Sunday, May 3, 2020

Ultimate gain !!!

You May
Gain everything
By being bad.
You might
Loose manythings
By being good.
But you will gain Little things
Being good.
Those liltle things
Will only be credited
To your account
When you Leave
This beautiful world !!!

Saturday, May 2, 2020

അന്ധഗായകൻ

ചങ്കുപൊട്ടിപാടുകയാണ്."തലയ്ക്ക് മീതേ ശൂന്യാകാശം താഴെ മരുഭൂമി ". അന്ധഗായകന്റെ കഴുത്തിലെ ഞരമ്പുകൾ വരിഞ്ഞ് മുറുകുന്നത് കാണാം.

ആരും ശ്രദ്ധിക്കും.പാട്ടിന്റെ ഇമ്പം മാത്രമല്ല. ആ കാഴ്ചയില്ലാത്ത കണ്ണുകളുടെ ദൈന്യത അത്രയ്ക്ക് രൂക്ഷമാണ്. ചെറിയ തുട്ടുകൾ മുതൽ പത്തു രൂപാ നോട്ടുകൾ വരെ കിട്ടുന്നുണ്ട്.

ട്രെയിനിലെ സ്ഥിരം കാഴ്ചയാണിത്. പലരും പലതും സംസാരിക്കുന്നു.പാട്ട് നന്നായി ആസ്വദിക്കുന്നവർ പോലും ഓരോ ദിവസവും കക്ഷി സമ്പാദിക്കുന്ന കാശിനെ പറ്റിയാണ് ചർച്ച ചെയ്യുന്നത്.കാര്യം ശരി തന്നെ ആരും കക്ഷിയെ സഹായിക്കുന്നതിൽ ഒരു പിശുക്കും കാണിക്കാറില്ല.

കുറച്ചുനാൾ മുമ്പ് കക്ഷി പാട്ട് നിർത്തി പണം യാചിക്കുമായിരുന്നു. അപ്പോഴും ആവശ്യത്തിന് കാശ് കിട്ടുമായിരുന്നു. ആരും കാരണം ആരാഞ്ഞില്ല. കാരണം ആർക്കും ഊഹിക്കാവുന്നതേയുള്ളൂ.അത്രയ്ക്ക് ശ്രമകരമായിട്ടാണ് അയാൾ പാടുന്നത്.തൊണ്ടയ്ക്ക് ദീനം പിടിച്ചതായിരിക്കും.

ഗായകൻ അന്ധതയുമായി താദാത്മ്യം പ്രാപിച്ചിരിക്കുന്നു. കാഴ്ചയില്ലെങ്കിലും ആരുടെയും സഹായമില്ലാതെ അയാൾ ട്രെയിനിൽ കയറുന്നു, ഇറങ്ങുന്നു.സഹായത്തിനായി ഒരു മരവടി മാത്രം. അയാൾക്ക് വടിയെ വിശ്വസമാണ്.വടിയും അയാളെ കൈയ്യൊഴിയുമെന്ന് തോന്നുന്നില്ല. വടി കണ്ടാലറിയാം വർഷങ്ങളുടെ കൂട്ടാണ്. അതയാൾക്ക് താങ്ങാണ്, സംരക്ഷകനാണ്, വഴികാട്ടിയാണ്, ശക്തിയാണ്, കൂടാതെ സംഗീതത്തിന് അതൊരു താളമാണ്.

ഇന്നത്തെ ഡ്യൂട്ടി കഴിഞ്ഞെന്നു തോന്നുന്നു. അന്ധഗായകൻ ടോയ്ലറ്റിനു സമീപം ചാരി നിൽകുകയാണ്. ഇറങ്ങാനുള്ള സ്റ്റേഷൻ ആയിക്കാണും ഇതൊക്കെ വാച്ചില്ലാതെ പരസഹായമില്ലാതെ അയാൾ മനസ്സിലാക്കും. അതിനയാൾക്ക് ജി.പി.എസ് സംവിധാനങ്ങളോ റെയിൽ ട്രാക്കിംഗ് ആപ്പോ ഒന്നും ആവശ്യമില്ല. അതങ്ങനെയാണ് പഞ്ചേന്ദ്രിയങ്ങളിൽ ഒന്നില്ലെങ്കിൽ അ കുറവ് പരിഹരിക്കാൻ മറ്റിന്ദ്രിയങ്ങൾ കൂടുതൽ ജാഗരൂകവും ശക്തവുമായിരിക്കുമത്രേ.

അവിടെ കൂടിയിരുന്നവരിൽ ഒരാൾ അദ്ദേഹത്തോട് പാട്ടുകളെ പറ്റി സംസാരിക്കുന്നതു കേട്ടു.ദിവസവും രാവേറുന്നതു വരെ റേഡിയോ ഗാനങ്ങൾ കേൾക്കുമത്രേ. അവിടെ കൂടി നിന്നവർ ഓരോ പാട്ടുകളെ പറ്റിയും ഗായകനോട് ചോദിക്കുന്നുണ്ട്.

സന്യാസിനിയും, ചിത്രശിലാപാളികളും, പാമ്പുകൾക്ക്‌ മാളമുണ്ട്, ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ഈ പാട്ടുകളെ പറ്റിയൊക്കെ അദ്ദേഹത്തിന് പറയാനുണ്ട്. ഗായകനും, സംഗീത സംവിധായകനും, രാഗവും ഒക്കെ അറിയാം.പുതിയ കാലത്തെ ഗാനങ്ങളിൽ "എന്തിനു വേറൊരു സൂര്യോദയം " എന്ന ഗാനമാണത്രേ ഏറെ ഇഷ്ടം , ഇത് ഹിമഗിരി തനയേ ഹേമലതേ എന്ന കീർത്തനവുമായി സാമ്യമുണ്ടത്രേ.രാഗങ്ങളെ പറ്റിയും അദ്ദേഹം വാചാലനാകുന്നുണ്ട്. പഞ്ചമവും, നിഷാദവും ചതുശ്രുതി ഋഷഭവും സംസാരത്തിൽ വന്നു.എതിർത്ത് എന്തോ ഒരാൾ പറഞ്ഞത് ഗായകനെ ശരിക്കും ചൊടിപ്പിച്ചു.സംഗീതത്തിൽ അഗാധമായ അറിവും, അഭിപ്രായം പറയാൻ മടിയില്ലാത്ത യാളുമാണ് അയാളെന്ന് ഞങ്ങൾ മനസ്സിലാക്കി.

വണ്ടി വളരെ വേഗം സ്റ്റേഷനോടുക്കകയാണ്.ഇതിനിടയിൽ മറ്റൊരാൾ ചോദിച്ചു "ചേട്ടാ എന്തിനു വേറൊന്നു സുര്യോദയം " ഒന്നു പാടാമോ.

ചെറുപുഞ്ചിരിയോടെ അയാൾ ഇംഗ്ലീഷിൽ മറുപടി നൽകി..
" For rich music may be food for the soul. But for Poor music is the food for the stomach. "

ഇംഗ്ലീഷ് കേട്ട് എല്ലാവരും ഞെട്ടിപോയെങ്കിലും അർത്ഥം എല്ലാവർക്കും പിടികിട്ടി. അതായത് ധനികന് സംഗീതം ആത്മാവിനെ തൃപ്തിപെടുത്താനാണെങ്കിൽ പാവങ്ങൾക്ക് അത് വയറ്റു വഴപ്പാണെന്ന്.

ചുരുക്കി പറഞ്ഞാൽ കാശ് കൊടുത്താലേ പാടൂ. രണ്ടു മൂന്നു പേർ പത്തു രൂപാ നോട്ടുകൾ കൈയ്യിൽ വച്ചു കൊടുത്തു. തലയുയർത്തി , തൊണ്ടയിലെ ഞരമ്പുകൾ വലിച്ച് മുറുക്കി കേൾക്കാനിമ്പമുള്ള ശബ്ദത്തിൽ അയാൾപാട്ടു തുടങ്ങി.

രണ്ടു മൂന്നു വരിയായപ്പോൾ സ്റ്റേഷനെത്തി.കൂടിയിരുന്നവർ ഇറങ്ങാൻ സഹായിക്കാൻ മുതിർന്നു. വേണ്ട ഞാൻ ഇറങ്ങും. അയാൾ പതിയെ വടികുത്തി ഇറങ്ങി. ഇരുട്ടിൽ മറഞ്ഞു.

പരിമിതികളിൽ നിന്നുകൊണ്ട് അയാൾ പടുത്തുയർത്തിയ അയാളുടെ മാത്രം സ്വപ്ന സൗധത്തിലേയ്ക്ക്.

പുലരി

പുലരിയിൽ പുലരുന്നു
എൻ പുതുജീവനം

പതിവായെനിക്കതു
പകരും നിറങ്ങളും

പുതുമയോടെന്നെന്നും
കാത്തിടും കരുതലും

നറുമലരെങ്ങും
പരത്തും സുഗന്ധവും

കിളികുലം പാടുന്ന
കളനിസ്വനങ്ങളും

എവിടെയും കേൾക്കുന്ന
മൗന സങ്കീർത്തനങ്ങളും

മനസ്സിൽ നിറയുന്ന
മധുര പ്രതീക്ഷയും

പ്രിയയമുള്ള പുലരിയോടൊത്തുള്ള നിമിഷങ്ങൾ
പ്രിയതരമാണെനിക്കിന്നുമെന്നും

.

ആൾകൂട്ടം

നിങ്ങളുടെ ഉദ്ദേശ്യം ഞങ്ങൾക്ക് മനസ്സിലായി.
ഞങ്ങളുടെ ഫ്ലക്സ് വലിച്ചു കീറാൻ നിങ്ങൾക്കെന്താ ഇത്ര തിരക്ക്.......
ഒരു കാര്യം പറഞ്ഞേക്കാം കളി ഞങ്ങളോട് വേണ്ട .....
ഇവിടെ മാത്രമെന്താ ഒരു പ്ലാസ്റ്റിക് നിരോധനം.....
മറ്റെവിടെയും ഇല്ലല്ലോ ഇത്.....
മറ്റവന്റെ ഫ്ലക്സ് ഒരു മാസമായി അവിടെ തൂങ്ങുന്നു. അതിന് ആർക്കും ഒരു കുഴപ്പവും ഇല്ല.......
കൊറേ കാലമായി ഞങ്ങൾ ഇത് സഹിക്കുന്നു......
ഇവന് അവരുടെ കൈയ്യീന്ന് കെട്ട് കണക്കിന് കിട്ടുന്നുണ്ട്. .......
മഴ ഇനിയും പെയ്യും......

ആൾകൂട്ടം ആക്രോശിക്കുകയാണ്.മോബ് സൈക്കോളജി മനസ്സിലാക്കിയ ഉദ്യോഗസ്ഥൻ തല കുനിച്ചിരിക്കുകയാണ്. ഒന്നും അങ്ങോട്ട് പറഞ്ഞിട്ട് കാര്യമില്ല. നിയമമാണെന്നും നിയമം പാലിക്കപെടാനുള്ളതാണെന്നും, പരിസ്ഥിതി സംരക്ഷിക്കണമെന്നും സഹകരിക്കണമെന്നും ഒക്കെ പറഞ്ഞിട്ട് കാര്യമില്ല. ഒറ്റയടിക്ക് മറുപടി കിട്ടും. അതുചിലപ്പോൾ തെറിയായിരിക്കും, കൈയ്യാങ്കളിയല്ലെങ്കിൽ ഭാഗ്യം. ഏറിയ പങ്കും ഉദ്യോഗസ്ഥർ നിഷ്പക്ഷമായിത്തന്നെ കാര്യങ്ങൾ കൈകാര്യം ചെയ്യും. എന്നാലും ഇത്തരം പ്രതിസന്ധികൾ സർവ്വസാധാരണം.

ഈ ആൾകൂട്ടം ഏത് സംഘടനയെയോ പ്രസ്ഥാനത്തെയോ പ്രതിനിധികരിക്കുന്നതായാലും സ്ഥിതിഗതികൾ ഏതാണ്ട് ഇതൊക്കെത്തന്നെയാണ്.
മകനേ നിനക്കായ്......

അപമാനം സഹിക്കുന്നു.
വിശപ്പടക്കാതെ കാത്തിരിക്കുന്നു.
പ്രതിസന്ധികളിൽ പിടിച്ച് നിൽക്കുന്നു.
ഓർമ്മമാത്രയിൽ മുലപ്പാൽ ചുരത്തുന്നു.
സന്തോഷങ്ങൾ മാറ്റി വയ്ക്കുന്നു.
നിന്റെ വീഴ്ചയിൽ നീറുന്നു.

അമ്മയ്ക്കതിനു കഴിയാതെ വന്നാൽ
അമ്മ ഇല്ലാതാകും
ഞാൻ അമ്മയല്ലാതാകും
അന്ന് നീ ഒറ്റപെടുമല്ലോ എന്ന ഭയത്താൽ
ഇന്ന് ഈ അമ്മ വെന്തുരുകുന്നു.

നല്ലകാലം

എല്ലാവർക്കും കാണും
ഒരു കാറ്റുപോയി
ചുങ്ങി ചുരുങ്ങിയ കാലം

തൊട്ടതെല്ലാം ചീറ്റിപോകുന്ന
കൈ പിടിയിലൊതുങ്ങാത്ത
കഷ്ടകാലം

വട്ടു പിടിച്ചോടിയാലും
തട്ടിവീഴുന്ന
മുട്ടു കാലം

പതിനെട്ടടവും പയറ്റിയാലും
നേട്ടങ്ങൾ പിടിവിട്ടകലും
ദുരന്തകാലം.

പല വഴി തേടിയാലും
പെരുവഴിയെത്തി തളർന്നിരിക്കുന്ന കെട്ടകാലം

സഹനത്തോടെ കർമ്മപഥത്തിൽ
നേർവഴിയേ ചരിക്കുമെങ്കിൽ
പതിയേ വരും ഒരു നല്ലകാലം

വന്യത

വന്യരാരാണ് നമ്മളിൽ
വനനിവാസികൾ വന്യരായീടുകിൽ
വന്യത കാട്ടിലിന്നേറെ ദുർല്ലഭം
വന്യ ജന്തുക്കൾ നാട്ടിലുണ്ടേറെയായ്

ഒരു സെഞ്ച്വറിയുടെ അപാരത

ഞങ്ങൾ (ജയ്ഹിന്ദ് മുള്ളേരിയ) അന്ന് താളിപടപ്പ് മൈതാനത്ത് നേരത്തേ എത്തിയിരുന്നു. അത് ആ വർഷത്തെ ജില്ലാ ബി ഡിവിഷൻ ക്രിക്കറ്റ് ക്വാളിഫൈയിംഗ് റൗണ്ടിലെ രണ്ടാമത്തെ മത്സരമായിരുന്നു.എതിരാളി ശക്തരാണ്."തമ്പ് " മേൽ പറമ്പ്.

നിശ്ചിത സമയം കഴിഞ്ഞിട്ടും എതിർ ടീം എത്തിയില്ല. ഞങ്ങൾ വാക്ക് ഓവർ പ്രതീക്ഷിച്ച് ഇരുന്നു.കിറ്റും ബാഗും പാക്ക് ചെയ്യാൻ തുടങ്ങിയപ്പോൾ അതാ ഞങ്ങളെ നിരാശയിലാക്കി ടീം ബസിറങ്ങി.

വൈകി എത്തിയതിനാൽ ഞങ്ങൾക്ക് വേണമെങ്കിൽ സംഘാടകരോട് "വാക്ക് ഓവർ " ആവശ്യപെടുമായിരുന്നു.എന്നാൽ ഞങ്ങളതു ചെയ്തില്ല ടോസിനു തയ്യാറായി.ഞാൻ തന്നെയായിരുന്നു നായകൻ.ടോസ് നേടിയ ഞങ്ങൾ ബാറ്റ് ചെയ്യാൻ തീരുമാനിച്ചു.അന്ന് അങ്ങനെയായിരുന്നു. ആദ്യം സമ്മർദ്ദമില്ലാതെ ബാറ്റ് ചെയ്യാനാണ് ഞങ്ങൾ ഇഷ്ടപ്പെട്ടത്. വൈകിയതിനാൽ മത്സരം 35 ഓവറാക്കി കുറച്ചിരുന്നു.

തുടക്കത്തിൽ ഞങ്ങൾ റണ്ണെടുക്കാൻ വളരെ വിഷമിച്ചു. പന്ത് നന്നായി സ്വിംഗ്‌ ചെയ്യുന്നുണ്ടായിരുന്നു. പന്ത് പല പ്രാവശ്യം ബാറ്റിനെ കബളിപ്പിച്ച് വിക്കറ്റ് കീപ്പറുടെ കൈയ്യിലെത്തി.തുടക്കത്തിലേ രണ്ടു തവണ സ്ലിപ്പിൽ ക്യാച്ചിൽ നിന്ന് രക്ഷപെട്ടു. എട്ട് ഓവർ കഴിഞ്ഞപ്പോൾ സ്കോർ 10 ഒരാൾ പുറത്താക്കുകയും ചെയ്തു.വളരെ കണിശതയാർന്ന ബൗളിംഗാണ്.

ഇന്നിംഗ്സ് ഓപ്പൺ ചെയ്ത എന്നോടൊപ്പം മറുവശത്ത് കേശവേട്ടനാണ്. പന്തികേട് തോന്നിയ അദ്ദേഹം എന്റെയടുത്ത് വന്ന് പറഞ്ഞത് ഞാനോർക്കുന്നു.

"അൽപ്പം റിസ്ക് എടുക്കുക. നോക്കി അടിച്ചോളൂ."

ഞാൻ തയ്യാറായി നിന്നു. ഗുഡ് ലങ്ങ്ത്തിൽ തുടർച്ചയായി പന്തെറിഞ്ഞു വന്ന ബൗളറെ ആക്രമിക്കാൻ നല്ല വഴി കയറി അടിക്കുക എന്നതാണ്. ഇടതുകാൽ അൽപം മുന്നോട്ട് കയറ്റി വച്ച് അടുത്ത പന്ത് ഞാൻ ഉയർത്തിയടിക്കാൻ തീരുമാനിച്ചു.പന്ത് കൃത്യമായി ബാറ്റിൽ കൊണ്ടു. ബൗളറുടെ തലയ്ക്ക് മീതെ ബൗണ്ടറി. ഏതൊരു ബൗളറെയും കയറിയടിച്ചാൽ തൊട്ടടുത്ത പന്ത് ഷോർട്ട് ഓഫ് ഗുഡ് ലങ്ങ്ത്ത് ആയിരിക്കും, അതായത് നീളം കുറച്ചെറിയും.അതൊരു സൈക്കോളജി ആണ്. പ്രതീക്ഷിച്ച പോലെ അടുത്ത പന്ത് അങ്ങനെ തന്നെ ഷോർട്ട് ആണ്. കുറേ മുമ്പിൽ പിച്ച് ചെയ്ത പന്തിനെ ഞാൻ പോയിന്റ് ബൗണ്ടറിയിലേക്ക് സ്ക്വയർ കട്ട് ചെയ്ത് തുടർച്ചയായ രണ്ടാമത്തെ ബൗണ്ടറി നേടി.ഇതോടെ ബൗളറുടെ താളം തെറ്റി. എതിർ ടീമിന്റെ താളം തെറ്റി. ഞാൻ കൂടുതൽ അക്രമിച്ച് കളിച്ചു. തലങ്ങും വിലങ്ങും അടിച്ചു. എനിക്കറിയാമായിരുന്നു. അന്ന് ഭാഗ്യം എന്റെ കൂടെയാണെന്ന്.എന്റെ നാല് ക്യാച്ചുകൾ അവർ വിട്ടുകളഞ്ഞിരുന്നു. ഇതിനിടയിൽ കാസറഗോഡ് - മംഗലാപുരം ദേശീയ പാതയിലേക്ക് ഒരു സിക്സറും ഞാൻ പായിച്ചു.ഗ്രാമീണ മേഖലയിൽ നിന്ന് വരുന്ന ഞങ്ങളുടെ ടീം മുന്നേറുന്നത് എതിർ ടീമിന് സുഖിക്കുന്നുണ്ടായിരുന്നില്ല.അവർ പലതും പുലമ്പിക്കൊണ്ടിരുന്നു. പിന്നീടാണ് അത് സ്ലെഡ്ജിംഗ് ആണെന്ന് ഞാൻ തിരിച്ചറിഞ്ഞത്.ശിവദാസിൽ എനിക്ക് നല്ല ഒരു പങ്കാളിയെ കിട്ടി. സ്കോർ മുന്നോട്ട് കുതിച്ചു.

പെട്ടെന്ന് ഗ്രൗണ്ടിലേയ്ക്ക് സുബ്രഹ്മണ്യൻ ഓടി വരുന്നത് കണ്ടു.

"നീ 96 ലാണ് ശ്രദ്ധിച്ചു കളിക്കണം."

ഞാൻ സെഞ്ച്വറിയോടടുക്കുകയാണ്.

ഞാനെന്റെ ഗിയർ മാറ്റി.നാല് സിംഗിളെടുത്ത് സെഞ്ച്വറി തികച്ചു. ബാറ്റുയർത്തി എഴുന്നേറ്റ് ബൗണ്ടറി ലൈനിൽ നിന്ന് കൈയ്യടിക്കുന്ന സഹകളിക്കാരെ അഭിവാദ്യം ചെയ്തു. എതിർ ടീമിലെ ഒന്നു രണ്ടു കളിക്കാരും അഭിനന്ദിച്ചു.

വല്ലാത്ത ഒരു അനുഭവമായിരുന്നു.101 ൽ വച്ച് ഇല്ലാത്ത റണ്ണിനായി ഓടിയ ഞാൻ റണ്ണൗട്ടായി. പാഡും മറ്റും അഴിച്ച് ഞാൻ നേരെ ചെന്നത് സ്കോർ രേഖപെടുത്തുന്ന സ്ഥലത്താണ്. രേഖപെടുത്തലുകൾ വിശദമായി നോക്കി കണ്ട് നിർവൃതി അടഞ്ഞു.13 ഫോറും ഒരു സിക്സറും.

ബി.എൻ.സുരേഷ് റണ്ണൗട്ട് 101.

അങ്ങനെ എന്റെ പേരിലും ഒരു സെഞ്ച്വറി. അവിശ്വസനീയം.ഒരു ലക്ഷ്യം അത് നേടിയതിലെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. അഭിനന്ദനങ്ങൾ കൊണ്ട് മൂടിയവർക്ക് മുന്നിൽ ഞാൻ വിനയാന്വിതനായി.
"എന്റെ നാല് ക്യാച്ച് വിട്ടിരുന്നു.അതു കൊണ്ടാ."

അങ്ങനെ പറഞ്ഞതിന് സുഹുത്ത് ശിവദാസ് എന്നെ ശാസിച്ചു.

മേലിൽ അങ്ങനെ പറയരുത് സെഞ്ച്വറി എന്നും സെഞ്ച്വറി തന്നെ.

മത്സരം ഞങ്ങൾ ജയിച്ചു.വാർത്ത എല്ലായിടത്തും പരന്നു. കോളേജിലും വാർത്തയായി. അന്ന് ഡിഗ്രി ഫൈനലിയ റായിരുന്നു.സുരേഷിന് ജില്ലാ ബി.ഡിവിഷനിൽ സെഞ്ച്വറി.ബസിൽ കയറിയപ്പോൾ കണ്ടക്ടർ ചോദിക്കുന്നു.സെഞ്ച്വറി അടിച്ചു അല്ലേ. ക്രിക്കറ്റ് ഇഷ്ടപെടുന്നവരുടെ ഇടയിൽ അതൊരു വാർത്ത തന്നെയായിരുന്നു.

അതെ ഞാൻ കൂടുതൽ അറിയപെടാൻ തുടങ്ങി.

എന്നും ഓർമ്മിക്കാനും താലോലിക്കാനും ഞാൻ സ്വന്തമാക്കായ ഏക സെഞ്ച്വറി.

ജീവിതം ഒരു കണക്കിലെ കളിയാണ്.അതു പോലെ കണക്കുകൾക്കും നാഴികക്കലുകൾക്കും ഏറെ പ്രാധാന്യമുള്ള ഒരു കളിയാണ് ക്രിക്കറ്റ്. ഏതു തലത്തിലായാലും ഒരു കളിക്കാരൻ എന്ന നിലയിൽ ക്രിക്കറ്റിൽ സെഞ്ച്വറി ഒരു നാഴിക കല്ലാണ്. ഇന്നും ഞാനത് ഓർമ്മയിൽ സൂക്ഷിക്കുന്നു. 32 വർഷം പഴക്കമുള്ളതാണെങ്കിലും.

( ഇത് ബഡായി അല്ല.)

ശാന്തൻ

പരശുറാം എക്സ്പ്രസ് പതുക്കെ സ്റ്റേഷനിലെത്തി ഞരങ്ങി നിന്നു. ശാന്തൻ അന്നും കടല കൊറിച്ച് സിമന്റ് ബെഞ്ചിലിരിക്കുന്നുണ്ട്. മറ്റ് യാത്രക്കാരെ പോലെ അയാൾക്ക് വണ്ടിയിൽ കയറാൻ യാതൊരു തിരക്കുമില്ല. യാത്രക്കാർ ഇറങ്ങുമ്പോഴേക്കും അയാൾ പതുക്കെ എഴുന്നേറ്റു വരും.

ട്രെയിൻ യാത്രയ്ക്കിടയിൽ ഒരു ദിവസം പോലും അദ്ദേഹം സീറ്റിനുവേണ്ടി ശ്രമിക്കുന്നതായി ഞാൻ കണ്ടിട്ടില്ല.നിലകടല ചവച്ചു കൊണ്ട് അദ്ദേഹം ഡോറിന് സമീപം നിൽക്കും.

ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്.
ഒരാൾക്ക് എങ്ങനെ ഇത്ര ശാന്തനാവാൻ കഴിയും ?  മീശ രോമങ്ങൾക്കിടയിലൂടെ തെളിയുന്ന ചിരി എത്ര മധുരതരമാണ്. സംസാരം എത്ര മൃദുവാണ്.

ആദ്യം പരിചയപ്പെട്ടപ്പോൾ പേര് പറഞ്ഞിരുന്നു.പക്ഷെ ഞാനത് മറന്നു പോയി. സ്ഥിരം കാണുന്ന ഒരാളോട് എങ്ങനെയാ പേര് ചോദിക്കുക. അങ്ങനെയാണ് ഞാൻ ശാന്തനെന്ന പേര് ചാർത്തിയത് .

സ്വതവേ ഒരന്തർമുഖനായ എനിക്കെന്തോ ശാന്തനെ ഇഷ്ടമാണ്. അധികമാരോടും സംസാരിക്കാത്ത ഞാൻ അദ്ദേഹത്തോട് സംസാരിക്കുന്നത് കണ്ട് സഹയാത്രികർ അദ്ഭുതത്തോടെ ഞങ്ങളെ നോക്കാറുണ്ട്. ലോകത്തിനു കീഴിലുള്ള എന്ത് കാര്യവും അദ്ദേഹത്തോട് സംസാരിക്കാം. ഞാനെന്തു പറഞ്ഞാലും അത് നന്നായി കേൾക്കും. എന്നെ കൂടുതൽ സംസാരിക്കാൻ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ പ്രതികരിക്കും. ഒരിക്കൽ പോലും സംഭാഷണം മുറിച്ച് പ്രതിവാദങ്ങൾ നിരത്തുകയോ കൂടുതൽ സംസാരിച്ച് മുഷിപ്പിക്കുകയോ ചെയ്യില്ല. എല്ലാം ഒരു ചെറു പുഞ്ചിരിയുടെ അകമ്പടിയോടെ ക്ഷമാപൂർവ്വം കേൾക്കും വളരെ സൗമ്യമായി അഭിപ്രായം പറയും.

അദ്ദേഹം എന്നെ പുരാണത്തിലെ ഏതോ യോഗിവര്യനെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു. അടുത്തിരിക്കാൻ ക്ഷണിച്ചാൽ സ്നേഹപൂർവ്വം നിരസിക്കുമെങ്കിലും നിർബന്ധിച്ചാൽ കൂടെ വന്നിരിക്കും. അടുത്ത സ്റ്റേഷനിൽ ട്രെയിനിറങ്ങി ശാന്തനായി നീങ്ങുന്നത് അദ്ദേഹം കണ്ണിൽ നിന്ന് മറയുന്നത് വരെ ഞാൻ നോക്കി നിൽക്കും.

ടൗണിലുള്ള ഏതോ ഒരു ചെറിയ കമ്പനിയിലാണ് കക്ഷി ജോലി ചെയ്യുന്നത്. ജോലിയെ പറ്റി പറയുമ്പോഴും കക്ഷി പൂർണ്ണ സംത്യപ്തനാണ്.

ഒരു മനുഷ്യന് എങ്ങനെ ഇങ്ങനെയാവാൻ പറ്റും. എന്നെ സംബന്ധിച്ചുത്തോളം അദ്ദേഹം ശാന്തതയുടെ മൂർത്തീ മദ്ഭാവമാണ്. ഓരോ ദിവസവും ട്രെയിൻ സ്റ്റേഷനിലെത്തുമ്പോൾ എന്റെ കണ്ണുകൾ ശാന്തനെ കാണാനായി തിരയും. മിക്ക ദിവസങ്ങളിലും അദ്ദേഹം ഒരേ സ്ഥലത്ത് കാണും. അദ്ദേഹത്തോടു സംസാരിക്കുമ്പോൾ എനിക്ക് വിഷയ ദാരിദ്ര്യമുണ്ടാകാറില്ല.കൂടാതെ ഞാനെന്ന ഭാവം ലവലേശം പോലും കാണാനും കഴിഞ്ഞില്ല.

ജീവിതത്തിൽ ഒരു വിഷയവും അദ്ദേഹത്തെ അലട്ടുന്നില്ല എന്ന് എനിക്ക് തോന്നി. എങ്ങിനെയാണ് അദ്ദേഹം ഈ ഒരു സ്ഥായീഭാവത്തിലെത്തിയത് ? നേരിട്ട് ചോദിച്ചില്ലെങ്കിലും ആ വിദ്യ മനസ്സിലാക്കണമെന്ന് ഞാൻ നിശ്ചയിച്ചു.

അങ്ങനെയിരിക്കെ ഒരു ദിവസം കക്ഷിയെ കണ്ടില്ല.പിറ്റേ ദിവസം മാതൃഭൂമിയിലെ ചരമ കുറിപ്പിലൂടെ കടന്നു പോകുമ്പോൾ എന്റെ കണ്ണുകൾ ഒരു ഫോട്ടോയിൽ ഉടക്കി.വീണ്ടും വീണ്ടും നോക്കി ഞാനുറപ്പു വരുത്തി. അത് ശാന്തൻ തന്നെ.

കിഴക്കേവീട്ടിൽ ദാമോദരൻ നായരുടെയും കല്യാണിയുടെയും രണ്ടാമത്തെ മകൻ ബാലഗോപാലൻ (53) കുഴഞ്ഞു വീണു മരിച്ചു.

എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ജീവിതം എത്ര ക്ഷണഭംഗുരമാണെന്ന് ഒരിക്കൽക്കൂടി എന്നെ ഓർമ്മിപ്പിച്ചു കൊണ്ട് ഒരു മരണം കൂടി കടന്നു പോയി.പക്ഷെ ബാലഗോപാലൻ എന്നിലുണ്ടാക്കിയിട്ടുള്ള ചലനങ്ങൾ എന്നെ നയിച്ചത് പരേതന്റെ വീട്ടിലേയ്ക്കാണ്.

എനിക്ക് അധികം അന്വേഷിക്കേണ്ടി വന്നില്ല. ചിതയെരിയുന്ന മരണവീടിന് സമീപം ഞാനെത്തി. ആദ്യം കണ്ടയാളോട് ഞാൻ കാര്യം തിരക്കി.

ഹൃദയാഘാതമായിരുന്നു.ഇരുപത് വർഷം മുമ്പ് ബൈപാസ് സർജറി നടത്തിയതാണ് - ഡോക്ടർമാർ പത്തു വർഷമാണ് പറഞ്ഞത് ഇക്കഴിഞ്ഞ പത്ത് വർഷം പുള്ളിക്ക് ബോണസായിരുന്നു. ബാലൻ ഏതു നിമിഷവും മരണത്തെ പ്രതീക്ഷിച്ചിരുന്നു.അതു പോലെത്തന്നെ ഞങ്ങളും.

എന്നെ ആർക്കും അറിയാത്തതുകൊണ്ട് ഞാൻ കൂടുതൽ ആരോടും സംസാരിക്കാൻ നിന്നില്ല. എരിയുന്ന ചിതയ്ക്കരികിൽ ഒരു വേള കണ്ണടച്ച് നിന്ന് ഞാൻ തിരികെ നടന്നു.

കുറേ നാളായി എന്നെ അലട്ടിയിരുന്ന  സമസ്യയ്ക്കുള്ള ഉത്തരം കിട്ടി. ഒരാൾക്ക് എങ്ങനെ ഇത്ര ശാന്തനാകാം.
എങ്ങനെ മറ്റുള്ളവരെ പ്രചോദിപ്പിക്കാം, ഞാനെന്ന ഭാവമില്ലാതെ എങ്ങനെ മറ്റുള്ളവരുമായി ഇടപഴകാം,
സ്വയം പ്രകാശിച്ചു കൊണ്ട് മറ്റുള്ളവരിലേക്ക് എങ്ങനെ പ്രകാശം പരത്താം.

ജീവിതത്തിന്റെ നിസ്സാരതയെയും ക്ഷണഭംഗുരതയും തിരിച്ചറിഞ്ഞാൽ ആർക്കും ശാന്തനെ പോലെയാകാം.

അവൾ

അവൾ വന്നു
പ്രഭ ചൊരിഞ്ഞു
അവൾ പോയി
ഇരുൾ പടർന്നു.

കോവിഡൻ

കോവിഡൻ

അധികൃതരുടെ കരുതൽ നടപടികൾക്കൊപ്പമാണ് ഞാൻ

തമാശകളൊക്കെ മാറ്റിവയ്ക്കും
അത് പ്രവർത്തനങ്ങളെ ശക്തിപെടുത്തുന്നില്ലെങ്കിൽ

മുതലെടുപ്പുകൾക്കും ഞാനില്ല
കാർമേഘങ്ങൾ മാറുമ്പോൾ -
അതിനിനിയും ഉണ്ട് അവസരങ്ങൾ

ഇതങ്ങനെ താനേ ഒതുങ്ങില്ല. കരുതിയിരിക്കണം
പലരും പലതും പറയും

സർക്കാർ സംവിധാനങ്ങൾക്കൊപ്പം -
ഒറ്റ മനസ്സോടെ

പക്ഷെ
ഒത്തുചേരൽ വേണ്ട
കുറച്ചു കാലത്തേക്കല്ലേ.

ഇതും കടന്നു പോകും ......

ചിത്രഹാർ

ചിത്രഹാറിനു വേണ്ടി കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. ആഴ്ചയിൽ രണ്ടു ദിവസം. ശ്വാസം പിടിച്ചാണ് ആ അരമണിക്കൂർ ടെലിവിഷൻ കാണുന്നത്. മനോഹരമായ ഹിന്ദി ഗാനങ്ങൾ.കിഷോർ കുമാറും മുഹമ്മദ് റഫിയും ഷമ്മി ,രാജ് കപൂർമാർ ഇടയ്ക്ക് ബച്ചനും, ജിതേന്ദ്രയും, രാജേഷ് ഖന്നയും മിഥുൻ ചക്രവർത്തിയും,കമഹാസനും.

കറന്റ് പോകരുതേ എന്നായിരുന്നു പ്രാർത്ഥന. വീട്ടിൽ ഞാൻ ഒരു അമാനുഷിക കഴിവുള്ള ഒരാളായിരുന്നു. കുടുംബാംഗങ്ങൾ ആകാംക്ഷയോടെ കറൻറ് വരാൻ കാത്തിരിക്കുമ്പോൾ ഞാൻ ഒരു പ്രഖ്യാപനം നടത്തും ഞാൻ പത്ത് എണ്ണുമ്പോഴേക്കും കറന്റ് വരും.

എന്റെ ഭാഗ്യത്തിന് ആദ്യത്തെ തവണ തന്നെ ഞാൻ ജയിച്ചു. ഒമ്പത് ആകുമ്പോഴേക്കും കറന്റ് വന്നു. ഞങ്ങൾ സന്തോഷത്തോടെ ചിത്രഹാർ കണ്ടു.

പറഞ്ഞാൽ വിശ്വസിക്കില്ല മറ്റൊരു തവണ കൂടി എന്റെ നമ്പർ വിജയിച്ചു. ഇത്തവണ അഞ്ച് ആയപ്പോഴേക്കും ബൾബുകൾ പ്രകാശിച്ചു.

 എന്റെ ഇളയവർ ഇതൊരു കഴിവായി അംഗീകരിച്ചു.എന്തിനേറെ അമ്മ പോലും എന്റെ നമ്പരിൽ പ്രതീക്ഷ അർപ്പിച്ചു.കാരണം ചിത്രഹാർ എന്തു വില കൊടുത്തും കാണണം.

 ഇത്രയുമായപ്പോൾ എനിക്ക് ചെറിയൊരു ഉൾഭയമുണ്ടായിത്തുടങ്ങി. ഇതെങ്ങാനും പരാജയപെട്ടാൽ ?

അതു തന്നെ സംഭവിച്ചു. അടുത്ത പ്രാവശ്യം എണ്ണം പത്തു കടന്ന് പതിനഞ്ചായിട്ടും കറന്റ വന്നില്ല. സർവ്വ ദൈവങ്ങളെയും വിളിച്ച് കൂടുതൽ ഏകാഗ്രതയോടെ വീണ്ടും എണ്ണി. രക്ഷയില്ല. കാറന്റ് വരുന്നില്ല. സമയം 8.10 ആയി ചിത്രഹാറിലെ രണ്ട് പാട്ടുകൾ കഴിഞ്ഞിട്ടുണ്ടാകും.

പെങ്ങൾ മാരുടെ ഇടയിൽ കടുത്ത നിരാശ.എങ്കിലും ചിത്രഹാർ നഷ്ടപെടുന്ന വ്യസനത്തിൽ അവർ എന്നെ കളിയാക്കിയില്ല. അപമാനിതനായ ഞാൻ അറ്റകൈക്ക് ഒരു നമ്പർ' കൂടി ഇട്ടു.

ഞാനെണ്ണുമ്പോൾ ചേട്ടൻ നല്ലവനാണെന്ന് മനസ്സിൽ വിചാരിക്കണം. എന്നാലേ ഉദ്ദേശിച്ച ഫലസിദ്ധി ഉണ്ടാകൂ.

എന്റെ എല്ലാ വികൃതികൾക്കും ഇരയായി കൊണ്ടിരിക്കുന്ന അവർ മനസ്സില്ലാമനസ്സോടെ അതിനും തയ്യാറായി.

ഞാൻ എണ്ണാൻ തുടങ്ങി. ഇരുപതു വരെ നീട്ടിയെങ്കിലും കറന്റ് വന്നില്ല.

ഒടുവിൽ നിങ്ങൾ മനസ്സിൽ എന്നെ പറ്റി മോശം വിചാരിച്ചതാണ് കാരണമെന്ന് അവരെ കുറ്റപ്പെടുത്തി ഞാൻ മുറി വിട്ടിറങ്ങിയപ്പോൾ അതാ കറന്റ് വന്നു.

കറന്റു വന്നതും ഞങ്ങൾ മൂന്നു ചേരും സ്വിച്ചിനടുത്തെത്തിയതും ഒന്നിച്ചായിരുന്നു.

 സ്ക്രീനിൽ ചിത്രം തെളിയുന്ന ഇടവേളയിൽ ഞാൻ ഒന്നൂടെ തട്ടി വിട്ടു. അപ്പോൾ ചേട്ടൻ നല്ലവനാണെന്ന് നിങ്ങൾ സമ്മതിച്ചു അല്ലേ.

അപ്പോഴേക്കും ചിത്രഹാർ കഴിഞ്ഞിരുന്നു. അവസാനം വാഷിംഗ് പൗഡർ നിർമ്മ, ദൂധ് കീ സഫേദീ ....... എന്ന പരസ്യം കണ്ട് ഞങ്ങൾ നിർവൃതി അടഞ്ഞു.

പിന്നീടൊരിക്കലും എത്ര നിർബന്ധിച്ചിട്ടും ഞാൻ കറൻറ് വരുത്തുന്ന വിദ്യ പരീക്ഷിച്ചിട്ടില്ല.

നിലപാട്

യാത്രകൾ ആസ്വാദ്യകരമായിരിക്കണം. ബസ്സ് വിടുമ്പോൾ വായിൽ നിറച്ച് മുറുക്കാൻ വേണം. പതുക്കെ രസമിറക്കണം. സൈഡ് സീറ്റ് വേണം. ടിക്കറ്റെടുക്കുമ്പോൾ സ്ഥലം പറയേണ്ടി വരും. ചിറിയിലുടെ ഒലിച്ചിറങ്ങുന്നത് തുടച്ചെടുത്ത് അത് നോട്ടിൽ തേച്ച് കണ്ടക്ടർക്ക്. പിന്നെ ബസ് സ്റ്റോപ്പിലെത്തുമ്പോൾ പുറത്തേക്ക് ഒരു ചീറ്റൽ.റോഡിലും ബസിന്റെ കമ്പിയിലും പുറത്ത് ബോഡിയിലും നേർത്ത കണികകളായി പിൻവശത്തെ യാത്രക്കാരുടെ ദേഹത്തും.ശേഷിക്കുന്നത് ചിറിയിൽ നിന്നും തുടച്ചെടുത്ത് കമ്പിയിലും.

എന്റെ കാശ്, എന്റെ വെറ്റില, എന്റെ ചുണ്ണാമ്പ് ,എന്റെ പുകല, എന്റെ നിലപാട്.