Friday, April 27, 2012

സെഞ്ചുറികള്‍ കൊണ്ടൊരു തുലാഭാരം

സച്ചിന്‍ രമേശ് ടെണ്ടുല്‍ക്കര്‍...........,ഇന്ത്യക്ക് വേണ്ടി അത് നേടിയിരിക്കുന്നു.ദേശീയ കായിക വിനോദമായ ഹോക്കിയില്‍ ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍,പിന്തള്ളപ്പെട്ട സ്ഥിതിവിശേഷം,ജന സംഖ്യയില്‍ മുന്നേറ്റമുണ്ടെങ്കിലും കായികരംഗത്ത് ലോകത്തിന് യാതൊന്നും സംഭാവന ചെയ്യാന്‍ കഴിയാതിരുന്ന സാഹചര്യം,1983 ലെ ലോകകപ്പിലെ ജയം ഒരു മുള്‍കിരീടമായി അണിഞ്ഞ് നടക്കേണ്ടിവന്ന സമയം,ഗവാസ്കര്‍,ഗുണ്ടപ്പ വിശ്വനാഥ്,മൊഹീന്ദര്‍ അമര്‍നാഥ്,വെംഗ്സാര്‍ക്കാര്‍,എന്നിവരുടെ വിടവാങ്ങല്‍, ഈ സാഹചര്യത്തിലാണ് പ്രായപൂര്‍ത്തിയാകാത്ത ഒരു പയ്യനെയും കൊണ്ട് ഇന്ത്യയ്ക്ക് പാകിസ്ഥാന്‍ സന്ദര്‍ശിക്കേണ്ടിവന്നത്.പലരും നെറ്റി ചുളിച്ചു.പ്രതിഭയെ കുരുന്നിലെ നുള്ലിക്കളയാലാകുമോ.പരമ്പരയ്ക്ക് മുന്നോടിയായി നടന്ന പ്രദര്‍ശന മത്സരത്തില്‍ തോല്‍വി അഭിമുഖീകരിച്ച അവസാന രണ്ട് ഓവറില്‍ നാല്‍പതിലേറെ റണ്‍വേണ്ടിയിരുന്ന സമയത്ത് ക്രീസിലെത്തിയ സച്ചിന്‍ കാലഘട്ടത്തിലെ പ്രമുഖ ലെഗ്സ്പിന്നറായ അബ്ദുള്‍ ഖാദറെ തുടരെ നാലു സിസ്കറുകള്‍ പറത്തിയപ്പോള്‍, അക്ഷരാര്‍ത്ഥത്തില്‍ ക്രിക്കറ്റ് ലോകം പകച്ചു നിന്നു.ശ്വാസം അടക്കി പിടിച്ച് അവര്‍ ആകാഴ്ച കണ്ടുനിന്നു.മികച്ച സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിനുടമയായ ഖാദര്‍ ചെറുതായി പുഞ്ചിരിച്ചു കൊണ്ട് ഓരോ സ്ക്സറിനെയും കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ചു.വരും വര്‍ഷങ്ങളില്‍ ക്രിക്കറ്റ് ലോകത്ത് നടക്കാനിരിക്കുന്ന മഹാദ്ഭുദങ്ങളുടെ കേളികൊട്ട് മാത്രമാണിതെന്ന് മനസ്സിലാക്കിയ ഒരു യോഗിയെപോലെ.ആദ്യ ടെസ്റ്റില്‍ ക്രീസിലെത്തിയ സച്ചിന്‍ വഖാര്‍ യൂനിസിന്‍റെ തീപാറുന്ന പന്ത് കൊണ്ട് ചോര തുപ്പിയപ്പോള്‍ എന്നും ഇന്ത്യാ വിരുദ്ധമായി പ്രതികരിച്ചിരുന്ന ജാവേദ് മിയാന്‍ദാദ്,പരിഹാസ രൂപേണ ചൂണ്ടിക്കാണിക്കുന്നത് ടെലിവിഷനിലൂടെ കണ്ട എനിയ്ക്ക് ജാവേദ് എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായി “ഈ പയ്യന് ഇതിനൊക്കെ പ്രായമായിട്ടില്ല”.സച്ചിന്‍ ആ ടെസ്റ്റില്‍ തരക്കേടില്ലാത്ത സ്കോര്‍ കണ്ടെത്തിയിട്ടാണ് പുറത്തായതെന്നത് വേറെ കാര്യം. തന്‍റെ ആദ്യ സെഞ്ചുറി പിറക്കാന്‍ വളരെ നാള്‍കാത്തിരിക്കേണ്ടിവന്ന സച്ചിന്‍ പക്ഷെ സെഞ്ചുറികളുടെ കളിത്തോഴനായി മാറിയത് തികച്ചും യാദൃശ്ചികം.ഒരു കായികതാരത്തിന് അന്യമായ പാരമ്പര്യം. സാഹിത്യാകരനായ പിതാവ്,പക്ഷെ തന്‍റെ പാരമ്പര്യം കായികരംഗത്ത് സച്ചിന് ഹൃദയത്തിന്‍റെ സ്പര്‍ശം നല്‍കാന്‍കഴിഞ്ഞു.വിവാദങ്ങള്‍ വിട്ടൊഴിയാത്ത ക്രിക്കറ്റ് രംഗത്ത് നിര്‍മ്മല ചിത്തത്തോടെ നില കൊണ്ട സച്ചിനെ ഒരു പക്ഷെ കൂടുതല്‍ ആരാദ്ധ്യനും സര്‍വ്വ സമ്മതനുമാക്കിയത് തന്‍റെ ഹൃദയഹാരിയായ വ്യക്തിത്ത്വത്തിലൂടെ ആണ്.എല്ലാം കൈപിടിയിലാക്കാനുള്ള ഉല്‍ക്കടമായ അഭിവാഞ്ഛ,എന്നാല്‍ തിരച്ചടികള്‍ക്ക് വാക്കുകള്‍കൊണ്ടോ ചേഷ്ടകള്‍കൊണ്ടോ പ്രതികരിക്കാതെ തനിക്ക് പ്രതിഭയുടെ പ്രസാദമായി ലഭിച്ച ബാറ്റുകൊണ്ട് മാത്രം മറുപടി പറഞ്ഞ സച്ചിന് പകരം വയ്ക്കാന്ഇനിയൊരു സച്ചിന്‍ ഉണ്ടാവില്ല എന്ന് തീര്‍ച്ച.എതിരാളികള്‍ നിലവാരം കുറഞ്ഞ വിദ്യകള്‍ പുറത്തിറക്കിയപ്പോഴും,ടീമംഗങ്ങള്‍ കോഴ വിവാദത്തില്‍ ഉള്‍പെട്ടപ്പോഴും,നേട്ടങ്ങളുടെ പടിവാതിലില്‍ കാലിടറിയപ്പോഴും,ടെന്നിസ് എല്‍ബോ എന്ന മാരക രോഗത്തിനടിമയായപ്പോഴും സച്ചിന്‍ സച്ചിദാനന്ദ സ്വരൂപനായി നിലകൊണ്ടു.പ്രതിഭയും ഭാഗ്യവും കൈമുതലായുണ്ടെങ്കിലും താന്‍ ഒരു സാധാരണ മനുഷ്യനാണെന്ന് തെളിയിച്ചു കൊണ്ട് സച്ചിന്‍ കഴിഞ്ഞ ഒരു വര്‍ഷമായി അസാധാരണ സമ്മര്‍ദ്ദത്തിനടിമപ്പെട്ടു.ഒടുവില്‍ ബാംഗ്ലാദേശിനെതിരെ അദ്ദേഹം ആ നിര്‍ണ്ണായകമായ നാഴികക്കല്ല് പിന്തള്ളി.സച്ചിന്‍ യാത്ര തുടരുകയാണ്.ശൈശവ ദശ മാറുന്നതിന് മുമ്പ് ടീമിലെത്തിയ സച്ചിന്‍, ഇളം തലമുറക്കാര്‍,ടീമിലെത്തിയെങ്കിലും ഇന്നും ഭാരതീയര്‍ക്ക് വാത്സല്യഭാജനമാണ്,ഓരോ സ്ത്രീയും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന സല്‍സന്താനമാണ്. നിര്‍ണ്ണായക നിമിഷങ്ങളില്‍,കാലിടറുന്നു എന്ന ഒരു കളങ്കം അദ്ദേഹം നിലനിര്‍ത്തുന്നു.എന്നിരിക്കിലും ഇന്ത്യയ്ക്ക് ലോക ക്രിക്കറ്റ് ഭൂപടത്തില്‍ നിര്‍ണ്ണായക സ്ഥാനം ഉറപ്പാക്കാന്‍കഴിഞ്ഞിട്ടുണ്ടെങ്കില്‍ അതില്‍ സച്ചിന്‍റെ പങ്ക് വളരെ പ്രാധാന്യമര്‍ഹിക്കുന്നു.നായക സ്ഥാനത്ത് വേണ്ടത്ര ശോഭിക്കാത്തതും മറ്റൊരു വിഷയമാണ്.പക്ഷെ കോഴ വിവാദം കൊടുംബിരിക്കൊണ്ട സമയത്താണ് നിഷ്കളങ്കനായ സച്ചിന്‍ ടീമിന്‍റെ അമരക്കാരനായതെന്നോര്‍ക്കണം.നിര്‍ണ്ണായക ഘട്ടത്തില്‍കാലിടറുമെങ്കിലും നിര്‍ണ്ണായക ഘട്ടത്തില്‍ടീമിനെ എത്തിക്കുന്നത് സച്ചിന്‍ തന്നെയാണ്.നൂറു കോടി ജനതയുടെ ആശയും അഭിലാഷങ്ങളും മോഹങ്ങളും ചുമലിലേറ്റി നടക്കുന്ന ഈ കുറിയ മനുഷ്യന് ചില ഘട്ടങ്ങളില്‍ അത് ഭാരമായി ഭവിച്ച് കാലിടറിയെങ്കില്‍ അത് തികച്ചും സ്വാഭാവികം മാത്രമാണ്. ഇനി......നല്ല ഒരവസരത്തിന് വേണ്ടി കാത്തിരിക്കുക നല്ല ഒരു പ്രകടനത്തോടെ വിടവാങ്ങുക.അടുത്ത നാഴികക്കല്ലിന് സമീപത്തെത്തുന്നതിന് മുമ്പ്.......സച്ചിന്‍....അത് വൈകിക്കരുത്.

No comments:

Post a Comment