Saturday, September 2, 2017

തുമ്പ പൂ

ആരുമെന്തേ വന്നീല തുമ്പേ
ആരും തിരിഞ്ഞു നോക്കീലേ

തൂമയെഴും നിൻറെ കുഞ്ഞിളം പൂവുകൾ
ആരും ഇറുക്കാൻ വന്നീലേ .

മണ്ണുനിറച്ചു നിരപ്പായ കണ്ടത്തിൽ
അങ്ങേ തലയ്ക്കലെ വേലിയ്ക്കരികിലായ്

രണ്ടു നാലഞ്ചു കുഞ്ഞിളം പൂവുകൾ
ആരെയോ കാത്തതാ നിൽക്കുന്നു.

കുഞ്ഞികൈ ഉള്ളത്തിൽ നല്ല പൂക്കൂടയിൽ
ഒന്നു രണ്ടെണ്ണി നിറക്കാനായ്.

ബാലകാരാരുമെ എത്തിയില്ല.
പൂവിളിയെങ്ങും കേട്ടതില്ല.

തൂമയെഴും വെള്ള പൂക്കളിതാർക്കായി
ചാരുതരമിതു നീവിടർത്തി.

മുറ്റത്ത് മുത്തശ്ശി നന്നായ് മെഴുകിയ
വട്ടത്തിലുള്ളൊരു പൂക്കളത്തിൽ

തൂവെള്ള ശോഭയായ് പുഞ്ചിരി തൂകുന്ന
നിന്നെ കണികണ്ടതോർമ്മമാത്രം

ആരിക്കതിനുണ്ട് നേരമെൻ തുമ്പേ
നിന്നെയും തേടി നടന്നിടുവാൻ

പത്തിരുപത്തഞ്ചു വട്ടം കൊടുത്താലൊ
കിട്ടില്ലേ ഒത്തിരി കാട്ടുപൂക്കൾ

നൈർമല്യം ചോർന്നോരാഘോഷവേളയിൽ
നിന്നെയെല്ലാരും മറന്നുപോയി.

നിർമ്മല കാന്തി കലർന്ന നിൻ മേനിയും
മോഹിച്ചു തുമ്പികളലയുന്നു.

നിർമ്മല മാനസരായ മാലോകരും
നന്നേ കുറഞ്ഞില്ലേ പാരിടത്തിൽ

ചെത്തി മന്ദാരം മുകുറ്റി കല്യാണിയും
കൂട്ടമകന്നു കരയുന്നു.

പൊന്നോണ നാളിൻറെ കേളികേട്ടുള്ളൊരു
പൂവിളി കേൾക്കുന്നു കവലകളിൽ

കേടില്ല വാടില്ല ഉള്ളിൽ വിഷമുള്ള
മോടിയേറും പുറം നാട്ടുപുക്കൾ.

മുറ്റത്തുപാകിയ മാർബിൾ പ്രതലത്തിൽ
വെട്ടിത്തിളങ്ങുന്ന പൂക്കളത്തിൽ

ചെന്നു വെറുതേ രസം കളയേണ്ടയെൻ
തമ്പുരാൻറോമന കൊച്ചു തുമ്പേ.

ഓണ തമ്പുരാൻ്റോമന കൊച്ചു തുമ്പേ.....

ആരുമെന്തേ....... വന്നീല ...... തുമ്പേ........ ആരും തിരിഞ്ഞു.......... നോക്കീലേ.........

ആധാരം

ശിഖരങ്ങളായ് വഴിപിരിഞ്ഞാലും
മണ്ണിലൂന്നിയ ആഴത്തിലുള്ള വേരുകളാകുന്നു
നിലനിൽപിനുള്ള ആധാരം......

പ്രകൃതി

ഇളം തെന്നതെലേറ്റ്
 വനമുല്ല യാടി കളിക്കന്ന മോഹകനൃത്തമാണോ,

തെളിനീർകണങ്ങൾ പൊൻവെയിലേറ്റൊഴുകുന്ന
പതിഞ്ഞ താളമാണോ,

മരചില്ലകളിൽ
കളികൂട്ടുകാരോട്
കഥ പറഞ്ഞിരിക്കുന്ന കിളികൂട്ടങ്ങളുടെ 
കള കൂജനമാണോ,

സമരസ ഭൂവിൽ ഇരുകൈയ്യുംനീട്ടി
ഹൃദയത്തിലേറ്റാനായി
എന്നെ കാത്തു നിൽക്കുന്നത് ???

സ്ത്രീ പക്ഷം

മാഷേ
ഒരു നാടകം വേണം.
സ്ത്രീ കഥാപാത്രങ്ങൾ വേണ്ട.
അഭിനയിക്കാൻ പെണ്ണുങ്ങളെ കിട്ടാനില്ല.

എഴുതിത്തുടങ്ങിയ നാടകത്തിൽ നിന്ന് 
അമ്മയുടെ വാൽസല്യവും വിവശതയും
ഒറ്റപെടലുമൊഴിവാക്കി.

കാമുകിയുടെ ആർദ്രതയും ഊഷ്മളതയും
പ്രണയവും സ്വാർത്ഥതയും
വേർപാടും വേദനയും ഒഴിവാക്കി.

ഭാര്യയുടെ സ്നേഹവും ത്യാഗവും
വിട്ടുവീഴ്ചകളും പരിഭവങ്ങളും
നിരാശയും ഒഴിവാക്കി.

അങ്ങനെ ഞാൻ നാടകം തന്നെ ഒഴിവാക്കി.

കൗമാരം

ഓർക്കുകിലേറെ രസകരമെങ്കിലും
ഏറെ ദുഷ്കരമാണാ കൗമാരകാലം

ഉള്ളത്തിലായിരം ചിന്തകൂടുകൂട്ടും
പന്തികേടുള്ള കഠിനകാലം

ലിംഗഭേദങ്ങളായ്പരിണമിക്കുന്നോരു
സന്ധികാലമതു ജീവിതത്തിൽ

നൂറു വികാര വിചാരാങ്ങളാദ്യമായ്
കുഞ്ഞുമനസ്സു മഥിച്ചിടുമ്പോൾ

എന്തുവേണമെന്നാകുലത പൂണ്ടു
എന്തൊക്കെയോ കാട്ടികൂട്ടിടുന്നു.

വഴിതെറ്റിപോകുന്നു ചിലമക്കളന്നേരം
അറിയാതെ കെണിയിലകപെടുന്നു.

ലഹരിതൻ വലയിൽ വീണവരുടെ ജീവിതം
പെരുവഴിയായി ഭവിച്ചീടുന്നു.

പലവട്ടം മുങ്ങിയും താണും മറ്റുള്ളവർ
 കരകേറിപോകുന്നു ഭാഗ്യവശാൽ

ഗതിവേഗം, സാഹസം, വഴിവിട്ട കളികളും
പെരിയവരോടുള്ള പരിഹാസവും.

ചെറുതായ മോഷണം പതിവാക്കി
കൂട്ടരോടടിപോളിയായി കഴിയുന്നു ചിലർ.

പ്രണയ വലയത്തിൽ അറിയാതെ വീണവർ
അതിനായി ജാല മൊരുക്കുന്നവർ.

നവമായ ലോകത്തിൻ നൂതന വിദ്യകൾ
പലതരം കെണികളൊരുക്കിടുന്നു.

നിലവിളക്കിൻ ദീപ നാളത്തിൽ വീണു
ചിറകു കരിയുന്ന പാറ്റ പോലെ

മുളയിലെ കരിയുന്നു ഹതഭാഗ്യർ
 വഴിതെറ്റി പോകുന്നു പാവങ്ങൾ

കരുതലോടവരെ കൊണ്ടു നടക്കണം
മനസ്സു തുറന്നവരെ കേട്ടീടേണം.

മനസ്സിലെ വിഷമങ്ങൾ ചോദ്യവിചാരങ്ങൾ
അവരുടെ മനസ്സു മഥിച്ചിടുമ്പോൾ

പരഹാരമോതിയാശ്വസിപ്പിക്കുകിൽ
ഗതിശീലരായവർ കരകയറും

ഉത്തമ പൂരുഷരായവരീയവനിയിൽ
പുരുഷോത്തമരായി വളർന്നു വരും

പാവം

പെട്ടു
അകപെട്ടു
ഇരുട്ടാണ് ... കൂരിരുട്ട്.

സൂക്ഷിച്ച് നോക്കിയാൽ...
പകലോ...
വെറും തോന്നലോ

ആഞ്ഞുവലിച്ചാൽ 
പ്രാണവായുവിന് പഞ്ഞമില്ല.

കണ്ണടച്ചിരുന്നാൽ
വല്ലപ്പോഴും
കുളിർകാറ്റിൻറെ തലോടലുണ്ട്.

ചെവികൂർപ്പിച്ചിരുന്നാൽ
ജീവൻറെ ധ്വനി തരംഗങ്ങൾ കേൾക്കാം.

ചീഞ്ഞളിഞ്ഞ പരിസരത്തിൽ നിന്ന്
താമരവിടർന്നതുപോലുള്ള ഗന്ധം.

വല്ലപ്പോഴും ദേഹത്തു വീഴുന്ന മഞ്ഞ് തുള്ളികളും
വെറുതെ പ്രതീക്ഷ പകരുന്നു .

ഒരു കൈ സഹായം.......
ഈ അന്ധകാര കൂപം 
അരെയാണാകർഷിക്കുക.

സഹായിച്ചില്ലെങ്കിലും
ആരും സഹതപിക്കാതിരുന്നാൽ മതിയായിരുന്നു.............

सच्चा तेरा नाम

 सच्चा तेरा नाम , वह है ईश्वर नाम I
सबसे सुन्दर नाम , खुशियों का है धाम I

सब में तेरा वास , जीवन का है रास I
सब कुछ तेरे पास , सबका यह विश्वास I

सब को दे दो न्याय , ढुकरा दो अन्याय I
दुष्ट को कारावास , पापी को पुन अधिवास I

जन हित हो पूरा , जनता की सेवा I
सबका हो उद्धार , सच का यह आधार I ॉ

तेरा है अधिकार, दुनिया का हितकार I
गर्व प्रकोप कहां, तुम्हरे अंदर स्थान I

सब कुछ तेरा नाम , सब में तेरा नाम I
ईश्वर तेरा नाम , पालन तेरा काम I

मंदिर हो गिरिजाघर , मस्जिद हो गुरुद्वार I
सब का एक ही रास , तेरा बारंबार I

भक्ति मुक्ति का द्वार, खुल जाए इक बार I
भवभय होगा दूर , सब का हो उद्धार I

Tuesday, August 29, 2017

ആശുപത്രി

ഹതാശനായ്
ആശുപത്രിയിലെത്തിയ
ഞാൻ കീശയിലെ കാശ്
ഏകദേശം കൂട്ടിയും കുറച്ചും
രജിസ്ട്രേഷൻ കൗണ്ടറിലെത്തി 

മുന്തിയ കേശവിതാനത്തോടിരിക്കുന്ന
തരുണിയോട്
ഞാനെൻറെ സ്വകാര്യ ദുഃഖമോതി.

സുസ്മേരവദയാൾ
അവളൊരു ചെറു പുഞ്ചിരി
സമ്മാനിച്ചായിരം രൂപ
രജിസ്ട്രേഷനിലടയ്ക്കുവാനായ്
ഏറിയ വിനയത്തോടെ ഉരചെയ്തു.

അതുകേട്ട് ഞാനെളുതായൊന്ന് ഞെട്ടിയെങ്കിലും 
അത് ഹൃദയ ധമനികൾക്ക്
സമ്മർദ്ദ മേറി പൊട്ടിതെറിക്കാൻ
പര്യാപ്തമായിരുന്നില്ല.

ആ ആശാ കേന്ദ്രത്തിൽ
ആശവിടാതെ
 മനോഹരമായ ഉൾക്കാഴ്ചകളും കണ്ട്
ഞാനെൻറെ ഊഴത്തിനായി കാത്തിരുന്നു.

ഇടയ്ക്കിടയ്ക്ക്
എൻറെ കാലിനിടയിലൂടെ
കയറിയിറങ്ങുന്ന
മുന്തിയ ഇനം അണുനാശിനിയുടെ മണവും പേറി
നിലം തുടയ്ക്കുന്ന മെഷീൻ
എന്നെ ആശുപത്രിയുടെ
ഉയര്‍ന്ന നിലവാരത്തെ ഓർമ്മിപ്പിച്ചു
കൊണ്ടിരുന്നു.

അടുത്തിരുന്ന സഹൃദയ രോഗി
എൻറെ രോഗവിവരം തേടി.
ചിലവൽപം കൂടുതലെങ്കിലും 
ഫലവും കൂടുമത്രെ.
അദ്ദേഹത്തിൻറെ കൈയ്യിൽ
വിജയ ഗാഥകളുടെ വൻ പട്ടിക തന്നെ ഉണ്ടായിരുന്നു.

സമൂഹ നൃത്തത്തിന്
തയ്യാറായി നിൽക്കുന്ന
തരുണീമണികൾ
സൊറ പറഞ്ഞിരിക്കുകയാണ്.
എൻറെ ആശങ്കയറിയിച്ചപ്പോൾ
ഡോക്ടർ ഓപറേഷൻ തിയേറ്ററിലാണ്
എപ്പോഴാണ് ഇറങ്ങുകയെന്ന്
പറയാൻ കഴിയില്ലെന്ന്
മധുരതരമായി മൊഴിഞ്ഞു.

കുറേ ഏറെ വൈകിയാലും
കൂടുതൽ കാശ് 
ആവശ്യപ്പെടാതിരുന്നാൽ
മതിയെന്ന് ഞാൻ ദൈവങ്ങളെയോർത്തു
പ്രാർത്ഥിച്ചു.

പേരുവിളികേട്ടു ഞെട്ടിയുണർന്ന
എന്നോട് തരുണീമണി
വീണ്ടും മൊഴിഞ്ഞു......
''കൗൺസിലിംഗിനുള്ള ഫീസ് അടച്ചോളൂ ട്ടോ.'''

കൗണ്ടറിനു മുന്നിൽ നിൽക്കുമ്പോൾ
മനസ്സ് വീണ്ടും
പ്രാർത്ഥനാ നിരതമായി.
ഇതൊക്കെ എന്ത് എന്ന മട്ടിൽ
ക്യാഷർ അഞ്ഞൂറ് രൂപയുടെ
ഡിമാൻറ് നോട്ട് നീട്ടി കൊടുത്തു.

കൗൺസിലിംഗ് നടത്തിയ
യുവ ഡോക്ടർ
എൻറെ ചരിത്രവും പൗര ധർമ്മവും
എഴുതി ഫയലാക്കി.
ആരതി മേനോൻ
എന്ന മലയാളിത്തമുള്ള
പേരിൻറെ ഉടമസ്ഥ
വളരെ കഷ്ടപെട്ട്
എന്നോട്
ഇംഗ്ലീഷ് കലർന്ന മലയാളത്തിൽ
കാര്യങ്ങൾ തിരക്കി റിക്കാഡാക്കി.

ഡോക്ടറെത്താൻ വൈകുമെന്നും
ഭക്ഷണം കഴിച്ചിട്ടു വന്നാമതിയെന്നും
കളമൊഴിയാൾ മൊഴിഞ്ഞുവെങ്കിലും
ആ കാശ് മിച്ചം പിടിക്കാമല്ലോ
എന്ന് കരുതി ഞാൻ റിസപ്ഷനിൽ
ടി വി യും കണ്ടിരുന്നു.

ഉറക്കത്തിലേയ്ക്ക് വഴുതി വീണ
എന്നെ വിളിച്ചുണർത്തി.
ഭക്ത്യാദരപൂർവ്വം
ഡോക്ടർക്കുമുന്നിൽ
ഞാനെൻറെ ഭാണ്ഡകെട്ടുകൾ
ഓരോന്നായി ഇറക്കിവയ്ക്കാൻ
നോക്കുന്നതിനിടെ
അഞ്ചാറ് മരുന്നിൻറെ പട്ടികയും
പതിനഞ്ചു ദിവസങ്ങൾക്ക് ശേഷം
വരുമ്പോൾ കൊണ്ടുവരേണ്ട
അഞ്ചെട്ടു ലാബ് പരീക്ഷണങ്ങളും
തൻറെ ശിഷ്യ ഗണങ്ങളെ കൊണ്ട്
അദ്ദേഹം എഴുതിച്ചു കഴിഞ്ഞിരുന്നു.

പുറത്ത് കളമൊഴിയാൾ
കാത്തു നിൽക്കുന്നു.
പുഞ്ചിരിതൂകി
അവർ ഫാർമസിയിലേക്കുള്ള വഴികാട്ടി.
പുറത്തു നിന്ന് വാങ്ങിയാലോ
എന്ന എൻെ സംശയത്തിന്
 അടിവരയിട്ടുകൊണ്ട്
അവർ പറഞ്ഞു
എല്ലാ മരുന്നും കിട്ടില്ല.
ഇവിടെയാകുമ്പോൾ
പത്ത് ശതമാനം ഡിസ്കൗണ്ട് ഉണ്ട്.

ഫാർമസിയൽ
മരുന്നുകളും ഗുളികകളും
എടുത്ത് വയ്ക്കുന്നത്
നിസ്സഹായനായി
ഞാൻ അഴികകൾക്കുള്ളിലൂടെ
നോക്കി നിന്നു.
ബില്ലടിക്കുമ്പോൾ
ആരും കേൾക്കാതെ വിളിച്ചു.
എൻറെ തൃക്കോട്ടിലപ്പാ......

രണ്ടായിരം രൂപ കൊടുത്ത്
മരുന്ന് വാങ്ങി തിരിഞ്ഞു നോക്കിയപ്പോൾ
തരുണീമണികൾ
എന്നെ നോക്കി നിൽക്കുകയാണ്.
എൻറെ ചേഷ്ടകൾ
അവർക്കൊരു തമാശയായിരിക്കും
എങ്കിലും ഒരുവളെ അടുത്ത് വിളിച്ച് ഞാൻ ചോദിച്ചു.

എൻറെ രോഗം എന്താണെന്ന്
മനസ്സിലായ സ്ഥിതിയ്ക്ക്
ഈ ലാബ് പരീക്ഷണങ്ങൾ
വേണോ ?
''ചേട്ടാ ഡോക്ടർ ചികിത്സിക്കുന്നത്
രോഗത്തെയല്ല. രോഗ കാരകങ്ങളെയാണ്.
ചേട്ടൻറെ രോഗത്തിന് കാരണം
മറ്റു രോഗങ്ങളാവാം.
അതായത് ചേട്ടന് മറ്റ് രോഗങ്ങളൊന്നും ഇല്ല
എന്ന് ഉറപ്പു വരുത്തണം.

'' പരമാവധി ഇരുപത്തയ്യായിരം രൂപയാകും.
ഇത്രയും പറഞ്ഞ് വെളുക്കെ ചിരിച്ച
അരയന്നത്തോട് തിരിച്ച് ചിരിക്കാൻ
ആവാതെ ഞാൻ പുറത്തിറങ്ങാൻ
തുടങ്ങിയപ്പോൾ
ഉപഭോക്താവിൻറെ
അഭിപ്രായം രേഖപ്പെടുത്താനുള്ള
ഫോറം എനിക്കു നേരെ വച്ചു നീട്ടി.
യാന്ത്രികമായി അതിലൊന്നും
രേഖപ്പെടുത്താതെ
ഒപ്പ് വെച്ച് തിരികെ നൽകിയപ്പോൾ
 മനസ്സിൻറെ പിരിമുറുക്കം ..........
അത് പറഞ്ഞറിയിക്കാൻ വിഷമം.

ആർത്തിയോടെ
അടുത്തുള്ള ഹോട്ടലിൽ
കയറി സ്പെഷ്യൽ ഉൾപടെ
ഓർഡർ ചെയ്ത് വിശപ്പടക്കിയപ്പോൾ
മനസ്സിൽ തോന്നി.
എങ്ങനെയും ചിലവ് പിന്നെ ഇതായിട്ടെന്ത്.
ആശുപത്രിയിൽ വരുന്ന
ഗതികെട്ടവരുടെയൊക്കെ ഗതി
ഇതുതന്നെയാണല്ലോ എന്നോർത്ത്
അൽപം ആശ്വസിച്ചു.

മടക്കയാത്രയിൽ മനസ്സു നിറയെ
പരിചയക്കാരനായ ബാങ്ക് മാനേജറായിരുന്നു..................

വായന

വായനയ്ക്കും
 പുനർവായനയ്ക്കും
ശേഷവും
ഞാൻ തപ്പി തടയുന്നു.
വായിക്കും തോറും
ഒന്നു മാത്രം
 ഞാൻ മനസ്സിലാക്കി.
നീ ...
സങ്കീർണ്ണതകളുടെ പാരാവാരം !!!

നിനക്കായ്

നീ ഈ ഭൂമിയില്‍ അവതരിച്ച നിമിഷം നിനക്കായ് പരിശുദ്ധമായ ജീവവായു ഞാന്‍ കാത്തു വച്ചിരുന്നു. നിന്‍റെ കൊച്ചു കൌതുകങ്ങള്‍ക്ക് നിറം പകരാന്‍ എന്‍റെ ചില്ലകളില്‍ അണ്ണാനും കാക്കയ്ക്കും കുരുവിയ്ക്കും വിരുന്നൊരുക്കിയിരുന്നു. ഞാനെന്‍റെ തേന്‍ കനിയിലൂടെ എന്‍റെ സ്നേഹ വാത്സല്യങ്ങള്‍ നിനക്കായി യഥേഷ്ടം ചുരത്തി. നീ എന്‍റെ പൂക്കുല പൊട്ടിച്ചപ്പോഴും കായ്കനികള്‍ വീഴ്താന്‍ കല്ലെറിഞ്ഞപ്പോഴും വേദനിച്ചെങ്കിലും നിന്‍റെ കൊച്ചു കുസൃതികള്‍ എന്നെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്. എന്‍റെ ശാഖകളില്‍ നീ ഊഞ്ഞാലാടി തിമിര്‍ത്തപ്പോള്‍ ഞാന്‍ ആനന്ദ നിര്‍വൃതിയിലാറാടുകയായിരുന്നു. ക്ഷീണിച്ചവശനായി നീ എന്‍റെ ചുവട്ടിലെത്തിയപ്പോള്‍ ഇലകളിളയ്ക്കി വീശി നിന്നെ താരാട്ട് പാടി ഉറക്കുമ്പോള്‍ ഞാനെന്നെത്തന്നെ മറന്നു പോകുമായിരുന്നു. നിനക്ക് കൂര പണിയാന്‍ എന്‍റെ ശരീരം വെട്ടി കീറാന്‍ പലരും പറഞ്ഞത് നിരസിച്ച് നീ എന്നെ നോക്കി നെടു വീര്‍പ്പിട്ടപ്പോള്‍ ഒരു മകന്‍ മാതാപിതാക്കള്‍ക്ക് എത്ര പ്രിയപ്പെട്ടതാണെന്ന് ഞാന്‍ മനസ്സിലാക്കി. ഇന്ന്....... നിന്‍റെ ചേതനയറ്റ ശരീരത്തോടൊപ്പം കത്തിയമരാന്‍ തയ്യാറായി ഞാന്‍ നില്‍ക്കുന്നു. മകനേ......ഞാനെന്നും നിന്നോടൊപ്പമുണ്ട്. എന്നും എപ്പോഴും....

ഉയര്‍ച്ച

ഉയരണം ഉയരണം
ഉയരത്തില്‍ പറക്കണം

പൊരുതണം പൊരുതണം
പൊരുതികയറീടണം

കരുതലോടങ്ങനെ
ചിറകടിച്ചീടണം

ഉയരത്തില്‍ നിന്നുള്ള
പതനത്തെയോര്‍ക്കണം

ഇരതേടുവോര്‍ക്കതിവേഗം പിടിക്കുവാന്‍
ഉയരത്തിലുള്ളോരിരയാണെളുപ്പം

ഉയരത്തിലുയരത്തില്‍ പറപറന്നീടുമ്പോള്‍
പരിഷകളോടല്‍പം ദയവുമുണ്ടാകണം

പതനവും കാത്തക്ഷമരായിരിക്കുന്ന
പരിജനം ഭൂമിയില്‍ കുറവല്ലറിയുക

സമഭാവനയോടും സമചിത്തതയോടും
 പരനുപകാരാര്‍ത്ഥമായ് നീ പറക്കുക

ഇനിയുമയരത്തിലുയരത്തില്‍ പറക്കുവാന്‍
മനതാരിലിതുമാത്രം കരുതിവച്ചീടുക

പരി ഹാസം

എനിക്ക് ചുറ്റും കൂടി
പരിഹസിച്ച്
ഊറിയൂറി
ഒരു കൂട്ടം പേരിരുന്ന്
ആസ്വദിച്ച് ചിരിച്ചപ്പോൾ 
എൻറെ മുന്നിലോടിയെത്തിയത്
തലയിൽ പൂഴിവാരിയിടുമ്പോൾ
പൊട്ടിച്ചിരിക്കുന്ന
ഗ്രഹണി ബാധിച്ച
വിരൂപിയായ
സഹപാഠിയാണ്.
അന്ന് കൂട്ടുകാരെ
അനുകരിച്ച് ഞാനും
ഒരു പിടി മണ്ണ്
അവൻറെ തലയിൽ വാരിയിട്ടു .
ഞാനും കൂടി
അവനെ പരിഗണിച്ചതിലുള്ള
സന്തോഷത്താൽ
അവൻ പൂർവ്വാധികം
ഉച്ചത്തിൽ പൊട്ടിച്ചിരിച്ചു......

ടിയാന്‍

വിരസമായ
അർത്ഥശൂന്യമായ
യാത്രയിൽ
ടിയാൻ
എളിമയോടെ
ഇരിക്കാനൽപം
ഇടം ചോദിച്ചു.
അൽപം നീങ്ങിയിരുന്ന
എന്നെ ആദ്യമൊന്ന് തള്ളി
പിന്നെ പൃഷ്ഠം ഉറപ്പിച്ചു.
പിന്നെ ദേഹത്ത് ചാരി
പിന്നെ തൂങ്ങി തോളത്ത് വീണു.
ഇപ്പോൾ
ടിയാൻ
സുഖ സുന്ദര സുഷുപ്തിയിൽ
സ്വപ്നം കണ്ടുറങ്ങുന്നു.
എൻറെ
ചെറിയ ചലനം പോലും
ടിയാൻറെ
സുന്ദര സുരഭില നിമിഷങ്ങളെ
നഷ്ടപെടുത്തുമെന്നതിനാൽ
ഞാൻ അതീവ ശ്രദ്ധയോടെ
കടിച്ച് പിടിച്ചിരുന്നു.
അങ്ങനെ
എൻറെ യാത്ര
തികച്ചും സാരവത്തായി...............