Monday, May 9, 2022

വൈകിയ നേരത്ത്

വൈകിയ നേരമാണിത്,

നഷ്ടങ്ങൾ തിരിച്ചെടുക്കാൻ,

ഏറെ വൈകി,

പലതും കൈവിട്ടു പോയിട്ടുണ്ട്,

തിരിച്ചെടുക്കാൻ കഴിയാത്ത വിധം,

വൈകിയിട്ടേ ഉള്ളൂ

വൈകുന്നേരമായിട്ടേ ഉള്ളൂ

സന്ധ്യ മയങ്ങിയിട്ടില്ല

ഇരുളണഞ്ഞിട്ടില്ല

സന്ധ്യമയങ്ങും മുന്നേ

ഇരുളണയും മുന്നേ 

ചിലത് തിരിച്ചെടുക്കാം

മറ്റു ചിലതിനെ നീട്ടിയെടുക്കാം.

വൈകിയെങ്കിലും

ഇരുട്ടായില്ല ....

പ്രകാശകിരണങ്ങൾ

മങ്ങലേറ്റതെങ്കിലും

എരിഞ്ഞൊടുങ്ങിയിട്ടില്ല.

പൊയ്മുഖങ്ങൾ

 സാർ...

അൽപ്പം മയ'ക്കത്തിലായിരുന്ന ഞാൻ കണ്ണു തുറന്ന് നോക്കി. 

പിടി കിട്ടുന്നില്ല.ഒന്നുകൂടി തെളിച്ചു നോക്കി. 

എൻ്റെ മുഖത്ത് വിരിഞ്ഞ നിസ്സഹായതയുടെ ചെറുപുഞ്ചിരിയിൽ നിന്നും ആൾ കാര്യം മനസ്സിലാക്കി. 

സാർ ഞാൻ കുഞ്ഞിരാമൻ.... 

കണ്ണും കാതും തലച്ചോറും തമ്മിൽ ബന്ധിപ്പിക്കുന്ന സൂക്ഷ്മ നാഡികൾ ഒരു ഞെട്ടലോടെ എന്നെ ഓർമ്മപ്പെടുത്തി.ഞാൻ സ്ഥിരം കാണുകയും സംസാരിക്കുകയും ചെയ്യുന്ന കുഞ്ഞിരാമൻ്റെ മാസ്കില്ലാത്ത മുഖം എനിക്ക് തിരിച്ചറിയാൻ കഴിയാത്തതാണ് കാര്യം. 

കൊറോണാ കാലത്ത് പരിചയപ്പെട്ട കുഞ്ഞിരാമൻ സർക്കാർ ആരോഗ്യ വകുപ്പ് നിർദ്ദേശങ്ങളെ  ശിരസാവഹിച്ച് വളരെ കൃത്യമായി മാസ്ക് ധരിക്കുന്ന ഒരു ഉത്തമ പൗരനാണ്. എൻ്റെ മനസ്സിൽ പതിഞ്ഞിട്ടുള്ള കുഞ്ഞിരാമൻ്റെ ചിത്രത്തിൽ മാസ്കും ഒരഭിവാജ്യ ഘടകമായിരുന്നു. 

മാസ്ക് നിർബന്ധമല്ലെന്ന നിർദ്ദേശം വന്നതോടെ കുഞ്ഞിരാമൻ അതൊഴിവാക്കി.അത്രയും കാലം മാസ്ക് മറച്ചിരുന്ന കുഞ്ഞിരാമൻ്റെ മുഖത്തിൻ്റെ അംശം കുഞ്ഞിരാമന് വേറിട്ട പരിവേഷമാണ് നൽകുന്നത്. 

ഇത് കുഞ്ഞിരാമൻ്റെ മാത്രം വിഷയമല്ല. മൂക്ക്, താടി, ചുണ്ട്, പല്ല്, ചിരി മുതലായുടെ സൗന്ദര്യവും സൗന്ദര്യമില്ലായ്മയും ഇരുപത്തഞ്ച് രൂപയുടെ മാസ്ക് വയ്ക്കുന്നതിലൂടെ ഉണ്ടാക്കുന്ന മാറ്റങ്ങൾ ചില്ലറയല്ല. 

ഇതൊരൊറ്റ പെട്ട സംഭവമായി എനിക് തോന്നിയിട്ടില്ല. 

അവിവാഹിതനായ സദാനന്ദൻ വക്കീലിനും ഇതേ പറ്റുപറ്റി. അദ്ദേഹം ഒരു സർക്കാർ ഉദ്യോഗസ്ഥയെ കണ്ട് മോഹിക്കുകയും എന്നോട് വിശദ വിവരങ്ങൾ അന്വേഷിക്കാൻ ഏൽപ്പിക്കുകയും ചെയ്തു.സദാനന്ദൻ്റെ മനസ്സ് കീഴടക്കിയ സുന്ദരിയെ തേടി ഞാനെത്തിയത് എൻ്റെ ഓഫീസിന് സമീപത്തുള്ള ഓഫീസിലാണ്. ആളെ കണ്ടപ്പോൾ സദാനന്ദനെ കുറ്റം പറയാൻ കഴിഞ്ഞില്ല. ചഞ്ചലാക്ഷിയെന്ന പേര് അന്വർത്ഥമാക്കും വിധം നല്ല മനോഹരമായ കണ്ണുകളുള്ള സ്ത്രീ. കൂടുതലൊന്നും അന്വേഷിച്ചറിയാൻ കഴിഞ്ഞില്ലെങ്കിലും  ലഭ്യമായ വിവരങ്ങൾ സദാനന്ദനെ അറിയിച്ചപ്പോൾ ആ കണ്ണുകൾ തന്നെയാണ്  സദാനന്ദനെ ആകർഷിച്ചതെന്ന് ഞാൻ മനസ്സിലാക്കി. കൂടുതൽ കാര്യങ്ങൾ ഏതു വിധേനയും ചോദിച്ചറിയാമെന്ന് ഞാൻ ഉറപ്പു നൽകി. 

എന്നാൽ തൊട്ടടുത്ത ദിവസം തന്നെ സദാനന്ദൻ തൻ്റെ ക്ഷണികമായ പ്രണയം തകർന്ന കാര്യം എന്നെ അറിയിച്ചു.പരവശ വിവശനായ സദാനന്ദൻ ചഞ്ചലാക്ഷിയെ പിന്തുടർന്നെത്തിയത് റെയിൽവെ സ്റ്റേഷനിലെ റ്റീ സ്റ്റാളിൽ. അവിടെ മാസ്ക് ഊരിയെടുത്ത് ചായ കുടിച്ചു കൊണ്ടിരുന്ന ചഞ്ചലാക്ഷിയുടെ മുഖം ഒരു വലിയ ഞെട്ടലോടെയാണ് സദാനന്ദൻ കണ്ടത്. തന്നെക്കാൾ പത്ത് വയസ്സെങ്കിലും കുടുതൽ വയസ്സുള്ള സ്ത്രീയോട് തനിക്ക് പ്രണയം തോന്നിയതിൽ സദാനന്ദൻ കുറ്റം പറഞ്ഞത് മാസ്കിനെയാണ്. 

രോഗ പ്രതിരോധത്തിൻ്റെ മറയിൽ ഇങ്ങനെ എന്തൊക്കെ കുസൃതികളാണ് ഈ മാസക് ഒപ്പിക്കുന്നത്.

പിന്നെ എന്നും ഷേവ് ചെയ്യേണ്ട, മീശ രോമങ്ങളിലെ വെള്ളി വരകൾ കറുപ്പിക്കേണ്ട, ഇഷ്ടമില്ലാതെ ആരെയും ചിരിച്ച് കാണിക്കേണ്ട. കാഴ്ചക്കാരൻ്റെ ഭാവനയ്ക്കൊത്ത് നമ്മുടെ മുഖം അവരുടെ മനസ്സിൽ  തെളിഞ്ഞു കൊള്ളും. 

ഈയിടെ സഹയാത്രികനായി വന്ന ജലീൽ അപരിചിതത്വം ഭാവിച്ചത് എന്നെ വിഷമിപ്പിച്ചുവെങ്കിലും എന്നെ പരിചയപ്പെടുത്താൻ ഞാൻ പോക്കറ്റിലുണ്ടായിരുന്ന മാസ്ക് പുറത്തെടുക്കുകയും ധരിച്ച് കാണിക്കുകയും ചെയ്തതോടെ ജലീൽ എന്നെ തിരിച്ചറിഞ്ഞത് മറ്റൊരു തമാശ. 

ഇതൊക്കെയാണെങ്കിലും ജാഗ്രത ഒഴിവാക്കേണ്ട.സാമൂഹിക അകലവും  മാസ്കുമൊന്നും ഒഴിവാക്കേണ്ട. കരുതലോടെ നീങ്ങാം. ദുരിതങ്ങൾക്കൊപ്പം ആശ്വാസത്തിന് ചില തമാശകൾ കാലം നമുക്കായി കാത്തു വച്ചിട്ടുണ്ടാകാം...

ഭക്ഷ്യ സുരക്ഷ

 ഭക്ഷ്യ സുരക്ഷ ഒരിക്കൽക്കൂടി ചർച്ചയ്ക്ക് വിധേയമാകുന്നു. കാലം ഇടയ്ക്കിടയ്ക്ക് എല്ലാം ഓർമ്മപ്പെടുത്തും.ഇത്തവണ ഓർമ്മപ്പെടുത്തൽ അത്യന്തം വേദനാജനകമായി.നിസ്സഹായതയോടെ കണ്ടു നിൽക്കാനല്ലാതെ എന്താണ് ചെയ്യാൻ കഴിയുക. ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി ജീവൻ വെടിയേണ്ടിവന്ന പ്രശ്നം ഉയർത്തുന്ന ചോദ്യങ്ങൾ മറ്റെല്ലാ ചോദ്യങ്ങൾ പോലെയും കുറച്ച് ദിവസങ്ങൾക്കകം ഉത്തരം കിട്ടാതെ വിസ്മൃതിയിൽ മറയാതിരിക്കട്ടെ. 


ഓരോ നേരവും വീട്ടിൽ പാകം ചെയത് കഴിക്കുന്ന ഭക്ഷണം പോലും സുരക്ഷിതമല്ലെന്നിരിക്കെ മനുഷ്യത്വത്തിന് മേലെ കച്ചവട തന്ത്രങ്ങളുടെ കരാളഹസ്തം പിടിമുറുക്കുമ്പോൾ പുറമേ നിന്ന് കഴിക്കുന്ന ഭക്ഷണം എത്രത്തോളം സുരക്ഷിതമായിരിക്കും? നൽകുന്ന ഭക്ഷണത്തിൻ്റെ സുരക്ഷിതത്വം ചോദ്യപ്പെടുന്നത് കഴിക്കുന്നയാളുടെ ശരീരം പെട്ടെന്ന് പ്രതികരിച്ചാൽ മാത്രമാണ്. ശരീരത്തിൻ്റെ ആന്തരിക കലകളെ ഇഞ്ചിഞ്ചായി നശിപ്പിച്ച് കാലക്രമത്തിൽ മനുഷ്യ ശരീരത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ ചോദ്യം ചെയ്യപ്പെടുന്നില്ല. കാരണം അപ്പോൾ ചോദിക്കാൻ ചോദ്യകർത്താക്കൾ ജീവിച്ചിരിപ്പുണ്ടാവില്ല, അല്ലെങ്കിൽ ജീവച്ഛവങ്ങളായി മാറിയിരിക്കും. 


പ്രതികരിക്കുന്നവരെ ഒറ്റപ്പെടുത്താൻ എളുപ്പമാണ്. മനുഷ്യൻ്റെ ചുരുങ്ങിയ ആയുസ്സ് ആസ്വദിക്കാനുള്ളതാണെന്നതാണ് ഏറ്റവും മഹത്തായ വാദഗതി.ഭക്ഷണ കാര്യങ്ങളിൽ ശ്രദ്ധാലുക്കൾ പാണ്ടി ലോറിയിടിച്ച് കൊല്ലപ്പെടുന്നില്ലേ എന്നത് ന്യായീകരണ ചോദ്യം. 


പുറമേ നിന്ന് ഭക്ഷണം കഴിക്കുന്നത് അന്തസ്സിൻ്റെയും ആഭിജാത്യത്തിൻ്റെയും ഭാഗമായി കണക്കാക്കപ്പെടുന്നു. കച്ചവട നെറ്റ്വർക്കിംഗ് ഇതൊക്കെ ഈ നിലയിലേക്ക് എത്തിച്ചു. 

പരസ്യങ്ങളിലും സിനിമയിലും കണ്ടു വരുന്ന ഭാര്യയുടെ അടുക്കളയിലെ ജോലിഭാരം കുറയ്ക്കാൻ പുറമേ നിന്ന് ഭക്ഷണം വാങ്ങാൻ തയ്യാറാകുന്ന സ്നേഹനിധിയായ ഭർത്താവും കുട്ടികളുടെ ആഗ്രഹങ്ങളെ മാനിച്ചു കൊടുക്കുന്ന പിതാവിൽ നിന്നും അകലം പാലിക്കാൻ അധികമാർക്കും ആകില്ല. സന്തോഷ നിമിഷങ്ങൾക്ക് കൊടുക്കേണ്ടി വരുന്നത് വലിയ വിലയാണ്. 


വഴിയോരത്തെ ഉപ്പിലിട്ട നെല്ലിക്കയ്ക്കു പോലും പ്രത്യേക രുചിയാണ്.വീട്ടിൽ നെല്ലിക്ക ഉപ്പിലിട്ട് തിന്നാൽ ആ ടേസ്റ്റ് കിട്ടില്ല.മനുഷ്യൻ്റെ രസമുകുളങ്ങളെ ഉദ്ദീപിപ്പിക്കുന്നത് പാചകക്കാരൻ്റെ കൈ പുണ്യത്തിലുപരി അപകടകാരികളായ രാസപദാർത്ഥങ്ങളാണെന്ന് അറിയാഞ്ഞിട്ടാണോ. 


പച്ചക്കറികളും ,ഭക്ഷ്യവസ്തുക്കളും, മീനും, മാംസവുമൊക്കെ വിഷലിപ്തമാണ്.കുടുംബാംഗങ്ങളുടെ സുരക്ഷയ്ക്കായി ഇത്തരം ഭക്ഷ്യപദാർത്ഥങ്ങൾ ഉപയോഗിക്കുമ്പോൾ വീട്ടുകാർ കാണിക്കുന്ന ശ്രദ്ധ ഒരു ഹോട്ടലിലെ പാചകക്കാരൻ കാണിക്കുമെന്ന് തെറ്റിദ്ധരിച്ചാൽ അവർക്ക് തെറ്റി. 


എല്ലാ അവകാശങ്ങളും സംരക്ഷിക്കാൻ ഇവിടെ പേരിനെങ്കിലും നിയമമുണ്ട്. ഭൂമിയിൽ ജനിച്ചു വീഴുന്ന മനുഷ്യൻ്റെ ആരോഗ്യപരമായ ഭക്ഷണം കഴിക്കുന്നതിനുള്ള അവകാശം സംരക്ഷിക്കപ്പെടേണ്ടതല്ലേ.സർവ്വത്ര മായം, വിഷം പുരണ്ട ഭക്ഷ്യവസ്തുക്കൾ, ഇവ സ്വീകരിക്കാൻ നിർബന്ധിതരാകുന്ന നിസ്സഹായരായ ജനതയോട് ശരിക്കും സഹതാപം തോന്നുന്നു.എല്ലാം അറിഞ്ഞു കൊണ്ടു തന്നെ ചതിയുടെ മായാവലയത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്ന അബാല വ്യദ്ധം ജനങ്ങൾ. 


ഒരു ദുരന്തം സംഭവിക്കുമ്പോൾ കണ്ണീരൊഴുക്കാനും, കട തല്ലി തകർക്കാനും ഇവിടെ ആളുകളുണ്ട്. വഴിയോരങ്ങളിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന എത്രയെത്ര തട്ടുകടകളുണ്ട്. അവയ്ക്ക് ലൈസൻസോ നിയമങ്ങളോ ബാധകമല്ല.പിന്നെയെങ്ങിനെ അംഗീകൃത കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലകൾ നിയമ വിധേയമാകും. ചുരുക്കം ചില ഭക്ഷണശാലകളിൽ ഇപ്പോൾ അധികൃതരുടെ ലൈസൻസ് കാണാൻ കഴിയും. ബാക്കി നിയമത്തിൻ്റെ പരിധിയിലേ വരാത്തതാണ് ഏറിയ പങ്കും ഭക്ഷണശാലകൾ. ഇവയൊന്നും പരിശോധനയ്ക്ക് വിധേയമാകുന്നില്ല. ഹോട്ടലുകളുടെ അകത്തളങ്ങൾ വെറുതേ ഒന്നു പരിശോധിച്ചാൽ മതിയാകും എത്ര വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് അവിടെ ഭക്ഷണം പാകം ചെയ്യപ്പെടുന്നത് എന്ന്. 


ഇതൊക്കെ കുറേ പേരുടെ ജീവിതോപാധിയാണെന്നത് അവർക്ക് പൊതു നിയമങ്ങൾ ബാധകമല്ല എന്ന് അർത്ഥമാക്കേണ്ടതില്ല.മെഡിക്കൽ ഷോപ്പ് നടത്താൻ ഫാർമസി പാസായ ക്ഷമതയുള്ള ഒരു വ്യക്തിയുടെ സാന്നിദ്ധ്യം ആവശ്യമുണ്ടെന്നതു പോലെ ഭക്ഷണം വിതരണം നടത്താനും അടിസ്ഥാനപരമായ ഒരു യോഗ്യത നിശ്ചയിച്ചാലും കുഴപ്പമില്ല. വിഭവങ്ങൾ തയ്യാറാക്കുമ്പോൾ രുചിയോടൊപ്പം ശുചിത്വം, മാലിന്യ സംസ്കരണം, പദാർത്ഥങ്ങൾ മായ വിഷ മുക്തവും ആവേണ്ടത്, രുചി കൂട്ടായി ഉപയോഗ്ക്കാവുന്നതും ഉപയോഗിക്കാൻ പാടില്ലാത്തതുമായ വസ്തുക്കൾ എന്നിവയിലെ അടിസ്ഥാനപരമായ അറിവ് ഒരു ഭക്ഷണശാലയിലെ നടത്തിപ്പ് കാരന് അനിവാര്യമാണ്. മനുഷ്യൻ്റെ ജീവന് ഭീഷണിയാകുന്ന രീതിയിലുള്ള നടത്തിപ്പുകൾ ക്രിമനൽ കുറ്റങ്ങളായി കരുതണം. 


ഭക്ഷ്യ സുരക്ഷയ്ക്കായി ആത്മാർത്ഥമായ ഇടപെടൽ നടത്തിയ ചില ഉദ്യോഗസ്ഥരുടെ അനുഭവം നമുക്കറിയാം.എല്ലാ കോണിൽ നിന്നുമുള്ള വെല്ലുവിളി അവർ അതിജീവിക്കേണ്ടി വരും. കണ്ണടയ്ക്കുന്നതാണ് അതിലും ഭേദമെന്ന് അവർ വിചാരിച്ചാൽ തെറ്റുപറയാൻ കഴിയില്ല. അവരെ തളർത്തുന്ന വിധത്തിലുള്ള ബാഹ്യ ഇടപെടൽ ഉണ്ടാവരുത്. എല്ലാ നിയമങ്ങളും പൊതു നന്മയെ മുൻനിർത്തി മാത്രമാണ് രൂപപെട്ട് വരുന്നത്.നിയമനിർമ്മാതാക്കൾ തന്നെ നിയമ നിർവ്വഹണ ഘട്ടത്തിൽ അവയിൽ സ്വാർത്ഥതയുടെ മേമ്പൊടി കലർത്തുന്നത് ഒരു തുടർക്കഥയാകുകയാണ്.നിയമ പരിരക്ഷയ്ക്ക് മുഖം നോക്കാതെ നടപടിയെടുക്കാൻ കഴിയണം. 


കേരളത്തിലുടനീളം ഒറ്റ ഒരു അംഗീകൃത അറവ് ശാല മാത്രമേ ഉള്ളൂ എന്നത് പരസ്യമായ രഹസ്യമാണ്. എന്നിട്ട് മാംസത്തിനൊട്ടൊരു ക്ഷാമവും നാട്ടിലില്ല. 


പലരും പല സമ്മർദ്ദ തന്ത്രങ്ങളിലൂടെ അവരവരുടെ കാര്യങ്ങൾ നേടിയെടുക്കുമ്പോൾ മനുഷ്യൻ്റെ കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ച് പോകുന്നത് കണ്ടില്ലെന്ന് നടിക്കാൻ കഴിയുമോ ? 


നാടോടുമ്പോൾ നടുവേ ഓടണമെന്ന മനസ്ഥിതിയിൽ നിന്നും വേറിട്ട് ചിന്തിക്കണമെന്ന് പറയുന്നത് തിരിഞ്ഞോടണമെന്ന പിന്തിരിപ്പൻ ആശയങ്ങളായി തോന്നാമെങ്കിലും ചില മേഖലയിലെങ്കിലും ചില തിരുത്തലുകൾ അനിവാര്യമാണ്. പട്ടിണി ഒരു പ്രശ്നമായിരുന്ന ഗതകാലമുണ്ടായിരുന്നു.പട്ടിണിയെ അതിജീവിച്ച മനുഷ്യൻ പുതിയ കുരുക്കിൽ പെട്ടിരിക്കുകയാണ്. സുരക്ഷിതമായ ഭക്ഷണം ഇന്ന് അവന് അന്യമാണ്. 


കാര്യങ്ങൾ കൈവിട്ട ഒരു ഘട്ടത്തിലെത്തിയിരിക്കുന്ന ഈ വേളയിൽ വൈകിയെങ്കിലും വിവേകം ഉദിച്ചെങ്കിൽ മനുഷ്യൻ്റെ യാത്ര അൽപ്പ ദൂരമെങ്കിലും കുട്ടിയെടുക്കാം.

Sunday, May 9, 2021

കെട്ട കാലം

 കെട്ട കാലമെന്ന് കരുതി 

നിന്നെ

ഒട്ടുമേ തഴയുകയില്ല ഞാൻ.

വിട്ടകലുന്ന വേളയിൽ 

ഒട്ടു വിഷമത്തോടെ  

കഷ്ടതകൾ തൻ 

ഞെട്ടലുകളയവിറക്കുന്നു.

തൊട്ടുകൂടാതെ 

തീണ്ടാതെ യെത്ര നാൾ 

ഒത്തു കൂടാതെ ഏകാന്തവാസരേ മുക്തമോദാലീ ഹൃസ്വ ജീവനം 

ഒട്ടുമേ യാസ്വദിച്ചീടാതെ 

ചുറ്റുവട്ടത്തെ മറന്നുള്ള ജീവനം 

ഒട്ടുമേയിനി പറ്റുകില്ലെന്നു  തിട്ടപ്പെടുത്തണമുള്ളിലെല്ലാവരും.

മട്ടുമാറി നീ ഇനിയും 

എത്തീടാമെന്ന ശങ്കയോടെ ഞാൻ ഇഷ്ട ജനതയ്ക്ക് നേരുന്നു ഭാവുകം.....

ചില തോന്നലുകൾ..

 ചിലപ്പോൾ തോന്നും 

തുടങ്ങിയിട്ടേ ഉള്ളു എന്ന്,


ചിലപ്പാൾ തോന്നും 

ഇനിയുമേറെ ദൂരമുണ്ടെന്ന്,

ചിലപ്പോൾ തോന്നും 

എല്ലാം കഴിയാറായി എന്ന്  ...

സേവനം - ഒരു വർഷം കൂടി .

 ഇന്നേയ്ക്ക് കേരള സർക്കാർ ഉദ്യോഗം ഇരുപത്തിനാലു വർഷം  തികഞ്ഞു.

കാസറഗോഡ് ചിന്മയാ മിഷൻ സ്കൂളിൽ അദ്ധ്യാപകനായിരിക്കെയാണ്.ഒരു കോംപൗണ്ട് അപ്പുറത്തുള്ള സിവിൽ സ്റ്റേഷനിലെ ഗ്രാമവികസന വകുപ്പിലെ  ക്ലാർക്കുദ്യോഗം കിട്ടുന്നത്.ജീവിതത്തിലെ ഏറ്റവും സംഘർഷഭരിതമായ കാലത്ത് ഏറെ ആശ്വാസദായകമായി ലഭിച്ച ജോലി.പലരും പറഞ്ഞു ഇതൊരു തുടക്കം മാത്രമാണ് ഇത് ഉയരങ്ങളിലേയ്ക്കുള്ള ചവിട്ടു പടിയാണെന്നും.അസിസ്റ്റൻറ് ഡവലപ്മെൻറ് കമ്മീഷണർ ശ്രീ രാമൻ സാറിൻറെ മുന്നിൽ റിപ്പോർട്ട് ചെയ്തപ്പോൾ സന്തോഷത്തിന് അതിരില്ലായിരുന്നു.അപ്രധാനമായ തപാൽ സെക്ഷനായതിനാൽ തെല്ലു വിഷമമുണ്ടായിരുന്നു.എന്നാൽ ആറു മാസത്തിനകം ജില്ലയിലെ എസ്റ്റാബ്ലിഷ്മെൻറ് സീറ്റിലെത്തി.1995 ലെ ആദ്യ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ റിടേണിംഗ് ഓഫീസറുടെ സ്റ്റാഫ് എന്ന നിലയിൽ നിർണ്ണായകമായ പങ്ക് വഹിക്കാനായി.ജില്ലാ കളക്ടറേറ്റിലായതിനാൽ ഫയൽ നടപടിക്രമങ്ങൾ പഠിച്ചെടുക്കാനായി.സത്യജീത്ത് രാജൻ ഐ എ എസ് അവർകളിൽ നിന്ന് 1998 ൽ ലഭിച്ച ഗുഡ് സർവ്വീസ് എൻട്രി  ആണ് അന്നു മുതൽ ഇന്നു വരെ സേവനത്തിന്  ലഭിച്ച ഏക ഔദ്യോഗിക അംഗീകാരം.

2003 ലാണ് പഞ്ചായത്ത് സെക്രട്ടറിയുടെ വെല്ലവിളികൾ ഏറ്റെടുത്തത്.പതിനാല് വർഷം നീണ്ട സെക്രട്ടറി തസ്തികയിലെ ജോലിയിൽ മുഴുവൻ സമയം പിടിച്ചു നിൽക്കാനായതിലും അത്യന്തം വെല്ലു വിളികളുയർത്തുന്ന പഞ്ചായത്തുകളിൽ പ്രവർത്തിക്കാനായതിലും അഭിമാനിക്കുന്നു.ആ തസ്തികയിൽ എന്നെ കൊള്ളില്ല എന്ന് പലരും അഭിപ്രായപ്പെട്ടെങ്കിലും ജനങ്ങളിൽ നിന്ന് കിട്ടിയ അംഗീകാരങ്ങളും നല്ല സഹപ്രവർത്തകരുടെ നിസ്സീമമായ പിൻബലവും എന്നെ  അതിന് പ്രാപ്തനാക്കി. 

പെർഫോമൻസ് ഓഡിറ്റിൽ എത്തി നിൽക്കുന്ന സേവനം ഇനിയങ്ങോട്ട് എങ്ങനെയായിരിക്കും എന്നതിൽ അവ്യക്തത നിലനിൽക്കുന്നു. പ്രമോഷനുകൾ വഴിമുട്ടിയ അസാധാരണ സാഹചര്യമുള്ള വകുപ്പ്,മുപ്പതു വർഷങ്ങൾക്ക് ശേഷം അതേ തസ്തികയിൽ നിന്ന്  സേവന നിവൃത്തരാകുന്ന പഞ്ചായത്ത് സെക്രട്ടറിമാർ ഒരു പക്ഷെ ഈ ദുനായാവിൽ തന്നെ മറ്റെവിടെയും ഇല്ലാത്ത സാഹചര്യമാണ്. പടവുകൾ ചവിട്ടിമുന്നേറുന്നതും മാറ്റങ്ങളും ചലനാത്മകതയുടെ ലക്ഷണമാണ്.മറിച്ചാകുന്നത് മുരടിപ്പാണ്.

ഇനിയങ്ങോട്ട് എന്താണെന്നുള്ളതിൽ അവ്യക്തതയുണ്ട്.വകുപ്പ് സംയോജനം, പരിമിതമായ പ്രൊമോഷൻ സാദ്ധ്യത ഇതൊക്കെ മുന്നിലുണ്ട്.ഇനിയുള്ള കാലത്ത് ധനാത്മകമായ മാറ്റങ്ങൾ ഉണ്ടാകുമെന്നും കൂടുതൽ മെച്ചപ്പെട്ട സേവനം കാഴ്ചവച്ച് മികച്ച നിലയിൽ തന്നെ സേവനം അവസാനിപ്പിക്കാനാകുമെന്നും പ്രത്യാശിക്കുന്നു.

തുപ്പി തോൽപ്പിക്കുനവർ....

 കൊറോണ മഹാമാരിയുടെ ഫലസ്വരൂപമായി തുപ്പൽ എന്ന ശീലം എന്നെന്നേക്കുമായി പമ്പ കടക്കുമെന്ന് കരുതിയിരുന്നവർക്ക് തെറ്റി.


ബൈക്കിലൂടെ പറന്നു നടക്കുമ്പോൾ പിൻ സീറ്റിലുള്ള ചങ്ങായിക്ക് അൽപ്പമൊന്ന് ചെരിഞ്ഞ് മാസ്ക് ഒന്നു താഴ്ത്തി തുപ്പിയേ മതിയാകൂ.നല്ല വേഗതയുള്ള വാഹനത്തിൽ നിന്ന് പുറപ്പെടുന്ന തുപ്പൽ കണികൾ വഹിക്കുന്ന അണുക്കൾക്കും നല്ല പ്രവേഗം ലഭിക്കുന്നു.

ബ്ലോക്കായി കാറൊരൽപ്പനേരം വഴിവക്കിൽ നിർത്തിയപ്പോഴാണ് ഒരു സേട്ടന് കലശലായ തുപ്പൽ മുട്ടുന്നത്.ഗ്ലാസ്സ് താഴ്ത്തി വായുവിലൂടെ ജലകണികകൾ വർഷിക്കുന്നതിനിടയിൽ അടുത്ത വാഹനത്തിലെ യാത്രക്കാർ ഒന്നിരുത്തി നോക്കിയാൽ തനിക്കെന്താടോ ഞാൻ തുപ്പിയാൽ എന്ന ഭാവത്തിൽ സേട്ടൻ ഗ്ലാസ്സ് പൊക്കും.

മറ്റൊരു വിരുതൻ ശീലത്തിനടിമയാണ് ആമ വേഗത്തിൽ നീങ്ങുന്ന ബസ് ഓരോ സ്റ്റോപ്പ് വിടുമ്പോഴും അദ്ദേഹത്തിന് തുപ്പൽ കണികകൾ തളിച്ച് ഭൂമിയെ ധന്യമാക്കണം.തുപ്പുന്നതു കണ്ടാലറിയാം വലിയ ആവശ്യമൊന്നുമുണ്ടായിട്ടല്ല.

തുടർച്ചയായി മുന്നിലിരുന്ന് തുപ്പുന്ന ഒരാളെ ചുമലു തട്ടി തടഞ്ഞപ്പോൾ "ഇയാള് ഏത് നാട്ടുകാരനാ...... " എന്ന മട്ടിൽ ഒരു നോട്ടം നോക്കിയപ്പോൾ ഞാനൊന്നു ചൂളിപോയി: ദേഷ്യം പിടിച്ച് അടുത്ത തുപ്പൽ നമ്മുടെ മേൽക്കായാൽ പണി പാളുമെന്ന് ഞാൻ ഭയന്നു.സംഭവം കണ്ട് ഒന്നു രണ്ടു പേർ ഞാനെന്താണ് പറഞ്ഞതെന്ന് അയാളോട് ചോദിക്കുന്നതു കേട്ടു .സംഘം ചേർന്ന് എന്നെ ആക്രമിച്ചേക്കുമോ എന്ന് ഞാൻ ഭയന്നു. പോലീസ് കണ്ടാൽ ഫൈനിടുമെന്ന് പറഞ്ഞ് ഞാൻ തടിതപ്പി. ഒന്നു തുപ്പാൻ പോലും സ്വാതന്ത്യമില്ലാത്ത കാലമെന്ന് പരിതപിച്ച് അവർ പോലീസിനെ നോക്കി എന്തോ പിറുപിറുത്തു.

ബസ്സിൽ ക്ലീനറുടെ അസാന്നിദ്ധ്യത്തിൽ ഉച്ചത്തിൽ കമാൻ്റ് ചെയ്യേണ്ട സൗകര്യാർത്ഥം മാസ്ക് ഒരു താടി പോലെ താഴ്ത്തിയിട്ട് ഒച്ചയുണ്ടാക്കുന്ന കണ്ടക്ടർ. ചില സ്ഥലനാമങ്ങൾ ഉച്ചരിക്കുമ്പോൾ പേരിൻ്റെ പ്രത്യേകത കൊണ്ട് തുപ്പൽ തെറിക്കാനുള്ള സാദ്ധ്യത കാരണം ഞാൻ ടിക്കറ്റ് കൊടുത്ത് മുഖം തിരിച്ച് നിന്നു. വായ പ്രത്യേക രീതിയിൽ കോട്ടി വിസിലടിക്കുന്ന മികവിനെ അംഗീകരിക്കാൻ തോന്നിയെങ്കിലും അതിലൂടെ പുറന്തള്ളപ്പെടുന്ന വായുവും അതിലൂടെ ബഹിർഗമിക്കുന്ന അണുക്കളും എന്നെ ആശങ്കാകുലനാക്കി.

നടവഴിയിലൂടെ തെല്ലൊരു അകലം പാലിച്ച് നടക്കണം.ഇല്ലെങ്കിൽ തുപ്പൽ അഭിഷേകം ഉറപ്പ്.

ബസ്സിലൂടെ മാസ്ക് ധരിക്കുന്നതിലെ കണിശത പരിശോധിക്കാൻ ഞാൻ നടത്തിയ നോട്ടപ്രദക്ഷിണം എന്നിൽ കൂടുതൽ ഞെട്ടലുണ്ടാക്കി. രണ്ട് സഹോദരങ്ങൾ മാസ്ക് ഇല്ലാതെ കൂളായി ഇരിക്കുന്നു.താടി രൂപത്തിൽ ഉണ്ടോ എന്ന് വീണ്ടും നോക്കിയെങ്കിലും നിരാശയായിരുന്നു ഫലം. കണ്ടക്ടറോട് വിഷയം സൂചിപ്പിച്ചപ്പോൾ തൻ്റെ മാസ്ക് ഒരു ചെറു പുഞ്ചിരിയോടെ പൊക്കി വച്ചെങ്കിലും. മാസ്കാത്ത സഹോദരങ്ങളോട് ഒരക്ഷരം ഉരിയാടിയില്ല.

ബസ് ഇറങ്ങിയ എന്നോടൊപ്പം കൂടെയിറങ്ങിയ മസ്കില്ലാത്ത കക്ഷി യോട് എനിക്ക് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.താങ്കൾ മാസ്ക് വേണ്ടെന്നു വച്ചതാണോ അതോ എടുക്കാൻ മറന്നതാണോ. തീക്ഷണമായ നോട്ടത്തിൽ ഞാനൊന്ന് വിറച്ചു നിൽക്കുമ്പോൾ ചങ്ങായി അൽപ്പമൊന്ന് കുനിഞ്ഞ് വായിൽ നിറച്ചിരുന്ന മുറുക്കാൻ നീട്ടിയൊന്ന് തുപ്പിയിട്ട് തൻ്റെ കറ പുരണ്ട പല്ലു കാണിച്ച് കറയില്ലാത്ത പുഞ്ചിരി തൂകി പറഞ്ഞു.

" ബീട്ട്ന്ന് കീയുമ്പോ മാസ്ക് മർന്നോയി ...." ( വീട്ടിൽ നിന്നിറങ്ങുമ്പോൾ മാസ്ക് എടുക്കാൻ മറന്നു.)

ഏതായാലും എല്ലാം പഴയതുപോലെയായിരിക്കുന്നു. ബസ്സ് സ്റ്റാൻ്റിലെത്തുന്നതോടെ തിക്കിത്തിരക്കി കയറിപറ്റി സ്റ്റെപ്പിൽ വരെ തൂങ്ങി നിന്ന് സാമൂഹികലമൊക്കെ പഴങ്കഥയാണെന്നും ഞങ്ങൾ അതിജീവിച്ചുവെന്നും പ്രഖ്യാപിച്ചു കൊണ്ട് കളക്ഷനിൽ സർവ്വകാല റിക്കാർഡുകൾ ഭേദിച്ചു കൊണ്ട് നീങ്ങുന്ന യാത്രക്കാരെ കാണുമ്പോൾ മനസ്സിലുണ്ടായിരുന്ന പേടിയും കരുതലും ഒക്കെ പറ പറക്കും.

യാത്രാമൊഴി

 കോവിഡ് കാലം ആരംഭിച്ചതിനു ശേഷം മുന്നണി പോരാളികളിൽ ഒരാൾ കൂടി യാത്രയായി.


ഗദ്ഗദകണ്ഠനായി തൻ്റെ ഓഫീസിലെ ജീവനക്കാരിയുടെ മരണവാർത്ത എന്നെ അറിയിച്ച മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ശ്രീ അഷറഫ് ഇന്നലെ യാത്രയായി.

ഇത്തവണ കോവിഡ് നേരിട്ട് വില്ലനായി എന്നതു മാത്രമാണ് വ്യത്യാസം.ബെള്ളൂർ സെക്രട്ടറിയായിരുന്ന ദാമോദരനും, ചെറുവത്തൂരിൻ്റെ പ്രഭാകരനും, മഞ്ചേശ്വരത്തെ സരോജിനിയും,അഷറഫും.

യാദ്യശ്യികമായി തോന്നാമെങ്കിലും സെക്രട്ടറി മരിച്ച് ഏതാനം മണിക്കൂറുകൾക്കകം അസി.. എഞ്ചിനിയറും മരിക്കുന്നു. മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തിൽ തന്നെ രണ്ടു മാസത്തിൽ മൂന്ന് മരണങ്ങൾ.എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.

സംഭവിക്കേണ്ടതൊക്കെ അതിൻ്റെ വഴിയേ സംഭവിക്കുമെങ്കിലും നിസ്സംഗരായി വെറുമൊരു കാഴ്ചക്കാരായി ഈ സംഭവ വികാസങ്ങളെ നോക്കിക്കാണേണ്ടി വരുന്ന സ്ഥിതിവിശേഷം വളരെ ആശങ്കാജനകമായി കാണുന്നു. മരണം കീഴ്പ്പെടുത്തിയവരോടൊപ്പം മരണാസന്നരായി ജോലി നോക്കുന്നവരേറെയുണ്ട്.അത്യന്തം അപകടകരമായ സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നവർ കുറേയേറെ പേരുണ്ട്.

താഴ്ത്തട്ടിൽ ജനസാമാന്യരുമായി നേരിട്ടിടപെട്ട് പ്രതികൂല സാഹചര്യങ്ങളിൽ ജോലി ചെയ്യേണ്ടി വരുന്നതിലെ സമ്മർദ്ദം അനുഭവിക്കുന്നവരുണ്ട്.പരിമിതമായ യാത്രാ സൗകര്യങ്ങൾക്കിടയിൽ ദീർഘദൂരം യാത്ര ചെയ്യേണ്ടി വരുന്നവരുണ്ട്.തിരഞ്ഞെടുപ്പ് നടത്തുന്നതിലെ സങ്കീർണ്ണതകൾ അതിൻ്റെ പ്രതിഫലനങ്ങളുടെ ആഘാതങ്ങൾ നേരിട്ട് ഏൽക്കേണ്ടി വരുന്ന വലിയ ഒരു  വിഭാഗം.

സ്വന്തം ആവശ്യങ്ങൾ നിറവേറ്റുനതിനോ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനോ ജോലിയിൽ നിന്ന് വിട്ടു നിൽക്കാൻ നിർവാഹമില്ലാത്തവർ.സമൂഹം എല്ലാ പ്രശ്നങ്ങൾക്കും കാരണക്കാരെന്ന് മുൻ ധാരണയോടെ വിലയിരുത്തപ്പെടുന്നവർ.പിഴവുകൾ തിരുത്താൻ പോലും അവസരം കിട്ടാത്തവർ.ഓഫീസിൽ ഉദ്യോഗസ്ഥരുടെ കുറവുകളുണ്ടായാൽ അതുമൂലമുണ്ടാകുന്ന വിടവുകൾ നികത്താൻ സ്വയം വിധിക്കപ്പെട്ടവർ.

ഇതൊക്കെ പല രീതിയിൽ അതിജീവിക്കുന്നവരുണ്ട്.നിത്യ ദുരിതമായി അനുഭവിക്കുന്നവരുമുണ്ട്.കാലിടറി വീഴുന്നവരുടെ എണ്ണം കൂടുന്നുണ്ടോ എന്ന സംശയം ബലപ്പെടുന്നുണ്ട്.ഇത് കണ്ടില്ലെന്ന് നടിക്കരുത്.കുറഞ്ഞ പക്ഷം ഇത് അറിഞ്ഞവരും അറിയുന്നവരും ഒന്ന് കണ്ണ് തുറക്കുന്നത് നന്നായിരിക്കും.താഴ്തട്ടിൽ സ്വാഭാവികമായി ഉണ്ടാകുന്ന പ്രശ്നങ്ങളെ കൈകാര്യം ചെയ്യാൻ കഴിയാതിരിക്കുന്നതിനെ വെറും കഴിവ് കേട് എന്ന് വിലയിരുത്തി തളളിക്കളയാതെ മൂലകാരണങ്ങളെ കണ്ടെത്തി പരിഹരിക്കാത്തിടത്തോളം മാറ്റങ്ങൾക്ക് സാദ്ധ്യത കുറവാണ്.

ഒരു വ്യക്തിയെ മുൻധാരണയോടെ കാണുന്ന പ്രവണത അയാളെ അടുത്തറിയാനും അയാളുടെ പ്രശ്നങ്ങൾ തിരിച്ചറിയാനുമുള്ള അവസരങ്ങൾ ഇല്ലാതാക്കുന്നു. ആരും ആരെയും അടുത്തറിയുന്നില്ല.മരണത്തോടെ അല്ലെങ്കിൽ വിരമിക്കൽ ചടങ്ങലിനിടെയാണ് പലരും പരസ്പരം അടുത്തറിയുന്നത്.

എല്ലാവർക്കും എല്ലാ പ്രശ്നങ്ങളും നന്നായി കൈകാര്യം ചെയ്യാൻ കഴിയണമെന്നില്ല. നന്നായി ജോലി ചെയ്യാൻ അതിനുള്ള സാഹചര്യങ്ങൾ ഒരുങ്ങേണ്ടതുണ്ട്. ജോലിയിൽ ഉദ്ദേശിച്ച ഫലം ലഭിക്കാതിരിക്കുന്നത് ഒരാൾ ജോലി ചെയ്യാത്തതു കൊണ്ട് മാത്രമല്ല. കഴിവുള്ളവർ അവർ ഏത് നിലയിലുള്ളവരായാലും തൻ്റെ കഴിവുകൾ മൊത്തം സംവിധാനം മെച്ചപ്പെടുത്തുന്നതിനായി ഉപയോഗപ്പെടുത്തണം.പരസ്പരം താങ്ങായി നിൽക്കണം. 

വികേന്ദ്രീകൃത ആസൂത്രണ പ്രക്രിയയിലൂന്നിയ പ്രാദേശിക ഭരണം എന്തെങ്കിലും നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെങ്കിൽ അത് കൈയ്യു മെയ്യും മറന്ന് ജോലി ചെയ്ത തിരിച്ചറിയപ്പെടാതെ പോയ പലരുടെയും സംഭാവനകൾ മൂലമാണ്.

എല്ലാവരെയും ഒന്നിച്ച് നിർത്തി പരസ്പരം ആത്മവിശ്വാസം ഉയർത്തി തളർന്നു പോകുന്നവരെ കൈ പിടിച്ച് ഉയർത്തി ഞാൻ മാത്രം ജയിക്കാതെ എല്ലാവരും ഒന്നിച്ച് ജയിക്കണമെന്ന മുദ്രാവാക്യവുമായി നീങ്ങണം. ഇല്ലെങ്കിൽ അരക്ഷിതാവസ്ഥയിൽ സഹപ്രവർത്തകരുടെ വിഷമങ്ങൾ പോലും മനസ്സിലാക്കാൻ കഴിയാത്ത.നിസ്സംഗരായ യന്ത്രമനുഷ്യരായി തുടരേണ്ടി വരും.

ചില സ്വകാര്യങ്ങൾ

അച്ഛാ അപ്പി ഇടാൻ പോട്ടേ .....

ഇതൊരു ഉറപ്പു വരുത്തലാണ്.കാര്യം സാധിച്ചു കഴിഞ്ഞാൽ കഴുകി കൊടുക്കാൻ ചെല്ലുമെന്ന ഉറപ്പ് അവന് വേണം.

ശരിയെന്ന് പറഞ്ഞത് ഞാൻ ഒന്നു കൂടി മനസ്സിലുറപ്പിച്ചു.ഞാൻ മറ്റ് ജോലികളിൽ മതിമറന്ന് പോകരുത്. അവൻ്റെ വിളിക്കായി കാതോർത്തിരിക്കണം.ഇല്ലെങ്കിൽ അവൻ ടോയ്ലറ്റിൽ കാത്തിരുന്ന് വിഷമിക്കും.

ഇക്കാര്യത്തിനുള്ള ഇത്രയുമേറെ പ്രാധാന്യം കൊടുക്കാൻ കാരണം എനിക്ക് കുട്ടിക്കാലത്ത് ഉണ്ടായിട്ടുള്ള മറക്കാനാകാത്ത ഒരനുഭവമാണ്.

കുട്ടിക്കാലത്ത് ചിറ്റയുമായി (അമ്മയുടെ ഇളയ സഹോദരി ) നല്ല കൂട്ടായിരുന്നു. ദൂരെ കാസറഗോഡ് താമസിക്കുന്ന ഞങ്ങൾ കോട്ടയത്തെ വീട്ടിലെത്തുന്നത് ഒരാഘോഷമായിരുന്നു. കുടുംബത്തിലെ ആദ്യ സന്തതി.വീട്ടിൽ കറണ്ട് 

കിട്ടിയത് എന്നെ കാണിക്കാൻ വാരിയെടുത്ത് ഓരോ മുറികളിലെയും സ്വിച്ച് ഇട്ട് കാണിച്ചു തരുന്ന ചിറ്റ.ജോലി കിട്ടി മുവാറ്റുപുഴയിലും ആലുവയിലുമൊക്കെ പോയി മടങ്ങുമ്പോൾ എനിക്കായി കൊണ്ടുവരുന്ന കളിപ്പാട്ടങ്ങൾ. കാസറകോട്ടെ വിരസമായ ഏകാന്തതകളിൽ സ്നേഹത്തിൻ്റെ തൂലികയിൽ വരഞ്ഞിട്ട എഴുത്തുകൾ.

അങ്ങനെയിരിക്കെയാണ് ചിറ്റയുടെ വിവാഹം നിശ്ചയിക്കുന്നത്.മൂത്ത സഹോദരിയുടെ പ്രസവവുമായി ബന്ധപ്പെട്ട് എൻ്റെ പഠനം താത്കാലികമായി കോട്ടയത്തേക്ക് മാറ്റിയിരുന്നു.അതു കൊണ്ട് തന്നെ വീട്ടിലൊരു കല്യാണം നടക്കുന്നതിലെ പിരിമുറുക്കങ്ങൾ ഒരു ഏഴു വയസ്സുകാരൻ്റെ കണ്ണിലൂടെ ഞാൻ അനുഭവിച്ചറിഞ്ഞു.പെണ്ണുകാണൽ,ഒരു തീരുമാനത്തിലെത്താനുള്ള കുടുംബാംഗങ്ങളുടെ ടെൻഷൻ.വിവാഹമെന്ന പറിച്ചുനടലിനെ ഭയന്ന് പത്തായ പെട്ടിയിൽ ചാരി നിന്ന് കണ്ണീരൊഴുക്കുന്ന ചിറ്റ.ക്ഷണകത്ത് വിതരണം .എല്ലാത്തിലും പങ്കാളിയായി ഞാനും. 

ഞാൻ പഠിച്ചിരുന്ന കാണക്കാരി സ്കൂളിലെ അദ്ധ്യാപകനായിരുന്ന ശിവശങ്കര പിള്ളയാണ് വരൻ. അമ്മാവൻ മേൽവിലാസമെഴുതിത്തന്ന കല്യാണക്കുറി ഞാനെൻ്റെ ക്ലാസ്സ് ടീച്ചർക്കും കൊടുത്തു. അവരുടെ സഹപ്രവർത്തകൻ വിവാഹം കഴിക്കാൻ പോകുന്ന പെണ്ണിൻ്റെ ചേച്ചീടെ മകനാണ് ഞാനെന്ന് അവർ എന്നെ ചുണ്ടി പറയുന്നത് ഞാനഭിമാനത്തോടെ അനുഭവിച്ചു.എനിക്ക് പുത്തനുടുപ്പൊക്കെ ആയി വളളവശ്ശേരിയിലെ വീട്ടുമുറ്റത്ത് പന്തലൊരുങ്ങി.

വിവാഹദിനം സമാഗതമായി പന്തലിൽ തോരണങ്ങൾ കെട്ടി.നാല് കടലാസ് തൂണുകൾ കൊണ്ട് കതിർ മണ്ഡപം ഉണ്ടാക്കി.തൂവെള്ള വസ്ത്രം ധരിച്ച കൊച്ചച്ഛൻ്റെ കാൽ കിണ്ടിയിൽ നിന്ന് നനച്ച് ആനയിക്കുന്ന അമ്മാവൻ. ആദ്യമായിട്ടാണ് ഞാൻ ഒരു കല്യാണം കൂടുന്നത്. ഓരോ നിമിഷവും ഞാൻ ആസ്വദിക്കുകയാണ്. കല്യാണം കൂടാനെത്തിയ അദ്ധ്യാപകരെ ഞാൻ ഇടം കണ്ണിട്ട് നോക്കിക്കണ്ടു.ചെണ്ടും നാരങ്ങയും വിതരണത്തിന് ഞാനും ഉത്സാഹിച്ചു.വിവാഹം സമംഗളം പര്യവസാനിച്ചു.സദ്യയുടെ ആദ്യ പന്തിയിൽത്തന്നെ ഞാനുമിരുന്നു.

സദ്യയ്ക്ക് ശേഷമാണ് കഥയിൽ ട്വിസ്റ്റ് വരുന്നത്. എനിക്ക് കലശലായ മുട്ടൽ കക്കൂസിൽ പോകണം.എനിക്ക് സ്വന്തമായി അതിനു കഴിയില്ല.ഉദ്ദേശ്യം 50 മീറ്റർ അകലെയാണ് ഓല കൊണ്ട് മറച്ച കക്കൂസ്.എനിക്ക് സ്വയം കഴുകാൻ അറിയില്ല.അതു കൊണ്ട് പരസഹായം വേണം. കോട്ടയത്തെത്തിയാൽ കഴുകിക്കുന്ന ചുമതല വല്യമ്മച്ചിക്കാണ്. 

ഒഴിവാക്കാൻ ഒരു നിവൃത്തിയുമില്ലെന്ന് കണ്ട ഞാൻ വല്യമ്മച്ചിയോട് കാര്യം പറഞ്ഞു.എന്നോട് പോയിക്കോളാൻ പറയുകയും കഴുകിക്കാൻ എത്തുമെന്നും പറഞ്ഞു.വല്യമ്മച്ചി പറഞ്ഞതനുസരിച്ച് ഞാൻ കക്കുസിലെത്തി കാര്യം സാധിച്ച് വല്യമ്മച്ചിയുടെ വരവിനായി കാത്തിരുന്നു. കല്യാണപുരയിലെ അതി നിർണ്ണായകമായ നിമിഷങ്ങളിൽ എന്നെ എല്ലാവരും മറന്നു. കഴുകാതെ നിക്കറിട്ട് പുറത്തിറങ്ങാൻ കഴിയാതെ ഞാൻ നിസ്സഹായനായി കക്കൂസിലിരുന്ന് കരഞ്ഞു.എത്ര നേരം കരഞ്ഞു എന്നെനിക്കോർമ്മയില്ല. രണ്ടു മണിക്കൂറെങ്കിലും ഞാൻ അവിടെ കഴിഞ്ഞു കാണണം.

ഒടുവിൽ കക്കൂസിലിരുന്ന് ആരോ കരയുന്നു എന്ന് ആരോ പറഞ്ഞറിഞ്ഞപ്പോഴാണ് വല്യമ്മച്ചിയ്ക്ക് എൻ്റെ കാര്യം ഓർമ്മ വന്നത്. പിന്നെ വല്യമ്മച്ചി ഒറ്റ ഓട്ടമായിരുന്നു.( സിനിമയാണെങ്കിൽ സ്ലോ മോഷനിൽ കാണിക്കാമായിരുന്നു.) കുത്തിയിരുന്ന് ക്ഷീണിച്ചവശനായി കരയുന്ന എന്നെ കഴുകിപ്പിച്ച് പിടിച്ചെഴുനേപ്പിച്ച് കെട്ടിപ്പിടിച്ച് ഉച്ചത്തിൽ നിലവിളിച്ച വല്യമ്മച്ചിയുടെ വാക്കുകൾ ഇന്നും ഞാൻ മറന്നിട്ടില്ല.

ചിറ്റേം കൊണ്ട് കൊച്ചച്ചൻ പോകുന്നത് കാണാൻ എൻ്റെ മോന് കഴിഞ്ഞില്ലല്ലോ ... കുറ്റബോധവും, വിഷമവും കലർന്ന ആ നിലവിളി വല്യമ്മച്ചിയെ കുറിച്ചോർക്കുമ്പോഴൊക്കെ മനസ്സിൽ തെളിയും.

കരഞ്ഞു കലങ്ങിയ കണ്ണുകളും വിട്ടുമാറത്ത ഏങ്ങലടിയുമായി വീട്ടിലെത്തിയപ്പോൾ കല്യാണപുര ഒഴിഞ്ഞിരുന്നു. വീട്ടുകാർ മാത്രമെ ഉള്ളൂ.

ചിറ്റ പോയതിൻ്റെ ശൂന്യത ഞാൻ തിരിച്ചറിഞ്ഞു.കല്യാണത്തിരക്കിൽ എല്ലാവരും എന്നെ മറന്നു.കൊച്ചച്ച നോടൊപ്പം കാറിൽ കയറുമ്പോൾ ചിറ്റ എന്നെ അന്വേഷിച്ചു കാണുമോ? അറിയില്ല.... ഞാനതു ചോദിച്ചിട്ടുമില്ല.

കാതങ്ങൾ ഇനിയേറെയുണ്ട്

നേരിയ വരമ്പിലൂടെയാണ് 

യാത്രയെന്നത് 

അനുനിമിഷം 

ബോദ്ധ്യണ്ടാകണം.

നല്ല വഴുക്കുണ്ട് 

ചുറ്റും ആഴത്തിൽ ചെളിയുണ്ട് 

ചെളിയിൽ 

പൂണ്ട് പോകാതെ നോക്കണം.

അക്കരെ നടപ്പാത കാണുമ്പോൾ മതിമറക്കരുത് 

ജാഗ്രത കുറയരുത്

ഇരുകാലും 

സുരക്ഷിത താവളമെത്തിയെന്ന ബോദ്ധ്യം വന്നാലല്ലാതെ

സ്വയം മറക്കരുത് 

മതി മറക്കരുത്.

വിജയം സുനിശ്ചിതമാണ് 

പക്ഷെ കരുതലോടെ 

ജാഗ്രതയോടെ 

സമചിത്തതയോടെ 

ഇനിയുള്ള ദൂരവും പിന്നിടണം.

കൈയ്യിലിരിപ്പുകൾ കഴുകിക്കളയണം

ഉള്ളിലിരിപ്പുകൾ ചിതറാതെ നോക്കണം ഏകാന്തതയിലേയ്ക്കുൾ വലിഞ്ഞ് 

വീണ്ടും ആ സുഖദമായ ലോകത്തിൽ പരസ്പരം കൈകോർക്കാൻ 

കരുതലോടെ മുന്നേറണം.


കാതങ്ങളുണ്ട് ഇനിയുമേറെതാണ്ടുവാൻ തലയൊന്നു ചായ്ക്കുവാൻ 

കാതങ്ങളുണ്ടിനിയേറെ താണ്ടുവാൻ

Wednesday, May 5, 2021

വാട്ട് എ കോയിൻസിഡൻസ് യാർ.....!!!

 1992 ലെ ലോകകപ്പിലെ ഒരു ത്രില്ലറായിരുന്നു ഇന്ത്യ ആസ്ത്രേലിയ മത്സരം അവസാനഓവറിൽ ജയിക്കാൻ 12 റൺസ് വേണ്ടിയിരുന്നു ഇന്ത്യയ്ക്ക്.ബൗളർ ടോം മൂഡി. ബാറ്റുമായി കിരൺ മോറെ ക്രീസിൽ.ഇന്ത്യയുടെ കേവലം രണ്ട് വിക്കറ്റ് മാത്രം ശേഷിക്കുന്നു.

ആദ്യ രണ്ട് പന്തുകളിൽ തുടരെ ബൗണ്ടറി നേടിയ മോറെ മൂന്നാം പന്തിൽ അതേ ഷോട്ടിന് ശ്രമിച്ച് ഔട്ടാകുന്നു. ഒടുവിൽ അവസാന പന്തിൽ ജയിക്കാൻ ബൗണ്ടറി വേണമെന്ന നിലയിൽ മത്സരം എത്തി.

ജാവഗൽ ശ്രീനാഥ് പന്ത് ഉയർത്തിയടിക്കുന്നു.പന്തിൻ്റെ പോക്ക് കണ്ട് സിക്സർ എന്നു കരുതി ഞങ്ങൾ ചാടി എഴുന്നേറ്റു. പക്ഷെ പന്ത് പതുക്കെ ബൗണ്ടറി ലൈനിൽ നിൽക്കുന്ന ഫീൽഡുടെ കൈയ്യിലേക്ക്.വീണ്ടും നിരാശ.പക്ഷെ കൈ പിടിയിലൊതുങ്ങിയ ക്യാച്ച് വഴുതി വീണു. വീണ്ടും പ്രതീക്ഷ....ഇതിനകം ശ്രീനാഥ് രണ്ട് റൺ ഓടിയെടുത്തിരുന്നു. അദ്ദേഹം മൂന്നാമത്തെ റണ്ണിനായി ഓടുകയാണ്.റൺ പൂർത്തിയായാൽ മത്സരം ടൈ ആകും.

പക്ഷെ വീണ്ടും ട്വിസ്റ്റ് ബൗണ്ടറി ലൈനിൽ നിന്നുള്ള ഏറ് കൈപിടിയിലൊതുക്കി പാർട്ട് ടൈം വിക്കറ്റ് കീപ്പർ ഡേവിഡ് ബൂൺ ശ്രീനാഥിനെ റണ്ണൗട്ടാക്കുന്നു. ഇന്ത്യ ഒരു റണ്ണിന് തോൽക്കുന്നു.( ഓർമ്മയിൽ നിന്നെടുത്തെഴുതിയതിനാൽ ചെറിയ ചില മാറ്റങ്ങൾ ഉണ്ടായേക്കാം).

അഞ്ഞൂറ്റി തൊണ്ണൂറ്റി ഒമ്പത് പന്തുകൾ പിന്നിട്ട മത്സരത്തിൻ്റെ അറുനൂറാമത്തെ എറിൻ്റെ നാടകീയത.ഞങ്ങൾ ശരിക്കും തളർന്നു പോയി.വല്ലാത്ത ഒരു വിഷമം മനസ്സിനെ അലട്ടികൊണ്ടിരുന്നു.

അന്ന് വൈകുന്നേരം ഒരു പ്രാദേശിക ടൂർണ്ണമെൻ്റിൻ്റെ ഫൈനൽ നടക്കുന്നു. ഫൈനലിൽ ഞങ്ങൾക്ക് നേരിടേണ്ടത് ചേതന കുണ്ടാറിനെ. മത്സരം ജയിച്ച് രാവിലത്തെ വിഷമം മാറ്റാമെന്ന് വിചാരിച്ചു.ചേതന ഞങ്ങൾക്ക് കാര്യമായ എതിരാളി ആയിരുന്നില്ല. കളി കുണ്ടാർ സ്കൂൾ മൈതാനത്തിലാണ്.

പത്തോവർ മത്സരത്തിൽ 36 റൺസിന് ചേതന പുറത്തായതോടെ ഞങ്ങൾ വിജയം ഉറപ്പിച്ചു.പക്ഷെ ഞങ്ങൾ റണ്ണെടുക്കാൻ വിഷമിച്ചു.കളി അവസാന ഓവറിലെത്തി. ജയിക്കാൻ 9 റൺസ് വേണം.ഞങ്ങളുടെ ഒരു വിക്കറ്റ് പോലും വീണിരുന്നില്ല.ഒമ്പത് ഓവർ വരെ ഞങ്ങൾക്ക് ഒരു ബൗണ്ടറി പോലും നേടാൻ കഴിഞ്ഞില്ല.വിശ്വസ്ഥനായ വേണുഗോപാലൻ ക്രീസിലുണ്ടെന്നതു മാത്രമാണ് ഏക പ്രതീക്ഷ.ആദ്യ പന്തിൽ വേണുഗോപാൽ റണ്ണൗട്ട്.

അവസാന ഓവറിൽ ഈ നിർണ്ണായ നിമിഷത്തിൽ ആരെ ഇറക്കണം എന്നായി. എല്ലാവരും പരസ്പരം മുഖത്തോടു മുഖം നോക്കി .ശരിക്കും വൺ ഡൗൺ ഇറങ്ങേണ്ടത് ഞാനാണ്.പക്ഷെ ഒരു സ്ലോ സ്റ്റാർട്ടറായ എനിക്ക് തന്നെ ആത്മവിശ്വസമില്ലായിരുന്നു.റണ്ണൗട്ടായി തിരികെ വരുന്ന വേണു ഉറക്കെ വിളിച്ചു പറഞ്ഞു. "മാഷേ വരൂ ". അന്ന് ഞാനൊരു പ്രൈവറ്റ് സ്ഥാപനത്തിൽ അദ്ധ്യപക നായിരുന്നു.

5 പന്തിൽ 9 റൺസ് അസാദ്ധ്യമൊന്നുമല്ല.പക്ഷെ ആ മത്സരത്തിൽ അതു വരെ ഒരു ബൗണ്ടറി പോലും പിറന്നിട്ടില്ല.ഏതായാലും ഞാൻ തന്നെ ബാറ്റ് ചെയ്യാനിറങ്ങി. എന്നെ പോലും അതിശയിപ്പിച്ചു കൊണ്ട് കമൻ്റിബോക്സിൽ നിന്ന് കുണ്ടാർ സ്കൂളിലെ രവി മാഷുടെ വിവരണം. ബ്യൂട്ടിഫുൾ ഷോട്ട് ത്രൂ ദ കവേഴ്സ് ഓൾ എ ലോംഗ് ദ ഗ്രൗണ്ട് ഫോർ റൺസ്......

അതെ പന്ത് അതിർത്തി കടന്നിരുന്നു. ഇനി കേവലം നാല് പന്തിൽ അഞ്ച് റൺസ്.വിജയ പ്രതീക്ഷയിൽ ഞായറാഴ്ച സായാഹ്നം തടിച്ചുകൂടിയ കാണികൾ ഫീൽഡറെയും ബൗളറെയും പഴിച്ചു. എൻ്റെ സഹകളിക്കാർ എഴുന്നേറ്റു നിന്നു. പക്ഷെ ബാക്കിയുള്ള കളി ഞങ്ങൾ പ്രതീക്ഷിച്ച പോലെ പോയില്ല. അവസാന പന്തിൽ ഞങ്ങൾക്ക് ജയിക്കാൻ മൂന്ന് റൺ വേണം. രണ്ടു റണ്ണെടുത്താൽ മത്സരം ടൈ ആകും.രാവിലെ നടന്ന ഇന്ത്യ ആസ്ത്രേലിയ മത്സരത്തിന് സമാനമായ സ്ഥിതി.

ഞാൻ അടിച്ച പന്ത് ഡീപ് സ്ക്വയർ ലെഗ്ഗിൽ ഫീൽഡർ തടഞ്ഞു.രണ്ടാം റണ്ണിനായി ഓടുന്നതിനിടെ ഞാൻ റണ്ണൗട്ടായി. കുണ്ടാ റിലെ കാണികളും കളിക്കാരും വിജയാഘോഷം മുഴക്കി.

രാവിലത്തെ കളിയുടെ നിരാശ മാറ്റാൻ എത്തിയ ഞങ്ങൾക്ക് ഏകദേശം അതേ മാതൃകയിൽ വീണ്ടും തിരിച്ചടി.പോരാത്തതിന് കടലാസിൽ ശക്തമായ ടീം ആയിട്ടു പോലും.ഒമ്പത് വിക്കറ്റ് കൈയ്യിലുണ്ടായിട്ടും.

ആഹ്ളാദാരവങ്ങൾക്കിടയിൽ തല താഴ്ത്തി ഞാൻ തിരികെ നടന്നു. മനസ്സിൽ രാവിലത്തെ കളിയുമായി ഉണ്ടായിട്ടുള്ള യാദൃശ്ചികത നിറഞ്ഞുനിന്നു.

കളിയാണെങ്കിലും ഒരു കൂട്ടം മനസ്സിൽ കൊണ്ടു നടന്നാൽ അതേ പോലെ സംഭവിക്കുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. വിഷമങ്ങളും നിരാശകളും കഴിവതും വേഗം കൈയ്യൊഴിയണം.ഇല്ലെങ്കിൽ അത് നിങ്ങളെ പിന്തുടർന്നു കൊണ്ടേയിരിക്കും. ജീവിതത്തിൽ  എപ്പോഴും  ലക്ഷ്യത്തിന് തൊട്ടരികിൽ ഓടി തീരാൻ സാദ്ധ്യത കൂടുതലാണ്........