Wednesday, July 27, 2011

ചെറേലെ കുഞ്ഞീസ്നന്‍



കറുത്ത ശരീരം,പഴകി പിഞ്ഞിയതാണെങ്കിലും വൃത്തിയുള്ള വസ്ത്രം,വലിയ നിക്കര്‍,വെളുത്ത പല്ലുകള്‍.പത്താം ക്ലാസ്സ് വരെ എന്‍റെ കൂടെ പഠിച്ച കുഞ്ഞികൃഷ്ണന്.‍കുഞ്ഞികൃഷ്ണന്‍ ക്ലാസ്സിലെത്തിയിരുന്നത് 5 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ചാണ്.രാവിലെ കുളുത്തത് കുടിച്ചിട്ടാണ് ക്ലാസ്സില്‍ വരുന്നത്,കുളുത്തത് എന്നാല്‍ തലേദിവസം വെള്ളം ഒഴിച്ച് വച്ച കഞ്ഞി.കുഞ്ഞികൃഷ്ണന് അച്ഛന്‍ ഇല്ലായിരുന്നു.ചെറുപ്പത്തിലേ മരിച്ചുപോയതായിരിക്കാം,അമ്മയെ ഉപേക്ഷിച്ചുപോയതായിരിക്കാം.കുട്ടിക്കലത്തെ കുതൂഹലങ്ങളില്‍ അത്തരം കാര്യങ്ങള്‍‍ വിഷയമാകാത്തതിനാല്‍ അതിനെ പറ്റി അന്ന് കൂടുതല്‍ ആലോചിച്ചിട്ടില്ല.അമ്മ പുല്ലരിയാന്‍ പോകും.അവധി ദിവസങ്ങളില്‍ കുഞ്ഞികൃഷ്ണനും അമ്മയോടൊത്ത് ചേരും.വേറെ സഹോദരങ്ങളൊന്നും ഇല്ല ഉദ്യോഗസ്ഥ ദമ്പദികളുടെ മകനായ എനിക്ക് പക്ഷെ പഠനത്തില്‍ കുഞ്ഞികൃഷ്ണന്‍ കനത്ത വെല്ലുവിളിയായിരുന്നു.കുഞ്ഞിതീയാ,ഇഞ്ഞീസ്നാ,ചെറേലെ കൂഞ്ഞീസ്നന്‍ എന്നൊക്കെ സഹപാഠികള്‍ സംബോധന ചെയ്തിരുന്നു.യാതൊരു പരിഭവവുമില്ലാതെ കുഞ്ഞികൃഷ്ണന്‍ വിളികേള്‍ക്കും.ഞാനും കുഞ്ഞികൃഷ്ണനും പഠനത്തില്‍ ഒപ്പത്തിനൊപ്പമായിരുന്നു.എന്നെ പലപ്പോഴും പലവിഷയത്തിലും പിന്തള്ളുന്നതും അതിലൂടെ അദ്ധ്യാപകരുടെ അഭിനന്ദനവാക്കുകള്‍ കേള്‍ക്കുന്നതും കൊച്ചു കൃഷ്ണന്‍ നന്നായി ആസ്വദിച്ചിരുന്നു.മൂന്നാം ക്ലാസ്സില് മലയാളം,സയന്‍സ്,സാമൂഹ്യപാഠം പരീക്ഷ കഴിഞ്ഞപ്പോള്‍ ഞാനായിരുന്നു മുന്നില്‍.കുഞ്ഞികൃഷ്ണന്‍ തൊട്ടു പുറകിലുണ്ട്.കണക്കു പരീക്ഷയുടെ ദിവസം രാവിലെ ഞാന്‍ എത്തിയപ്പോള്‍ കുഞ്ഞികൃഷ്ണന്‍ എന്നെ കാത്തു നില്‍ക്കുന്നുണ്ട്. എന്തോ പറയാന്‍.എന്താണെന്നുള്ള ഭാവത്തില്‍ ഞാന്‍ നോക്കിയപ്പോള്‍ കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. ഇന്ന് ഞാന്‍ നിന്നെ തോല്‍പിക്കും.മറിച്ച് വെല്ലുവിളിക്കാന്‍ എനിക്ക് ധൈര്യമുണ്ടായിരുന്നില്ല.പരീക്ഷ കഴിഞ്ഞ് സ്ലേറ്റില്‍ മാര്‍ക്ക് തെളിഞ്ഞു. എനിക്ക് 45 മാര്‍ക്ക് കുഞ്ഞികൃഷ്ണന് 47 മാര്‍ക്ക്.അങ്ങനെ കുഞ്ഞികൃഷ്ണന്‍ വാക്ക് പാലിച്ചു.വെളുത്ത പല്ലുകള്‍ കാട്ടി അവന്‍ എന്നെ നോക്കി ചിരിച്ചു.അപ്പോള്‍ അവന്‍റെ മുഖത്ത് എന്തെന്നില്ലാത്ത ഒരു സംതൃപ്തി ഞാന്‍ കണ്ടു.എന്നെ പിന്നിലാക്കിയതില്‍ എനിക്ക് വിഷമം തോന്നിയിട്ടുണ്ടാകണം ഞാന്‍ ശരിക്ക് ഓര്‍ക്കുന്നില്ല.
ഉച്ചയ്ക്ക് സ്കൂളില്‍ ഉപ്പുമാവ് ഉണ്ടായിരുന്നു.കുഞ്ഞികൃഷ്ണന് വയറ് നിറച്ച് കഴിക്കാനുള്ള അവസരമാണത്.എനിക്ക് അതിനുള്ള അവസരമില്ലായിരുന്നു.സ്കൂളിലെ ഉപ്പുമാവ് കഴിക്കാന്‍ അമ്മ എന്നെ അനുവദിക്കില്ല.എനിക്ക് ഉച്ചയ്ക്ക് വീട്ടില്‍ ചോറുണ്ണാന്‍ പോകണം.കുട്ടികളിലേറിയ പങ്കും ഉപ്പുമാവിനായി കാത്തിരിക്കുന്നവരാണ്.ഉച്ചയ്ക്ക് നാലാം പീര്യേഡ് കഴിഞ്ഞ് തുടര്‍ച്ചയായ നാല് ബെല്ലടിക്കോമ്പോഴേക്കും കുട്ടികള് നിരയായി ക്ലാസ്സ് ഭിത്തിയോട് ചേര്‍ന്ന് ഇരിപ്പ് ഉറപ്പിക്കും,ഉപ്പുമാവ് വിളമ്പാനുള്ള കടലാസുമായി തിക്കിയും തിരക്കിയും അവര്‍ അക്ഷമരായി കാത്തിരിക്കും.അങ്ങനെയിരിക്കെ ഒരു ദിവസം മൂന്നാം പിരീഡ് അവസാനിക്കുമ്പോള്‍ മൂന്ന് ബെല്ലടിച്ചതും മിന്നല്‍ പിണര്‍ പോലെ നമ്മുടെ കുഞ്ഞികൃഷ്ണന്‍ ഒരു കടലാസുമായി ഭിത്തിക്കരികില്‍ ഓടിയെത്തി കുത്തിയിരിപ്പായി.ഉച്ചയായി എന്ന് വിചാരിച്ച് കുഞ്ഞികൃഷ്ണന്‍ നാല് ബെല്ലായി എന്ന് തെറ്റിദ്ധരിച്ച് മൂന്ന് ബെല്ലാകുമ്പോള്‍ത്തന്നെ ഉപ്പുമാവിനായി പോയിരുന്നതാണ്.നാല് ക്ലാസ്സില്‍ നിന്നും കൂട്ടച്ചിരി ഉയര്‍ന്നു. പാവം കുഞ്ഞികൃഷ്ണന്‍ ഇളിഭ്യനായി തിരികെ ബെഞ്ചില് വന്നിരുന്നു.ചിരിച്ച് ചിരിച്ച് എന്‍റെ കണ്ണ് നിറഞ്ഞു.എല്ലാവരും നാലാം പീരീഡ് കഴിയുന്നതുവരെ ചിരിച്ചു.അദ്ധ്യപരും കുട്ടികള്‍ ചിരിക്കുന്നത് കണ്ട് ചിരിയില്‍ പങ്കു ചേര്‍ന്നു.തന്നെ നോക്കി ചിരിക്കുന്നവരോട് കുഞ്ഞികൃഷ്ണനും വായ തുറന്ന് ചിരിച്ച് കാണിച്ചു.നാലാം ബെല്ലിന് ശേഷം ഞാന്‍ വീട്ടിലേക്കോടി.അമ്മയോട് ഇക്കാര്യം പറയാന്‍ എനിക്ക് തിടുക്കമായിരുന്നു.എല്ലാം കേട്ട അമ്മ ചിരിച്ചില്ല.അവന് വിശന്നിട്ടായിരിക്കാമെന്ന് മാത്രം പറഞ്ഞു.ഉച്ചയ്ക്ക് ശേഷം ചോറുണ്ട് തിരികെ ചെന്നപ്പോള്‍ കുഞ്ഞികൃഷ്ണന്‍ ക്ലാസ്സ് റൂമിന്‍റെ വാതിലില്‍ നില്‍ക്കു.എനിക്ക് വീണ്ടും ചിരി പൊട്ടാന്‍ തുടങ്ങി.”എന്‍ക്ക് പൈച്ചിറ്റ് രാവ്ലെ കുള്‍ത്തത് കുട്ച്ചിന്‍റ”(എനിക്ക് വിശന്നിട്ടാണ് അങ്ങനെ സംഭവിച്ചത്. രാവിലെ ഒന്നും കഴിച്ചിരുന്നില്ല).രാവിലെ വയറ് നിറയെ പലഹാരം കഴിച്ച് സ്കൂളില്‍ വരുന്ന എനിക്ക് അന്ന് ആ വേദന മനസ്സിലായിരുന്നില്ല.
യു പി സ്കൂളിലെത്തിയപ്പോള്‍ കുഞ്ഞികൃഷ്ണന്‍റെ പഠന നിലവാരം ഒന്നും കൂടി ഉയര്‍ന്നു.വടിവൊത്ത അക്ഷരം കൊണ്ട് കുഞ്ഞികൃഷ്ണന്‍ കോപ്പിയെഴുതി എപ്പോഴും ഗുഡ് വാങ്ങി എന്നെ കാണിക്കും.പക്ഷെ എല്ലായപോഴും എനിക്ക് ഗുഡ് കിട്ടിയിരുന്നില്ല.പിള്ളമാഷ് സന്ധി,സമാസം പഠിപ്പിച്ചപ്പോള്‍,
തന്മ നിര്‍ദ്ദേശികാ കര്‍ത്താ പ്രതിഗ്രാഹികാ കര്‍മ്മ എ,
ഓടു സംയോജികായാം ഹേതു,സ്വാമി ഉദ്ദേശികാ ക്ക് ന്,
ആല്‍ പ്രയോജികയാം ഹേതു ,ഉടെ സംബന്ധികാസ്വദാ ,
ആധാരികാധികരണം, ഇല്‍ കല്‍ പ്രത്യേയമായവ.

പിള്ളമാഷ് ഇത് ഒരു ദിവസം രാവിലെ കാണാപാഠം പഠിക്കാന്‍ പറഞ്ഞു.അടുത്ത ദിവസം പഠിച്ചു കൊണ്ടു വരണമെന്നായിരുന്നു പറഞ്ഞത്.ഞാന്‍ ഉച്ചയ്ക്ക് ചേറുണ്ട് വരുമ്പോഴുണ്ട്,വെറും വയറോടെ ഇരുന്ന കുഞ്ഞി കൃഷ്ണന്‍ ഇത് മന പാഠമാക്കിക്കഴിഞ്ഞിരുന്നു.(യു പി സ്കൂളില്‍ ഉച്ച ഭക്ഷണമില്ല)ഞാന്‍ കേള്‍ക്കെ അവന്‍ ഉച്ചത്തില്‍ ചൊല്ലുകയാണ്.ഞാന്‍ മനസ്സില്‍ വിചാരിച്ചു മാഷ് ക്ലാസ്സില്‍ വരാതിരുന്നാല്‍ മതിയായിരുന്നു.നാളത്തേക്ക് ഞാനും ഇത് പഠിക്കും. ഞാന്‍ അന്ന് സ്കൂള്‍ വിട്ട് കളിക്കാനൊന്നും പോയില്ല.ചെന്ന ഉടനെ പഠിക്കാനിരുന്നു.പക്ഷെ രാത്രി കിടക്കാറായിട്ടും എനിക്ക് പഠിച്ച് കഴിഞ്ഞില്ല.നാളെ സ്കൂളിലെത്തുമ്പോള്‍ ഞാന്‍ കുഞ്ഞികൃഷ്ണന്‍റെ മുമ്പാകെ പരാജയപ്പെടുന്നത് ഓര്‍ത്ത് എനിക്ക് വിഷമം തോന്നി ഞാന്‍ കരയാന്‍ തുടങ്ങി.അമ്മ കാര്യമന്വേഷിച്ചപ്പോള്‍ എന്നെ സഹായിക്കാന്‍ തയ്യാറായി.അമ്മ അടുത്ത് വന്ന് ഇരുന്ന് ഉരുവിട്ട് തന്ന് ഒരു തരത്തില്‍ ഞാന്‍ സംഭവം ഹൃദിസ്ഥമാക്കി.എന്നാലും കുഞ്ഞികൃഷ്ണന്‍ ചൊല്ലുന്നത്ര ലളിതമായി എനിക്ക് ചൊല്ലാന്‍ കഴിഞ്ഞില്ല.ഭാഗ്യത്തിന് അടുത്ത ദിവസം പിള്ളമാഷ് ലീവായിരുന്നു.പിന്നീട് മാഷ് ക്ലാസ്സില്‍ ഇത് ചൊല്ലിക്കാനും മുതിര്‍ന്നില്ല.ഇത്രയും വര്‍ഷമായിട്ടും ഈ സമാസ നിര്‍ണ്ണയ സഹായി ഞാന്‍ മറന്നിട്ടില്ല.കാരണം കുഞ്ഞികൃഷ്ണന്‍റെ കഴിവിനെ മറികടക്കാന്‍ ഞാന്‍ നടത്തിയ ഭഗീരഥപ്രയ്തനം തന്നെ.
ആരോഗ്യത്തിന്‍റെ ചുമതലയുള്ള ഭണ്ടാരി മാഷ് ഒരു ദിവസം എല്ലാവരോടും പല്ല് തുറന്ന് കാണിക്കാന് പറഞ്ഞു.കുഞ്ഞികൃഷ്ണന്‍ പല്ല് കാട്ടിയപ്പോള്‍ മാഷ് പറഞ്ഞു മിടുക്കന്‍.എല്ലാവരും അവരവര്‍ ഉപയോഗിക്കുന്ന ടൂത്ത് പേസ്റ്റിന്‍റെ പേര് പറഞ്ഞു.ബിനാക്ക,മാവില എന്നിങ്ങനെ കുഞ്ഞികൃഷ്ണന്‍ തന്‍റെ പല്ലിന്‍റെ ആരോഗ്യത്തിന്‍റെ രഹസ്യം വ്യക്തമാക്കി -ഉമിക്കരി.
ഹൈസ്കൂള്‍ ക്ലാസ്സിലെത്തിയപ്പോഴേയ്ക്കും കുഞ്ഞികൃഷ്ണന്‍ പഠനത്തില്‍ പിന്നോക്കം പോകാന്‍ തുടങ്ങി ഒരുഘട്ടത്തില്‍പോലും കുഞ്ഞികൃഷ്ണന് എന്‍റെ അടുത്ത് എത്താന്‍ പറ്റിയില്ലെന്നല്ല ക്ലാസ്സിലെ മിക്ക കുട്ടികളും കുഞ്ഞികൃഷ്ണനെ ബഹുദൂരം പിന്നിലാക്കി.കാര്യമായ എന്തോ കുഴപ്പമുണ്ടെന്ന് എനിക്ക് തോന്നി.എന്‍റെ മാത്സര്യം സഹതാപമായി മാറി.ചോദിച്ചപ്പോള്‍ കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.അമ്മക്ക് സുഖമില്ല.വൈകിട്ട് വീട്ടിലെത്തിയിട്ടും പണിക്ക് പോണം,അവധി ദിവസങ്ങളിലും പണിക്ക് പോണം.എനിക്ക് പഠിക്കാന്‍ സമയം കിട്ടുന്നില്ല.ക്ലാസ്സിലെ കുഞ്ഞികൃഷ്ണന് മുന്നിലെത്തിയ എല്ലാവര്‍ക്കും തന്നെ ട്യൂഷന്‍ ഉണ്ടായിരുന്നു.പാവം കുഞ്ഞികൃഷ്ണനാവട്ടെ വായിക്കാന്‍ പോ‍ലും സമയമില്ല.എസ് എസ് എല്‍ സി പരീക്ഷയില്‍ കുഞ്ഞികൃഷ്ണന് സെക്കന്‍റ് ക്ലാസ്സിന് കുറച്ച് മാര്‍ക്ക് കുറവ്.കോളേജില്‍ ആര്‍ട്സ് ഗ്രൂപ്പില്‍ കുഞ്ഞികൃഷ്ണനെ കണ്ടെങ്കിലും ഇടയ്ക്ക് വെച്ചെപ്പോഴോ കുഞ്ഞികൃഷ്ണന്‍ പഠനം നിര്‍ത്തി.
പിന്നീട് ഒരുപാട് നാളുകള്‍ക്ക് ശേഷം കുഞ്ഞികൃഷ്ണന്‍ എന്‍റെ വീട്ടില്‍ വന്നു.ഒരു സന്തോഷ വാര്‍ത്തയുമായിട്ടാണ് വന്നത്.നാണം കുണുങ്ങിയ ചിരിയുമായി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു എന്‍റെ കല്യാണമാണ് വരണം.വീട്ടില്‍ പ്രായമായ അമ്മ മാത്രമെ ഉള്ളൂ.ഞാന്‍ കൂലിപണിയ്ക്കു പോകുന്നു.അമ്മയ്ക്ക് ഒരു കൂട്ട് വേണം.ഞങ്ങള്‍ കുറേ സുഹൃത്തുക്കള്‍ കല്യാണത്തിന് പോയി.
പിന്നീട് ഒരു ദിവസം കുഞ്ഞികൃഷ്ണന്‍ വീട്ടില്‍ വന്നു.കുഞ്ഞിനെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യണം കൈയ്യില്‍ കാശില്ല .നീ ഒര് അഞ്ഞൂറ് രൂപ തരണം.ഞാന്‍ രൂപ കൊടുത്തു.ചായ കുടിച്ച് വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ കുഞ്ഞികൃഷ്ണന്‍ പറഞ്ഞു അടുത്ത തിങ്കളാഴ്ച തരാം ട്വോ...പിന്നീട് കുഞ്ഞികൃഷ്ണന്‍ തിരികെ കണ്ടിട്ടില്ല.ജീവിതത്തിലെ പ്രരാബ്ധവും പേറി കുഞ്ഞികൃഷ്ണന്‍ എവിടെയെങ്കിലും ഉണ്ടാകും.
ഇപ്പോള്‍ ഞാന്‍ ഓര്‍ക്കുകയാണ്.കഴിവുണ്ടായിട്ടും ജീവിത സാഹചര്യങ്ങളുമായി മല്ലിട്ട് മുന്നേറുമ്പോള്‍ കാലിടറി വീണ പലരില്‍ ഓരാള്‍ മാത്രമാണ് കുഞ്ഞികൃഷ്ണന്‍.അനുകൂല സാഹചര്യങ്ങള്‍ മുതലെടുത്ത് പലരുംമുന്നേറി.പലരും മുന്നിലെത്തി.പക്ഷെ ഒരു സ്വാഭാവിക പ്രതിഭയെ കണ്ടെത്തി പ്രോത്സാഹിപ്പിച്ച് മുന്നിലെത്തിക്കുന്നതില്‍ നമ്മുടെ സമൂഹവും അധികൃതരും ഇവിടെ പരാജയപ്പെട്ടു.വിദ്യാഭ്യാസം ഒരു വ്യവസായമായി മാറിക്കഴിഞ്ഞ ഇക്കാലത്ത് ഇത്തരത്തിലുള്ള എത്രയോ പ്രതിഭകള്‍ പിന്നരങ്ങില്‍ ഒതുങ്ങിപോകുന്നുണ്ടാകാം.ഞാനുള്‍പെടെയുള്ള സമൂഹത്തിന് കുഞ്ഞികൃഷ്ണനോട് ബാദ്ധ്യതയുള്ളപ്പോള്‍ എന്‍റെ വെറും 500 രൂപയുടെ ബാദ്ധ്യത വീട്ടേണ്ട ഒരു കാര്യവും കുഞ്ഞികൃഷ്ണനില്ല.

1 comment:

  1. Sir,
    Great work & keep it up. I have a suggetion for you. Pls activate the option to follow ur blog by e-mail, so tht followers can receive updates from ur blog in their inboxes.
    You can search about activating this option in "blogger help"

    ReplyDelete