിസിനസ്സിനല്ലേ സാറേ.
അബ്ദുല്ലേ പക്ഷെ അത് കഴിക്കുന്നവര്‍ക്ക് അസുഖം വരൂല്ലേ...ക്യാന്‍സര്‍ പടിക്കൂല്ലേ ഞാന്‍ ചോദിച്ചു.
സാറെ അങ്ങനൊക്കെ വിചാരിച്ചല് ഇക്കാലത്ത് ജീവിക്കാന്‍ പറ്റ്യോ.
ആഥിത്യ മര്യാദ കാണിച്ച് എന്നെ കാപ്പി കുടിപ്പിച്ചുകൊണ്ടിരുന്ന അബ്ധുള്ളയുടെ മൂഡ് രാവിലെ തന്നെ പോക്കണ്ട എന്ന് കരുതി തികട്ടി വന്ന ചില വാക്കുകള്‍,കാപ്പിയോടൊപ്പം ഉള്ളിലേയ്ക്കിറക്കി.അബ്ദുള്ലയോട് യാത്ര പറഞ്ഞ് ഞാന്‍ ഓഫീസിലേയ്ക്ക് മടങ്ങി.


1 comment: