Friday, May 8, 2020

മായാമോഹിതം

ഒരു വേള ഞാൻ നിനച്ചിരുന്നു
ഞാനാണു തേരു തെളിപ്പതെന്ന് .
തേർ തെളിച്ചങ്ങനെ മുന്നേ ഗമിച്ചപ്പോൾ
ഞാനായി ഭൂലോകനാഥൻ
അങ്ങനെയങ്ങനെ മുന്നോട്ടു പോയപ്പോൾ
ചുറ്റിലും കണ്ടു
വിഡ്ഡി കൂശ്മാണ്ഡപരിഷകളനേകം
തേരും തെളിച്ച്
നടുവും ഞെളിച്ചു
ഞാൻ മുൻപേ ഗമിക്കുന്ന നേരം
തേരിന്റെ ചക്രങ്ങളെല്ലാമൊന്നായ്
പൂണ്ടു ചെളിയിൽ നന്നായ് .
കാലിൽ ചെളിപറ്റി
കൈയ്യിലും മെയ്യിലും
ചെളിയിൽ പൊതിഞ്ഞു പോയേനല്ലോ
ഒരു കൈ സഹായം
തേടി ഞാൻ ചുറ്റിലും
പിന്നെ മേലോട്ടും കൈ നീട്ടി നിന്നു.
എല്ലാം കഴിഞ്ഞു ...
ഞാൻ നന്നായറിഞ്ഞു
ക്ഷണഭംഗുരമെല്ലാമീ ഭൂവിൽ
ക്ഷണഭംഗുരമെല്ലാം ഈ ഭൂവിൽ !!!

സ്വപ്നം

ഒരു ദിവസം ഒരാൾ എന്നോട് ചോദിച്ചു. നിങ്ങൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ?

കണ്ടിട്ടെന്തു തോന്നുന്നു?

കണ്ടിട്ട് നിങ്ങൾ നല്ല സന്തോഷവാനായി തോന്നുന്നു.

അതു തന്നെ ഞാൻ സന്തോഷവാനാണ്.ആട്ടെ നിങ്ങളെന്താ അങ്ങനെ ചോദിച്ചത്?

ഇതു കേട്ട് അദ്ദേഹം അൽപം മടിയോടെ പറഞ്ഞു.
ഈയിടെ ഞാനൊരു സ്വപ്നം കണ്ടു.അതിൽ നിങ്ങൾ ഒരു കഥാപാത്രമായിരുന്നു. അതിൽ നിങ്ങളുടെ മുഖത്ത് എന്തെന്നില്ലാത്ത ഒരു നിസ്സഹായത കണ്ടിരുന്നു. നിങ്ങൾ പലരോടും സഹായം അഭ്യർത്ഥിക്കുന്നു. ഒടുവിൽ എന്റെയടുത്ത് വന്ന് പൊട്ടി കരയുന്നു .

ഞാൻ അസ്വസ്ഥനായി.
എന്തിനായിരുന്നു അത്?

അത്.... അത് ഞാൻ ചോദിച്ചില്ല.

എന്നാലും സ്വപ്നത്തിൽ നിന്ന് എന്തെങ്കിലും ക്ലൂ ?

ഇല്ല ഒന്നും ഓർക്കുന്നില്ല. പക്ഷെ നിങ്ങളുടെ അവസ്ഥ അതിദയനീയമായിരുന്നു.

ഹേയ്...... എന്നെ ഇപ്പൊ കണ്ടാലങ്ങനെ തോന്നുമോ?

ഇല്ല.എനിക്കതു വിശ്വസിക്കാൻ കഴിയുന്നില്ല.

ശരിക്കും നിങ്ങൾക്ക് അങ്ങനെയെന്തെങ്കിലും ......

ഹേയ് എനിക്കൊരു പ്രശ്നവുമില്ല.
എന്നാലും ഞാൻ കരയാനുണ്ടായ കാരണം എന്നെങ്കിലും നിങ്ങൾക്ക് ഓർമ്മ വന്നാൽ എന്നോടു പറയണം.

അയാളൊരു പുഞ്ചിരിയോടെ അത് സ്വീകരിച്ചു .
*****************************************

ആ സ്വപ്നം ഞാൻ കണ്ടതല്ലെങ്കിലും എന്നെ ദീർഘകാലം അലട്ടികൊണ്ടിരുന്നു. ഇന്നും .....
മായം
******
വെള്ളത്തിൽ മായം
ഉള്ളത്തിൽ മായം
ഉള്ളിലും വെളിയിലും സർവ്വത്ര മായം

വാർത്തയിൽ മായം
മൂർത്തിയിൽ മായം
ചിന്തയിലും ചെന്നു കൂടീ  മായം

ചിത്തത്തിൽ മായം
ഇഷ്ടത്തിൽ മായം 
മൊത്തത്തിൽ നോക്കിയാൽ എല്ലാം മായം

ചിരിയിലും മായം
കരുതലിൽ മായം
ദാനത്തിലും പിന്നെ ദയയിലും മായം

മായം കലരാത്തതെന്തുണ്ടു ഭൂവിൽ
മായം സർവ്ലത്ര മായമീ ഭൂവിൽ  !!!

സന്ദേശം

നിനക്ക് നന്മ വരട്ടെ...
ഞാനശംസിച്ചില്ലെങ്കിലും
വരാനിരിക്കുന്ന നന്മകൾ
വഴിയിൽ തങ്ങില്ലെന്നറിയാം
ദുഃഖം നിന്നെ മുടിയിട്ടുണ്ടെങ്കിൽ
ഇത് നിനക്ക് കരുത്തേകും ,
നീ സന്തോഷത്തിലാണെങ്കിൽ
ഇത് നിന്റെ സന്തോഷത്തെ
കൂടുതൽ വർണ്ണാഭമാക്കും
ഈ സന്ദേശം
നിനക്കൊരു ശല്യമാകില്ലെന്ന്
ഞാൻ പ്രതീക്ഷിക്കുന്നു.
കാരണം ഒരു വിധേനയും അങ്ങനെയാകാതിരിക്കാൻ
വേണ്ട കരുതലുകൾ
ഞാനതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
പ്രതികരിച്ചില്ലെങ്കിൽ പരിഭവമില്ല.
ജീവിത യാഥാർത്ഥ്യങ്ങളുടെ കെട്ടുപാടുകളിൽ
നീ വലയുകയാവാം.
അല്ലെങ്കിൽ നീ ഇത്തരം ചെയ്തികളിൽ വിശ്വസിക്കുന്നുണ്ടാവില്ല.
ഞാനും നീയും
സർവ്വ ചരാചരങ്ങളിൽ ഒരാൾ മാത്രം.
എന്നു വച്ച് നിന്റെ സാന്നിദ്ധ്യം അപ്രസക്തമല്ല .
മറ്റുള്ളവരോടൊപ്പം
ഈ ഭൂമിയിലെ
വളരെ പ്രധാനപെട്ട
ഒരു വ്യക്തിയാണ് നീ എന്ന
ഒരോർമ്മ പെടുത്തലാണ് ഈ സന്ദേശം.
അനസ്യൂതം കൂടുതൽ ഉത്സാഹത്തോടെ കർമ്മനിരതനാകൂ.
ഇത് എന്റെ ഒരു സന്തോഷമാണ്.

പിരാന്തൻ

പിരാന്തന് ക്യാമ്പ് ഇഷ്ടപെട്ടെന്ന് തോന്നുന്നു.എന്തൊരു ശല്യമാണ്. വാവിട്ട് കരയുന്നവരോടൊപ്പം അയാളും കരയുന്നു. കുട്ടികളെ ചില കോപ്രായങ്ങൾ കാട്ടി ചിരിപ്പിക്കാൻ നോക്കുന്നു. ഇടയ്ക്കിടെ ഉച്ചത്തിൽ പൊട്ടി ചിരിക്കുന്നു.

അവിടെ വിതരണം നടത്താൻ അയാളുടെ കൈയ്യിലൊന്നുമില്ല. സാഹസ ക്യത്യങ്ങൾക്ക് കഴിവുമില്ല. ക്യാമ്പിലെ വി. ഐ.പി സമർശനവേളയിൽ മാത്രം അയാൾ മാറി നിൽക്കും.എല്ലാം ക്യാമറയിൽ പകർത്തുന്നതു പോലെ അഭിനയിക്കും എന്നിട്ട് ഉച്ചത്തിൽ ചിരിക്കും.

എല്ലാം കണ്ടും കേട്ടും അയാളവിടെ ഇരിക്കുകയാണ്. ക്യാമ്പിലെ മുഖ്യ ശല്യക്കാരനായി അയാൾ മുദ്ര കുത്തപെട്ടു കഴിഞ്ഞിരിക്കുന്നു. ആട്ടിയോടിക്കാൻ ശ്രമിച്ചിട്ടും അയാൾ കൂട്ടാക്കുന്നില്ല.

ദൂരെയുള്ള ഒരു പറങ്കിമാവിൽ കയറിയിരുന്ന് എന്തോ ഒരു നിയോഗം പോലെ കാഴ്ചകൾ കാണുകയാണ് ആ പിരാന്തൻ. പറങ്കിമാവിലിരുന്ന് അയാൾ തോറ്റംപാട്ടിന്റെ ഈണത്തിൽ ഉച്ചത്തിൽ പാടുന്നുണ്ട്. കുന്നുകളും മലകളും വയലുകളും പുഴകളും നദികളും ഒക്കെ ആ പാട്ടിന്റെ വിഷയമാകുന്നുണ്ട്. ഇടയ്ക്ക് പൊട്ടിച്ചിരിക്കുന്നു.പെട്ടെന്ന് പൊട്ടികരയുന്നതും കാണാം.

ക്യാമ്പിലാണെങ്കിൽ ഒന്നിനും ഒരു കുറവുമില്ല . വയറ് നിറയെ ഭക്ഷണം പോഷകാഹാര കിറ്റുകൾ . കമ്പിളിപുതപ്പുകൾ.ആരോഗ്യപരിപാലനത്തിന് ഡോക്ടർമാരുടെ സന്ദർശനം, ആവശ്യത്തിന് മരുന്നുകൾ,ഉത്തവാദപ്പെട്ടവർ ഒന്നിനും ഒരു വീഴ്ചയും വരാതിരിക്കാൻ നിതാന്ത ജാഗ്രത പുലർത്തുന്നു.പിരാന്തൻ മാത്രം ചിരിച്ചു കൊണ്ടേ ഇരിക്കുന്നു.

എന്താണിത്ര ചിരിക്കാൻ ?
ആർക്കും അറിയില്ല.
ഇതിനാണല്ലോ "പിരാന്ത് "എന്ന് പറയുന്നത്.നാടൻ ഭാഷയിൽ പറഞ്ഞാൽ "നട്ടപിരാന്ത്. "

ആരോ നീട്ടിയ ഭക്ഷണ സാധനം നോക്കി അയാൾ നീട്ടി തുപ്പിയത്രേ.
ആരാണയാൾ ?

ക്യാമ്പിലേയ്ക്ക് സാധനങ്ങൾ കൊണ്ടുവന്ന ഒരു ലോറി ഡ്രൈവറാണ് ആദ്യം അയാളെ തിരിച്ചറിഞ്ഞത്. ലോഡ് ചെയ്യുകയായിരുന്ന മണൽ ലോറിയുടെ ടയറിന്റെ കാറ്റഴിച്ചുവിട്ട ദ്രോഹി അയാൾ വിളിച്ചു പറഞ്ഞു.

വിവരാവകാശ അപേക്ഷയുമായി തന്റെ ഓഫീസിൽ വന്ന് ബഹളം വച്ച ആ തല്ലുകൊള്ളിയല്ലേ ഇത്.മുതിർന്ന ഒരു റവന്യു ഉദ്യോഗസ്ഥൻ അഭിപ്രായപെട്ടു .

അല്ല ഇയാളല്ലെ മലയോര ഹൈവേ പണി നടക്കുമ്പോൾ ജെസിബി യ്ക്ക് മുന്നിൽ കിടന്ന് സമരം നടത്തിയത് ?

കുടുംബവും നോക്കില്ല. ഒരു ജോലിക്കും പോകില്ല.എന്ത് വികസന പ്രവർത്തനം നടന്നാലും ഇയാളുടെ വക ഒരൊടക്കുണ്ടാവും.

ക്രമേണ ഓരോരുത്തരും അയാളെ തിരിച്ചറിയാൻ തുടങ്ങി. വെറുതെയല്ല ഇയാളൊക്കെ ഗതികിട്ടാതെ അലയുന്നത്.
നാറി. പരമ നാറി.
അത്രയ്ക്ക് ദ്രോഹങ്ങളാണ് ഇയാൾ ചെയ്തു വച്ചത്. ഒരു കാര്യവും നടക്കരുത് .എത്ര ഉദ്യോഗസ്ഥരാണ് ഇയാൾ മൂലം ബുദ്ധിമുട്ടിയത്. ഇയാൾ
പ്രാന്ത് പിടിച്ച് പുഴുവരിച്ച് ചാകണം.

ക്യാമ്പ് കഴിഞ്ഞ് അവസാനത്തെ അഭയാർത്ഥിയും ഒഴിഞ്ഞു പോകുമ്പോഴും ഊറിയൂറി ചിരിച്ചു കൊണ്ട് അയാൾ പറങ്കിമാവിലിരിക്കുന്നുണ്ടായിരുന്നു

എലികെണി

ഹോസ്ദുർഗ് കോടതിയിൽ സാക്ഷി പറയേണ്ട ഡ്യൂട്ടിയിലാണ്.കേസ് വിളിയും മാറ്റിവയ്ക്കലും തകൃതിയായി നടക്കുന്നു.വാദികളും പ്രതികളും സാക്ഷികളുമായി കുറേപേർ വാതിൽക്കലും വരാന്തയിലുമായി തിങ്ങി ഞെരുങ്ങി തങ്ങുടെ ഊഴവും കാത്തിരിക്കുന്നുണ്ട്.എൻറെ കേസ് വിളിയ്ക്കായി കാതോർത്ത് ശ്വാസം പിടിച്ച് ഞാനും നിൽക്കുകയാണ്.
കോടതി ഡ്യൂട്ടി അങ്ങനെയാണ് ചിലപ്പോൾ വൈകുന്നേരം വരെ ഒരേ നിൽപ്പ് നിൽക്കേണ്ടിവരും.ഒന്ന് മാറി നിൽക്കാനും കഴിയില്ല. എപ്പഴാ വിളി  വരിക എന്ന അറിയില്ല.

പ്രശ്നം ഇതൊന്നുമല്ല.കലശലായ മൂത്രശങ്ക.ഇടയ്ക്കൊന്നു പോയി ഒഴിച്ചിട്ടുവരാമെന്ന് മനസ്സാവിചാരിച്ചു പോയി.ഇനിയിപ്പോൾ രക്ഷയില്ല.ഡ്യൂട്ടിയിലുള്ള പോലീസു കാരനോട് പറഞ്ഞ് ടോയ്ലറ്റ് കണ്ടെത്തി കാര്യം സാധിച്ചു.വാക്കുകൾക്കതീതമായ ആശ്വാസവുമായി ഇടനാഴിയിലൂടെ തിരികെ വരുമ്പോഴാണ് എൻറെ കണ്ണുകൾ ഒരെലിപെട്ടിയിലുടക്കിയത്.

അതെ അതിനകത്ത് ഒരു തടവുകാരനുണ്ടായിരുന്നു.അവൻ പ്രതീക്ഷ കൈവിട്ടിരുന്നില്ല.അവൻ അങ്ങോട്ടും ഇങ്ങോട്ടും നീങ്ങിക്കൊണ്ടിരിക്കുകയാണ്.അവൻറെ കണ്ണുകളിലെ പാരവശ്യം എൻറെ ഹൃദയത്തെ ഒരു ബ്ലേഡുകൊണ്ടെന്ന  പോലെ പരിക്കേൽപിച്ചു.വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് അപ്പീലിനുപോലും നിർവ്വാഹമില്ലാതെ  മരണത്തെ കാത്ത് കിടക്കുന്ന കുറ്റവാളിയാണ് താനെന്ന് അവനറിഞ്ഞിരിക്കുമോ.കോടതിമുറിയിൽ നിന്ന് മൂത്രശങ്കയകറ്റാൻ അനുവാദം ചോദിച്ചു വന്നകാര്യം  ഞാനൽപനേരത്തേയ്ക്ക് മറന്നു.എന്തായിരിക്കാം അവൻ ചെയ്ത അക്ഷന്തവ്യമായ കുറ്റം.കോടതിയായതിനാൽ ഭക്ഷണപദാർത്ഥങ്ങളുടെ മോഷണകുറ്റമായിരിക്കില്ല.അനന്തമായി നീണ്ടുപോകുന്ന എതെങ്കിലും സിവിൽ കേസ് ഫയലിൽ അവൻ മൂത്രമൊഴിച്ചിരിക്കാം അല്ലെങ്കിൽ സമയം കൊല്ലാനായി കരണ്ട് തിന്നിരിക്കാം.അതോ ഏതെങ്കിലും എലിപ്പനിക്കാരൻ പ്രതികാരം തീർക്കാൻ കള്ളക്കേസിൽ കുടുക്കിയതുമായിരിക്കും.
ഞാനൊന്നു ചുറ്റും നോക്കി. ഇടനാഴിയിൽ മറ്റാരുമില്ല.ഞാൻ പതുക്കെ എലിപെട്ടിയുടെ   വാതിൽ പട്ടികയിൽ കൈ അമർത്തി.വാതിൽ തുറന്നു.ക്ഷണനേരം കൊണ്ട് എലി പുറത്തിറങ്ങി എങ്ങോ ഓടി മറഞ്ഞു . നന്ദി സൂചകമായി അവൻ എന്നെ നോക്കുക പോലും ചെയ്തില്ല.

ഒന്നു മറിയാത്തതുപോലെ ഞാൻ തിരികെ ഹാളിലെത്തി.ഞാൻ പിടിക്കപ്പെടുമോ എന്ന് ഭയന്നു.അവനെ തൂക്കിലേറ്റാൻ കാത്തിരുന്ന  ആരാച്ചാർ എന്നെപറ്റി ജഡ്ജിനോട് പരാതിപ്പെടുമോ എന്ന് ഞാൻ ഭയന്നു.
അന്ന് കേസ് വിളിക്കുന്നതുവരെ എൻറെ ചിന്തമുഴുവൻ ആ എലിയെ ചുറ്റിപറ്റിയായിരുന്നു.ജീവിതത്തിനും മരണത്തിനുമിടയിലുള്ള നേരിയ അന്തരം എന്നെ വിസ്മയിപ്പിച്ചുകൊണ്ടേ ഇരുന്നു.

ചങ്ങാതി

തത്തി തത്തി കളിക്കുന്ന ചങ്ങാതീ നിന്നെ മാടി മാടി വിളിക്കുന്നു മോനൂട്ടൻ

വാനിലാടി കളിക്കുന്ന ചില്ലകളിൽ
ചാടി ചാടി കളിക്കുന്ന കൂട്ടുകാരാ

മുത്തം തരാം മാമു തരാം പാലു തരാം
ചക്കര തേനപ്പം തരാം ഓടി വരൂ

വേഗം വന്നു ഞങ്ങളൊപ്പം കൂട്ടുകുടു
നല്ല നല്ല പാട്ടുകൾ ഞാൻ ചൊല്ലിത്തരും

മാവിലാടി തൂങ്ങുന്ന മാമ്പഴങ്ങൾ
ഒന്നു രണ്ടു മൂന്നെണ്ണമിട്ടു തരൂ.

മരംചാടി കളിച്ചങ്ങു രസിക്കുമ്പോൾ
പിടിവിട്ടാൽ പൊത്തോനു വീഴൂല്ലേ

ഇലയിലും തടിയിലും ചില്ലയിലും
ഒളിച്ചാലും ഞാൻ കണ്ടു പിടിക്കുമല്ലോ

പട്ടു പോലെ കൊതിപ്പിക്കും നിൻ മേനി
തൊട്ടു നോക്കാനെനിക്കുണ്ടതിമോഹം

ത്സിൽ ത്സിൽ ത്സിൽ ത്സിൽ
ത്സിൽ ത്സിൽ ത്സിൽ ത്സിൽ
താളത്തിൽ നീ വായോ
അണ്ണാറകണ്ണാ പൂവാലാ .........

अच्छे दिन

बच्चा था ।
मन था कच्चा ।
चिंता दूर,
प्यार दुलार भरपूर ।
ऐसा लगा था ।‌
वह दिन बहुत अच्छा था ।

चलते चलते,
बचपना बीता ।
लडकपन आया।
सोचा,
बीता मेरा अच्छा दिन।
खेलकूद की थी दुनिया,
लाई थी भरपूर खुशियां,
फिर लगने लगा,
लौट आये  मेरे अच्छे दिन ।

चलते चलते,
कुंवर होगया ।
बेचैनी शुरू होगया ।
सोचा,
बीते मेरे अच्छे दिन।
सपनों की थी दुनिया,
ऊंचे ऊचे सपने,
उम्मीद भरी अपने।
ऐसा मुझे लगने लगा,
अच्छे दिन फिर आने लगे ।

चलते चलते,
युवक बना।
जिम्मेदारी भारी बना।
सोचा,
मेरे बीते अच्छे दिन।
दुनिया की सुंदरता,
कर्म कांड की सफलता।
भर ली मेरी प्याली।
खुशियों की हरियाली।
अच्छे दिन की खुशहाली।

चलते चलते,
बूढापन  की दहलीज में घडा हुं।
आयू की लकीर,
करने लगी दिल को चीर।
चिंता में हुं,
बीत गई वह अच्छे दिन ।
आशा है यहां भी,
कुछ तो होगा ऐसा चीज।
जो वापस लाएगा,
मेरे अच्छे दिन ।

തുമ്പ പൂ

ആരുമെന്തേ വന്നീല തുമ്പേ
ആരും തിരിഞ്ഞു നോക്കീലേ

തൂമയെഴും
നിൻറെ കുഞ്ഞിളം പൂവുകൾ
ആരും ഇറുക്കാൻ വന്നീലേ .

മണ്ണുനിറച്ചു നിരപ്പായ കണ്ടത്തിൽ
അങ്ങേ തലയ്ക്കലെ
വേലിയ്ക്കരികിലായ്

രണ്ടു നാലഞ്ചു
കുഞ്ഞിളം പൂവുകൾ
ആരെയോ കാത്തതാ നിൽക്കുന്നു.

കുഞ്ഞികൈ ഉള്ളത്തിൽ നല്ല പൂക്കൂടയിൽ
ഒന്നു രണ്ടെണ്ണി നിറക്കാനായ്.

ബാലകാരാരുമെ എത്തിയില്ല.
പൂവിളിയെങ്ങും കേട്ടതില്ല.

തൂമയെഴും വെള്ള പൂക്കളിതാർക്കായി
ചാരുതരമിതു നീവിടർത്തി.

മുറ്റത്ത് മുത്തശ്ശി നന്നായ് മെഴുകിയ
വട്ടത്തിലുള്ളൊരു പൂക്കളത്തിൽ

തൂവെള്ള ശോഭയായ് പുഞ്ചിരി തൂകുന്ന
നിന്നെ കണികണ്ടതോർമ്മമാത്രം

ആരിക്കതിനുണ്ട് നേരമെൻ തുമ്പേ
നിന്നെയും തേടി നടന്നിടുവാൻ

പത്തിരുപത്തഞ്ചു വട്ടം കൊടുത്താലൊ
കിട്ടില്ലേ  ഒത്തിരി കാട്ടുപൂക്കൾ

നൈർമല്യം ചോർന്നോരാഘോഷവേളയിൽ
നിന്നെയെല്ലാരും മറന്നുപോയി.

നിർമ്മല കാന്തി കലർന്ന നിൻ മേനിയും
മോഹിച്ചു  തുമ്പികളലയുന്നു.

നിർമ്മല മാനസരായ മാലോകരും
നന്നേ കുറഞ്ഞില്ലേ പാരിടത്തിൽ

ചെത്തി മന്ദാരം മുകുറ്റി
കല്യാണിയും
കൂട്ടമകന്നു കരയുന്നു.

പൊന്നോണ നാളിൻറെ കേളികേട്ടുള്ളൊരു
പൂവിളി കേൾക്കുന്നു  കവലകളിൽ

കേടില്ല വാടില്ല ഉള്ളിൽ വിഷമുള്ള
മോടിയേറും  പുറം നാട്ടുപുക്കൾ.

മുറ്റത്തുപാകിയ മാർബിൾ പ്രതലത്തിൽ
വെട്ടിത്തിളങ്ങുന്ന പൂക്കളത്തിൽ

ചെന്നു വെറുതേ രസം കളയേണ്ടയെൻ
തമ്പുരാൻറോമന  കൊച്ചു തുമ്പേ.

ഓണ തമ്പുരാൻ്റോമന  കൊച്ചു തുമ്പേ.....

ആരുമെന്തേ....... വന്നീല ...... തുമ്പേ........
ആരും തിരിഞ്ഞു.......... നോക്കീലേ.........

ഓർക്കാതിരിക്കാൻ കഴിയുമോ?

അദ്ധ്യാപിക അയൽക്കാരിയായതിനാൽ അവരുടെ കൈ പിടിച്ചാണ് സ്കൂളിലേക്കുള്ള ആദ്യ യാത്ര.അതെന്നെ വ്യത്യസ്ഥനാക്കി.

പിന്നെ കരുതലും തലോടലും ഇടയ്ക്ക് ലഘുശിക്ഷകളും.

അദ്ധ്യാപനം അവേശമാക്കി മാറ്റിയ അദ്ധ്യാപകനൊപ്പം.

മറ്റു ക്ലാസ്സുകളിലെ ഭയപ്പെടുത്തുന്ന ശിക്ഷാവിധികൾ.ഭാഗ്യത്തിന് ആ അദ്ധ്യാപകരുടെ മുന്നിലെത്തിയില്ല.

പിന്നെ ഏതു നേരവും എനിക്ക് വീട്ടിൽ ഒരദ്ധ്യാപികയെ പറ്റി മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ. എന്തോ ഒരിഷ്ടം.

പിന്നെ ഭയപ്പാടോടെ ഉയർന്ന ക്ലാസ്സിലേക്ക്. കാര്യം അടി തന്നെ. സ്കൂളിൽ പോകുന്നതിന് മുമ്പ് പൂജാമുറിയിൽ ചെന്ന് അടി കിട്ടരുതേ എന്ന പ്രാർത്ഥനയായിരുന്നു.

അത് അധികകാലം നീണ്ടുനിന്നില്ല. സ്നേഹത്തിന്റെ പര്യായമായ അദ്ധ്യാപിക വല്ലാത്ത ഒരു പ്രചോദനമായി.

ബി.എൻ എന്ന് വിളിച്ച് എന്നെ സ്പെഷ്യൽ ആക്കിയ സാർ.

എനിക്കെന്തൊക്കെയോ കഴിവുണ്ടെന്ന് വിശ്വസിച്ചിരുന്ന ഒരു കൂട്ടം അദ്ധ്യാപകർ. പക്ഷെ അവരുടെ പ്രതീക്ഷയ്ക്കൊത്ത് ഒരിക്കലും ഉയരാൻ കഴിയാത്ത ഞാൻ.

 പിന്നെ നല്ല വാക്കുകളും പുകഴ്ത്തലുകളിലൂടെയും എന്നിലെ കഴിവുകളെ പുറത്തെടുക്കാൻ യത്നിച്ച അധ്യാപികമാർ.

സ്റ്റാഫ് റൂമിലേയ്ക്ക് പ്രത്യേകം വിളിച്ച് ലക്ഷ്യം ഒർമ്മിപ്പിച്ച ദ്രോണാചാര്യൻ.

മികവിലെത്തിക്കാൻ എന്റെ ദൗർബല്യങ്ങൾ കണ്ടറിഞ്ഞ് പ്രത്യേക പഠന സൗകര്യം ഒരുക്കിയ സാർ.

കലാലയ ജീവിതത്തിൽ എന്തു കൊണ്ടോ ഒരിക്കലും നല്ല വിദ്യാർത്ഥിയാകാനോ ശ്രദ്ധാകേന്ദ്രമാകാനോ കഴിഞ്ഞില്ലെങ്കിലും അറിവിന്റെ പൂമഴ പൊഴിച്ച ആദരണീയാർ.

പിന്നീട്
അത്മവിശ്വാസം നഷ്ടപെട്ട കാലത്ത് ഒരു പക്ഷെ പടുകുഴിയിൽ പതിക്കാമായിരുന്ന ഘട്ടത്തിൽ എന്നെ പ്രോത്സാഹിപ്പിക്കാൻ എനിക്ക് എന്തൊക്കെയോ കഴിവുണ്ടെന്ന് ധരിച്ച് (തെറ്റി ) വാക്കുകൾ നിർലോഭമായി ഉപയോഗിച്ചവർ.ഞാൻ അർഹിച്ചതല്ലെങ്കിലും ആ വാക്കുകൾ ഞാൻ കുറിക്കുന്നു." എന്റെ ജീവിതമാകുന്ന പുസ്തകത്തിലെ ഒരു പേജ് സുരേഷിനുള്ളതാണ് " വാഗ്മിയും വയോധികനു മായ ആ ആചാര്യന്റ വാക്കുകൾക്ക് അൽപം അതിശയോക്തി ഉണ്ടെങ്കിലും പലരാലും അടിച്ചമർത്തപെട്ടപ്പോഴും പഴി ചാർത്തപെട്ടപ്പോഴും എന്നെ അദ്ദേഹത്തിന്റെ ശരീരത്തോട് ചേർത്ത് നിർത്തി അദ്ദേഹം പറഞ്ഞ വാക്കുകൾ എനിക്ക് ഇന്നും ആശ്വാസമേകുന്നു.

പിന്നെ അദ്ധ്യാപകനെന്ന പേരില്ലാതെ തന്നെ ഫയലെഴുത്ത് പഠിപ്പിച്ചവർ.

നല്ല മാത്യക കാട്ടികൊതിപ്പിച്ച് പാഠം പകർന്ന് തന്നവർ.മോശം മാതൃക കാട്ടി എങ്ങനെയാവരുത് എന്ന പാഠം പറഞ്ഞു തന്നവർ. സൗഹൃദത്തിന്റെ മധുരത്തിൽ ചാലിച്ച് കൂടെ നിന്ന് പഠിപ്പിച്ചു കൊണ്ടേ ഇരിക്കുന്നവർ.

"ഓർക്കാനെത്രയുണ്ടീ
നീണ്ട യാത്രയിൽ
അവയൊക്കെ
ഓർക്കാൻ
കഴിയുന്നതെത്ര ഭാഗ്യം
പറയുവാനില്ലെനിക്കൊരു
വാക്കു പോലും
കാരണം
വിലമതിക്കില്ലൊരു വാക്കും
പ്രത്യുപകാര ഹേതുവായ്
തിരികെ നൽകാൻ "

എന്റെ എല്ലാ ഗുരുവര്യന്മാർക്കും സാദരം പ്രണാമം.

ദാമോരൻറ മോൻ [കാസറഗോഡൻ]

“അല്ല ഇദാരി ആ ദാമോരൻറെ മോനല്ലേ....”

“കയ്യേലപ്പാ എന്ത്ന്നദ് ... റണ്‍ബീറ് തോറ്റോവ്വല്ലോപ്പാ...."

ഓന്‍റ ഒര് പേംടും സര്‍ട്ടും  കന്നടയു , അല്ല അദെന്ത് കാറാ കപ്പലാ.” പോന്ന പോക്ക് കണ്ടങ്ക് മദിയല്ലോ. ഇന്നല ബന്നദോലു. ഓന് ബോംബേല് എന്തോ പണീന്ന് പറേന്ന കേട്ടിന്.പയിനഞ്ച് കൊല്ലായി ഓന്നാ ട് ബിട്ടിട്ട്.നിങ്ങക്കറിയോ ഓന്‍റ കദ.  സംഗതി പറഞ്ഞിറ്റ് കാര്യല്ല.

പണ്ടൊരിക്ക നാട്ടില് ബയങ്കര കള്ളന്‍റ അലമ്പ്. ബേറൊന്നുല്ല ബളപ്പിലെ ഒറ്റ തേങ്ങ ബെച്ചേക്കേല.നാട്ടാര്‍ക്കെല്ലാ ബയങ്കര ബേജാറ്. കള്ളന പിടിക്കാന് കിട്ട്ന്നില്ല.രാത്രി കാവലിര്ന്ന് പോലീസില് പറഞ്ഞ് എന്തെന്തായായലു കള്ളനെ പിടിക്കാനാന്നില്ല. തേങ്ങ കക്ക്ന്നെ കൊറേന്നു ഇല്ല.

എന്ത്യേന ആക്ക്ന്നേന്ന് നാട്ടാറെല്ലാ ബിജാരിച്ചോണ്ടിരിക്കുമ്പോ ഒര്ദിവസം രാവിലെ ഈ ദേമോദരന്‍റ മോന് ബീട്ട്ലേക്ക് ബന്ന്. മോന് പൊര്‍ത്ത് എന്തോ കളിച്ചോണ്ടിണ്ടായി. ഓൻതായ മീത്ത നോക്ക്ന്ന  കാണ്ന്ന്. എന്ന കണ്ടിറ്റാമ്പൊ ഓന്‍ മെല്ല ജാറി. മോനോട് ചോയിക്കുമ്പ പറഞ്ഞ് എന്തെ്ങ്കിലു ചാക്കിരി പണി ഇണ്ടോന്ന് ചോയിക്കാന് ബന്നദ്ന്ന്.അപ്പോ ഞാ ചോയിച്ച് ചാക്കിരി പണി എന്തെ തെങ്ങിന്‍റെ മണ്ടേലോന്ന്.ചെക്കന് കാര്യം തിരിഞ്ഞിറ്റ്ല. എന്‍കപ്പളേ തംസ്യം കൂടീന്.

ദാമോരന്‍റെ മോന  ഞങ്ങ എഡക്ക് ചാക്കിരി പണിക്ക് ബിളിച്ചോണ്ടിണ്ടായി. ദാമോദര എന്‍റെ പയേ ദോസ്ത് ആയോനോണ്ട് പത്തുര്‍പ്യക്ക് ഇരുവദ് കൊഡ്ത്തോണ്ടിണ്ടായി.എത്ര കൊഡ്ത്തങ്കു നമ്മ പറഞ്ഞ താരീക്കിന് ഓന്‍ പണിക്ക് ബരേല.

എന്തായാലു സംഗതി പിടിക്കണല്ലോ ന്ന് പറഞ്ഞിറ്റ് ഞാന് രാത്രി ഒറക്ക് ഒയിഞ്ഞിറ്റ് ഇരിന്ന്.ഞാനെപ്പൊ ഒറങ്ങിയദ്ന്നറിയേല എന്തോ ഒര് കൂറ്റ് കേട്ടിറ്റ് നോക്കുമ്പ ആരോ തലേല് കെട്ട് പൊര്‍തിറ്റ് പായിന്ന്. ലൈട്ട് അഡിച്ച് നോക്കിയപ്പാ സംഗതി ഓനെന്നെ.ബാദില് തൊര്‍നിറ്റ്  പൊര്‍ത്ത് ബരുമ്പളേക്ക് ഓന്‍ പഞ്ഞിറ്റു.

പിറ്റേസം രാവിലെ ഞാന് ചെക്കനോട് കാര്യം പറഞ്ഞിറ്റാമ്പൊ ഓന്‍ പറഞ്ഞ്  അച്ച ബന്നിറ്റ് അലംബാക്കണ്ട ഞാനോൻറ് തരിമൂക്കിന് നാല് ബെച്ചിറ്റ് ബരാന്ന്.പോയോന് നേരെ ബന്നിറ്റ് പറേന്ന് അദോനല്ലച്ചാ ഓന് ഇന്നല കര്‍ണാട  കളിക്ക് പോയിനോലുന്ന്.

ഞാന്‍ പറഞ്ഞ് മോനെ നിന്‍ക്കറിയേല ഞാ കാണിച്ച് തരാ.ഞാന് സീദ ദാമോരന്‍റ  ബീട്ലേക്ക് പോയി.

ദാമോദര നല്ല കുസാല്ല് ബീഡ തിന്നോംണ്ട്  ഇരിക്ക്ന്ന്.ഞാനോന്‍റെ ബെറ് പോരേലേക്ക് നേരെ പോയിറ്റ് നോക്കുമ്പോ ഇണ്ട് രണ്ട് ചാക്ക് തേങ്ങ കെട്ടി ബെച്ചിറ്റിണ്ട്.തെങ്ങില്ലാത്ത ദാമോദരന് തേങ്ങ ഏഡ്ന്ന്ന്ന് ചോയിച്ചദും ദാമോദരന്‍ ദമ്മയ്യ ദക്കയ്യ പറയാന്തൊഡങ്ങി.

കര്‍ണാരേട്ടാ  ദമ്മയ്യ നിങ്ങ എന്ന് കേസ് കൊഡ്തെങ്ക് ഞാനെന്നെ അയിന്‍റെ ബേക്കില് പായണം നിങ്ങ ഒരിക്കല്‍ത്തേക്ക് മാപ്പാക്കീറ്.

അപ്പോ ദാമോരനു അറിഞ്ഞീറ്റെന്നെ ഈ കളവെല്ലാം.
പിന്നെന്ത്യേനപ്പാ ആക്ക്ന്നെ.....ഞാ പറഞ്ഞ് ദാമോരാ ആയദെല്ലാ ആയി. എന്ന് ഈ പണി മദിയാക്കണം.

അന്ന് ദാമോരനൊര് കരച്ചില് കരഞ്ഞിന് എന്‍കിപ്പളു ബിജാരിച്ചിറ്റ് ബേജാറാന്ന്.

പിന്ന നാല് ദിവസം കയിഞ്ഞിറ്റ് ഞാനറീന്നദ് ചെക്കന്‍നാട് ബിട്ടൂന്ന്.

കരുണാകരേട്ടാ...... ബിളി കേട്ടിറ്റ് പൊര്‍തേക്ക് നോക്കുമ്പ് അദാ ദാമോരന്‍റെ മോന് ബന്നിറ്റ്.

ഓര്‍മ്മയുണ്ടോ കരുണാകരേട്ടാ...

അഎസ് ...ബാസയെല്ലാ മാറിപ്പോയിന്.ഓന് നാട്ടില ബാസ മര്‍ന്നേ പോയിന്.

നിങ്ങളെ എനിയ്ക്ക് മറക്കാന്‍ കഴിയില്ല.

അപ്പൊ നീ പയേദൊന്നു മറന്നിറ്റ്ല അല്ലേന്ന് പറയുമ്പൊ ഓന്‍റ ഒര് ചിരി കാണണ്ടെന്നെ.

അത്രാമ്പൊ   ഓനിണ്ട് കാറ്ന്ന് ആരെയോ ബിളിക്ക്ന്ന്.

       “തൃപ്തീ ഇധര്‍ ആവോ ദേഖോ യേ കൌന്‍ ഹൈ.”

 കാറിന്ന് ഒര് പെണ്ണ്കീഞ്ഞിറ്റ് ബന്ന് .

ഞാന് ഫില്‍മില് കണ്ടോല ആയിപ്പോയി. കര്‍ത്ത കന്നഡ എല്ലാ ബെച്ചിറ്റ്.നല്ല ബെള്‍ത്ത  പെണ്ണ്.

“ഇദ്ദേഹം എന്‍റെ ആത്മീയ ഗുരുവാണ് കരുണാകരേട്ടന്‍.എന്‍റെ ഉയര്‍ച്ചയ്ക്ക് പിന്നില്‍,ഇദ്ദേഹത്തിന്‍റെ അനുഗ്രഹമാണ്. “

ഇത്ര നല്ല ഓന തന്നേന് നന്ദി പറേന്നപോല ഓള് രണ്ട് കൈയ്യു ബച്ചിറ്റ് നമസ്കാര ആക്കി.

ഞാനെന്താക്കണ്ടേന്ന് നിരീച്ചിറ്റ് കൊയങ്ങിപോയി.

“ഇദിരിക്കട്ടെ ഒരു മൊബൈല്‍ ഫോണാണ്.”

ബേണ്ടപ്പാന്ന് പറേന്നേന് മുന്നേ ചെക്കന്‍ അദ് മേങ്ങീറ്റായിന്.

പെണ്ണ് കാറില് കേറിറ്റാമ്പൊ ഓനെന്‍റ അഡ്ത്ത് ബന്നിറ്റ് പറഞ്ഞു.

“ഞാനെന്ന് രണ്ട് മാസം ഈഡെന്നെ ഇണ്ടാവു.”
എന്നിറ്റ് കണ്ണിര്‍ക്കീറ്റ്  ഒര് ചിരിയും.

അത്രാമ്പൊ ഞാന്‍ പറഞ്ഞു.

“നാട്ടില് മണ്ടേരി ബന്നേനോണ്ട് തേങ്ങ തീരെ ഇല്ല.”

ഇദ് കേട്ടിട്ട് ഓന്‍ പിന്നേം ചിരിക്കാന്തൊടടങ്ങി.

കാറില് കുത്തിരിക്ക്ന്ന ഓക്ക്  സംഗതി പിടി കിട്ടീറ്റ്ല. ........

അംഗൻത്തെ സംഗതി.

മുങ്ങിയ നാട്

നാടെല്ലാം പുഴയില് മുങ്ങീലോ
നോക്കെന്റെ കണ്ണാ
നാടെല്ലാം പുഴയില് മുങ്ങീലോ

നാടെല്ലാം പുഴയില് മുങ്ങീലോ
നോക്കെന്റെ കണ്ണാ
നാടെല്ലാം പുഴയില് മുങ്ങീലോ

കാട് വെളുപ്പിൽ മുങ്ങി
നാട് കറുപ്പിൽ മുങ്ങി
കാട് വെളിപ്പിച്ചോരുടെ വീടും
മുങ്ങി പോയീലോ കണ്ണാ

നാടെല്ലാം പുഴയില് മുങ്ങീലോ
നോക്കെന്റെ കണ്ണാ
നാടെല്ലാം പുഴയില് മുങ്ങീല്ലോ

ആശ വിശപ്പിൽ മുങ്ങി
മൂശ ചിതലിൽ മുങ്ങി
മീശ പിരിച്ചു ചതിച്ചു പിരിച്ച കാശും
മുങ്ങി പോയ് കണ്ണാ

നാടെല്ലാം പുഴയില് മുങ്ങീലോ
നോക്കെന്റെ കണ്ണാ
നാടെല്ലാം പുഴയില് മുങ്ങീലോ

നാവെല്ലാം ചവറിൽ മുങ്ങി
വാക്കുകൾ കേടിൽ മുങ്ങി
നാവ് വളച്ച് പറഞ്ഞൊരു വാക്കുകൾ പുഴയിൽ മുങ്ങി പോയ് കണ്ണാ

നാടെല്ലാം പുഴയില് മുങ്ങീലോ
നോക്കെന്റെ കണ്ണാ
നാടെല്ലാം പുഴയില് മുങ്ങീലോ

മണ്ണെല്ലാം കാശിൽ മുങ്ങി
വിണ്ണെങ്കിൽ പൊടിയിൽ മുങ്ങി.
മണ്ണിനെ വിണ്ണാക്കാനായെത്തിയൊരണ്ണനും മുങ്ങി പോയ് കണ്ണാ

നാടെല്ലാം പുഴയില് മുങ്ങീലോ
നോക്കെന്റെ കണ്ണാ
നാടെല്ലാം പുഴയില് മുങ്ങീലോ

വാർത്ത കീർത്തിയിൽ മുങ്ങി
രാഷ്ട്രീയം വോട്ടിൽ മുങ്ങി
രാഷ്ട്രപിതാവിൻ ചൊല്ലുകളൊക്കെ ഇരുളിൽ മുങ്ങി പോയ് കണ്ണാ

നാടെല്ലാം പുഴയില് മുങ്ങീലോ
നോക്കെന്റെ കണ്ണാ
നാടെല്ലാം പുഴയില് മുങ്ങീലോ
.
പാടങ്ങൾ മണ്ണിൽ മുങ്ങി
അന്നം റേഷനിൽ മുങ്ങി
പാടത്തിനു മേൽ മേടകൾ പണിയുന്നോരും മുങ്ങി പോയ് കണ്ണാ

നാടെല്ലാം പുഴയില് മുങ്ങീലോ
നോക്കെന്റെ കണ്ണാ
നാടെല്ലാം പുഴയില് മുങ്ങീലോ

വേല വേഷത്തിൽ മുങ്ങി
വിത്ത് വിഷത്തിൽ മുങ്ങി
വേലയ്ക്കൊരു വിലയില്ലാത്തവനും പുഴയിൽ മുങ്ങി പോയ് കണ്ണാ

നാടെല്ലാം പുഴയില് മുങ്ങീലോ
നോക്കെന്റെ കണ്ണാ
നാടെല്ലാം പുഴയില് മുങ്ങീല്ലോ

ഞാനോ മദത്തിൽ മുങ്ങി
മാനം പണത്തിൽ മുങ്ങി
മര്യാദ രാമൻ ചമയുന്നൊരും പാടേ മുങ്ങി പോയല്ലോ കണ്ണാ

നാടെല്ലാം പുഴയില് മുങ്ങീലോ
നോക്കെന്റെ കണ്ണാ
നാടെല്ലാം പുഴയില് മുങ്ങീലോ

പാച്ചിൽ

പാച്ചിലാണ് പാച്ചിൽ,
രണ്ടറ്റം കൂട്ടിമുട്ടിക്കണം,
എല്ലാരും സന്തോഷിക്കണം,
എല്ലാ മനസ്സും നിറയണം,
ബോദ്ധ്യമാവണം എല്ലാർക്കും,
കാലുകൾ തളരുന്നു,
കൈകൾ കുഴയുന്നു,
മനസ്സു തളരുന്നു,
എങ്കിലും,എങ്കിലും,
ആ സുദിനം പിറക്കും,
മനസ്സു കുളിർക്കും,
ചിരി പരക്കും,
സന്തോഷം നിറയും,
ആ ശുഭകരായ കാലത്തെ
ഓർമ്മിപ്പിച്ചു കൊണ്ട്,
വീണ്ടും ,
അങ്ങനെയൊരു കാലമുണ്ടാകുമെന്ന പ്രതീക്ഷ
ഉണർത്തിക്കൊണ്ട്,
ആ സുദിനം,
ഇനിയും വരും.
നിറംകെട്ട പ്രതീക്ഷകൾക്ക്
പുതുജീവൻ പകരാൻ .........