Monday, May 8, 2017

കാത്തിരിപ്പ്....

ഔപചാ രികമായ യാത്രയയപ്പിനായി
മോർച്ചറിയിൽ
കാത്തുകിടക്കുകയാണ് ആ സനാഥ ശവം.
ഉപചാരപൂർവ്വമുള്ള പൊട്ടിക്കരച്ചിലുകളും തേങ്ങലുകളും.
ആചാരവിധിപ്രകാരമുള്ള ബലികർമ്മങ്ങളും മാത്രമേ ഇനി ബാക്കിയുള്ളൂ.
മകൻ വിദേശത്തു നിന്ന് പുറപ്പെട്ടിരിക്കുന്നു.
സമീപവാസികളുടെയും ബന്ധുക്കളുടെയും ചർച്ചാ വിഷയം അയാളുടെ യാത്രാ പുരോഗതിയാണ്.
ഫ്രീസറിൻറെ തണുപ്പിനേക്കാൾ അലോസരപ്പെടുത്തുന്നു ഈ ഏകാന്തത.
എപ്പോഴാണ് (തെക്കോട്ട്) എടുക്കുക.
ഇളയവനെത്തണം
എയർപോർട്ടിൽ നിന്ന് വണ്ടി വിട്ടിട്ടുണ്ട്.ട്രാഫിക് ജാമില്ലെങ്കിൽ ഒരു മണിക്കൂർ.
അവസാന നിമിഷം വരെ കൂടെയുണ്ടായിരുന്ന ഹോം നേഴ്സും കൈവിട്ടു.
പേടികൊണ്ടോ ദുർഗന്ധം കൊണ്ടോ അല്ല.
മക്കളും മരുമക്കളും ഇഷ്ടരും തോഴരും കുറേയേറെയുണ്ടെങ്കിലും ശേഷിച്ച ഇത്തിരി നേരം കൂട്ടിരിക്കാൻ ആരുമില്ല.
ഒന്നു കാണാൻ കൊതിച്ചവരെത്ര ഇമവെട്ടാതെ നോക്കി നിന്നവർ കണ്ണലെണ്ണയൊഴിച്ച് കാത്തിരുന്നവർ.
എന്നാലും രഘു അവിടെ ഒറ്റയ്ക്ക്.....
അവിടെ വാച്ച്മാനുണ്ട്.ആരും വേണ്ടെന്നു പറഞ്ഞിട്ടുണ്ട്.നന്ദനെത്താറാകുമ്പോൾ ഫോൺ ചെയ്ത് പറഞ്ഞാലിങ്ങെത്തിച്ചോളും.വാടക അ ഡ്വാൻസ് കൊടുത്തിട്ടുണ്ട്..........

സാധനം

ഗ്രാമീണ വഴിയോരത്ത് അഭൂത പൂർവ്വമായ തിരക്ക്.നൂറോളം വാഹനങ്ങൾ റോഡിൻറെ ഇരുവശങ്ങളിലുമായി പാർക്ക് ചെയ്തിരിക്കുന്നു.പോലീസുകാർ വളരെ പണിപെട്ട് ഗതാഗതം നിയന്ത്രിക്കുന്നു.
രാവിലെ ഒരു സൂചനയുമുണ്ടായിരുന്നില്ല.
ഒച്ചപാടോ ബഹളമോ ഒന്നുമില്ല.ശാന്തമായ പോളിംഗാണ്.ഒരുത്സവത്തിൻറെ ആളുണ്ട്.ഇനിയിപ്പൊ വല്ല സിനിമാ ഷൂട്ടിംഗോ മറ്റോ....
ഏയ്...അതല്ല.
ആരോ ഒരാൾ ഉറക്കെ വിളിച്ചു പറയുന്നുണ്ട്.വൈകി ഒര് ബസ്സ് സർവ്വീസ് ഉണ്ടായിരിക്കും.
എന്താ പ്രശ്നം ?
പ്രശ്നമെന്ത് ? നാളെ ഹർത്താലല്ലെ ?
ഓ സാധനം വാങ്ങാൻ വന്നവരാല്ലേ....
ഇവിടെ ഒരു ഹൈമാസ്റ്റ് ലൈറ്റിന് സ്കോപുണ്ട്.രാത്രി വിവിധ കേന്ദ്രങ്ങളിലേയ്ക്ക് പോകാൻ ബസ് സർവ്വീസും.
ജോറെന്നെ ആയികോട്ടല്ലോഈ തെരക്ക് പിടിച്ച ജിവിതത്തില് സന്തോഷിക്ക്ന്നോറ് അത്രേംഗിലു സംന്തോഷിച്ചോട്ടല്ലപ്പാ.ഹർത്താലിന് ഏട അടി പോട്ടീന്ന് ചാനൽ ചർച്ചയും കേട്ടോണ്ടിരിക്ക്ന്നേലു ആവും.
കച്ചോടോം പൊടിക്കും.
ഏ ഒടയോനെ സ്റ്റോക്ക് തീർന്നില്ലെങ്ക് മതിയായിനു.(ആരോ ധൃതിയിൽ ഞങ്ങളെ തട്ടിമാറ്റി അകത്തേക്കോടി.)

വിളയാട്ടം

ഉള്ളിലെ ചെകുത്താന് കലശലായ ദാഹം
പരവശ വിവശനായി അവൻ ഒരു പുഴുവിനെപ്പോലെ ഇഴഞ്ഞ് വളഞ്ഞ് പുളഞ്ഞ് തലച്ചോറിലൂടെ നടന്നു.
പുറത്ത് അവൻറെ വിളയാട്ടം തടയാൻ നിയോഗിക്കപെട്ട കവലാളൻമാരെ അവൻ ഒളിഞ്ഞും തെളിഞ്ഞും നോക്കി.
സദാചാരത്തിൻറെ കാവൽക്കാരൻ അംഗപരിമിതൻ.
ഈശ്വരൻ നിയോഗിച്ച കാവൽക്കാരൻ്റെ കാഴ്ച മങ്ങിയിരിക്കുന്നു.
നിയമത്തിൻറെ കാവൽകാരൻ മെലിഞ്ഞുണങ്ങി എല്ലും തോലുമായി നിൽക്കുന്നു.
ഒട്ടും താമസിച്ചില്ല.........
ചെകുത്താൻ പുറത്ത് ചാടി
ആടി
വിളയാടി.......

നഷ്ടം

ഒറ്റയടിപാതയിൽ ഞങ്ങൾ നേർക്കുനേർ....
ഒന്നും സംഭവിക്കുന്നില്ല .
ഞങ്ങൾ പരസ്പരം തുറിച്ചു നോക്കി....
ഇരുവരും വിട്ടു കൊടുക്കുന്നില്ല.
ഞാനെന്തിനാദ്യം പ്രതികരിക്കണം.
മോന്തകണ്ടാൽ ഞാനെന്തോ കുറ്റം ചെയ്തതു പോലെ.
എൻറെ മോന്തയും അങ്ങനെ തന്നെയാണെന്ന് ഞാനറിഞ്ഞില്ല.
പെട്ടെന്ന് ആ മുഖത്ത് ഒരു ചെറു പുഞ്ചിരി.
അത് തിരിച്ചു കൊടുക്കാൻ സമയം തരാതെ അയാൾ എന്നെ കടന്നു പോയി.
കടം വീട്ടാൻ കഴിയാതെ ഞാൻ തിരിഞ്ഞു നിന്നു.
അതിനു കാത്തു നിൽക്കാതെ അയാൾ യാത്ര തുടർന്നു.
മറ്റൊരു നഷ്ട ഭാരവുമായി ഞാനും.........

കണി

നല്ലതു കാണാൻ നന്നായ് വരുവാൻ
നന്മതൻ പൊൻതിരി കണികണ്ടുണരാൻ
സ്നേഹ പൂത്തിരിവെട്ടം തെളിയാൻ
ദിന രാത്രത്തിൻ സമ ഭാവനയെ
മനസ്സിലിരുത്തി ലോകം കാണാൻ
കൊന്നമരത്തിൻ ചുവടിലിരുന്ന്
ഇളം കാറ്റിൽ പൂമഴ കൊണ്ടു രസിക്കാൻ
മാവും പ്ലാവും തെങ്ങും കനിയും
കൈനീട്ടം കൈ നിറയെ വാങ്ങാൻ
മനസ്സിലൊരിത്തിരി കൊന്നപൂവും
ഉള്ളിലൊരിത്തിരി നെയ്തിരി നാളവും
കൊണ്ടു നടക്കാനായീടേണം.
വർഷം മുഴുവൻ ഒരു നവ ചേതന
മാലോകർക്കായ് നേർന്നീടട്ടെ

സെല്‍ഫി

സെൽഫി
_________
വരൂ കൂട്ടരെ നമുക്കൊരു സെൽഫിയാകാം
ഒറ്റ മിനിട്ട്............
ശരി
നോക്കിയതാ.....
നമ്മളു മാത്രേ ഉള്ളൂ എന്നും
അന്യ ജാതീക്കാരോ
അന്യ ഭാഷക്കാരോ
അന്യ നാട്ടുകാരോ
പരിവർത്തനത്തിനു വിധേയരാവാത്തവരോ
ഇല്ല എന്നുറപ്പുവരുത്തണമല്ലോ
റെഡി.....സ്റ്റഡി.......ഗോ !!

ശത്രു സംഹാരം


അന്ത്യഫലം കൊതിച്ചക്ഷീണം
പൊരുതിയാൽ
വിരിയുമാസുദിനമേറെ വൈകിടാതെ.....
കരുതിയിരിക്കണം
അവനൊട്ടുമേ തലപൊക്കിടാതെ
പഴുതൊന്നുമവനുകൊടുത്തിടാതെ
ഇഴഞ്ഞ് വലിഞ്ഞ് പിടഞ്ഞവൻ
നിൻ കാൽക്കലെത്തും
അരുത് ദയയൊട്ടുമേ
പിഴിഞ്ഞെടുത്തവനെ നീ
അയയ്ക്കണം
കാലപുരിക്ക്.......
വിഫലമാകില്ല നിൻ പ്രാർത്ഥന
തളരാതെ തുടരുക
നിൻ കീർത്തി പതാക
ഇനിയുമുയരത്തിൽ
പാറികളിച്ചിടും.

സാദാ ചാരം

ആചാര മര്യാദകൾ 
ഉപചാരപൂർവവ്വം 
സദാ ആചരിക്കുകയോ 
അതിനെ ബഹുമാനിക്കുകയോ 
ചെയ്യന്നിടത്ത് മാത്രമേ 
 സദാചാരത്തിനിടമുള്ളൂ ,
അല്ലെങ്കിലത്
സദാ ചാരമായികൊണ്ടിരിക്കുന്ന
വിചാരം മാത്രമായി തീരും 

നിയമം വടിപോലെ......

സത്യത്തിൻറെ വഴിയിലെത്താൻ
നിയമം ഊടുവഴികളിലൂടെ
സഞ്ചരിച്ച്
വഴി പിഴച്ച്
കുരുക്കിൽ പെട്ടതുകണ്ട്
കൊലമരം പൊട്ടിച്ചിരിച്ചു
തലയാട്ടി രസിച്ച നിയമ സൂചിക
ഒടുവിൽ നിശ്ചലമായപ്പോൾ
നിലവിളിയുടെ തട്ട് നിലംപതിക്കുകയും
കൊലവിളിയുടേത് ഉയർന്നു പൊന്തുകയും ചെയ്തു......

വല്ലതും നടക്കുവോ...

ഇത്തവണ വല്ലതും നടക്കുവോ ഏമാനേ
ഇത്തവണ ചിലതൊക്കെ ഞങ്ങളിവിടെ നടത്തും
ഒള്ളതാണോ ഏമാനെ കഴിഞ്ഞ തവണയും ചെലര് ഇതും പറഞ്ഞ് നടന്നാരുന്നു.
എല്ലാം നടക്കും നിങ്ങള് എന്തിനും ഏതിനും ഞങ്ങളോടൊപ്പമുണ്ടായാ മതി.
അതിന് ഏമാനെ നിങ്ങളല്ലായോ ഞങ്ങളോടൊപ്പം നിക്കേണ്ടെ
അതിനവമ്മാര് സമ്മതിക്കത്തില്ലെന്നല്ലെ
അതിന് ഞങ്ങളെന്നാ പെഴച്ചൂ.
സമ്മതിച്ചാലും ഇല്ലേലും ഞങ്ങൾക്കൊരു ചേതോം ഇല്ല.
ഞങ്ങൾക്ക് ചേതം ഒണ്ടല്ലോ ഏമാനേ...നിങ്ങളെന്നേലും ചെയ്യുമ്പൊ ഞങ്ങളെ കണ്ടോണ്ട് ചെയ്താ ഒരു പ്രശനോം ഒണ്ടാകത്തില്ല ഏമാനേ
അല്ലേപിന്നെ ഞങ്ങടെ പേരിലുള്ള ഈ കളിയങ്ങ് നിർത്തിയേര്.വല്ല രാജാക്കൻമാരോ വിദേശീയരോ ആരാന്ന് വച്ചാ വന്ന് നടത്തികോട്ടേന്ന് വെക്കണം.
Show more rea

പഴങ്കഥ

പഴങ്കഥയിൽ പതിരില്ലെന്നിരിക്കെ
പഴമക്കാരെങ്ങനെയൊത്തുപോയിടും.
പഴങ്കഥയും പഴയവർത്തമാനങ്ങളും
പാഴായി പോകുന്നതോർത്ത് 
പരസ്പരംമോണകാട്ടിചിരിച്ച്
ആശ്വസിപ്പിച്ചിരിയ്ക്കുമിടയ്ക്കിടയ്ക്കു
ചെറു മക്കളെ വെറുതേ വിളിച്ചവരുടെ
വാക്കുകൾ കേട്ടില്ലെന്നു നടിച്ച്
അതിശയപെട്ട് തൻ മക്കൾതൻ
കൂട്മാറ്റം......
അരുമയായവരെ വളർത്തി
പെരുമയുള്ളൊരീ ജീവിതം നൽകി
അതിശയിപ്പിക്കുന്നു .....
ഇതവർക്കെന്തുപറ്റി
ഇങ്ങനെതമസ്കരിക്കുവാൻ ?
ഇനിയുമെത്രകാലം
ഈമക്കൾക്കിടങ്ങേറായി ജീവിക്കുമെന്നാധിപൂണ്ട്
അവരിരുവരുമാ മുറിക്കുള്ളിലൊതുങ്ങിടുന്നു.
ഒരുനേരം പുറത്തിറങ്ങിടാൻ കൈകോർത്ത് ശുദ്ധജലവായുവൊന്നാസ്വദിച്ചീടുവാൻ
ഒരുകൈ സഹായമില്ലാതൊരടിപോലും
നടക്കുവാനാവതില്ല.
ഇടവേളയില്ലാതതിദ്രുതഗതിയിലോടി
ജീവിത വിജയത്തിനായ് പൊരുതുന്ന
മക്കൾക്കരനാഴികപോലുമില്ല
പാഴാക്കാനീ പഴഞ്ചരിൽ......
അറിയുവാനേറെയുണ്ടാഗ്രഹം
 ചോദിച്ചറിയുവാനുപാധിയില്ലാതെ
കണ്ണും കാതും കൂർപ്പിച്ചിരുന്നാൽ
കേൾക്കാമടക്കം പറച്ചിൽ
ആ പുറത്തേ മുറിയിൽ.
തൊലിയുരിഞ്ഞു പോകുമതുകേട്ടാൽ
അതു തൻ പുത്രർ തന്നെയോ.
അതിവേഗമോടുമീ വണ്ടിയിൽ
എരിതീയിലുരുളും പോലവേ.
അയവിറക്കി ഗതകാല ചിന്തകൾ
അഭിമാനംകൊണ്ടിരിക്കും .......
മക്കൾ നല്ല നിലയിലായതല്ലോ
അതുഭാഗ്യമെന്ന് നിനച്ചിരിക്കും
അങ്ങനെ സ്വയമാശ്വസിച്ചിരിക്കെ
ഭയമോടാ ദിനമിങ്ങണഞ്ഞീടുകിൽ
നമ്മളിലൊരാളൊഴിഞ്ഞാൽ
ഗതിയെന്തായിടും മറ്റെ ജീവിതം.
ഒരു പ്രാർത്ഥനമാത്രം ഒരുദിനം
തന്നെയെടുത്തിടേണം ഹേ നാഥാ
തിടുക്കമോടെയീ രണ്ടു പാഴ്ജീവിതം
കൊടുത്തിടൊല്ലെയെൻ
മക്കൾക്കീ ഗതി
ഞങ്ങൾക്കും....
ആർക്കും.........
വരുത്തിവയ്ക്കല്ലേയീഗതി
അടുത്ത ജന്മത്തിലും.

അവരും അയാളും

ഒരു വേനൽ കാലത്ത്
അവർ എല്ലാ മുറികളിലും പങ്ക ഘടിപ്പിച്ചപ്പോൾ -
അവൻ വാതായനങ്ങൾ തുറന്നിട്ട് 
ഇലയനക്കത്തോടെയുള്ള 
മന്ദമാരുതൻറെ വരവിനായി കാത്തിരുന്നു...
മറ്റൊരു വേനലിൽ
അവർ കൂളറിൽ

ഫ്രിഡ്ജിൽ നിന്ന് ഐസ് കട്ടകൾ നിറച്ചപ്പോൾ -
അയാൾ പുഴനീരിൽ
മുങ്ങിത്തോർത്തി മട്ടൂപാവിൽ പുൽപായ വിരിച്ചു....

അടുത്ത വേനലിൽ
അവർ മുറികളൊക്കെ
ശീതീകരിച്ചപ്പോൾ -
അയാൾ നട്ട തണൽ മരങ്ങൾ വീടിനൊരു കുടയായി മാറിയിരുന്നു.....

കൊടും വേനലിൽ
അവർ കൂട്ടം കൂടി വേനലിനെ തെറിപറഞ്ഞപ്പോൾ -
അയാൾ വെയിലുകൊണ്ട് വിയർത്ത് കുളിച്ച് കിണറിലെ ശുദ്ധജലം ആസ്വദിച്ച് കുടിച്ചു......

ഒരുവേനൽകാലത്ത്
രാത്രി മദ്ധ്യേ കറണ്ട് പോയപ്പോൾ
അവർ ഞെട്ടിയുണർന്നപ്പോൾ -
അയാൾ ചൂട് വിസർജ്ജിച്ച് സ്വയം തണുത്തു കൊണ്ട് സുഖ നിദ്രയിലായിരുന്നു......

അടുത്ത വേനലിനേപറ്റി
അവർ ആധിപൂണ്ട് പുതിയ കണ്ടു പിടിത്തങ്ങൾക്കായി കാത്തിരുന്നപ്പോൾ -
അയാളുടെ ശരീരം കൂടുതൽ ചൂട് സഹിക്കാൻ സജ്ജമായിരുന്നു........

Show more rea

ഉത്സവപിറ്റേന്ന്

ചീറ്റിയ പടക്കങ്ങളും
ചിന്നിചിതറിയ കടലാസു കഷണങ്ങളും
പുകയും കരിയും
പാണ്ടുപിടിച്ച മുറ്റങ്ങളും
 ആഘോഷത്തിൻറെ ആലസ്യത്തിൽ നിന്ന് ഉണർന്നെണീറ്റ അവനോടു പറഞ്ഞു.
അടുത്ത ആഘോഷം വരെ
ആവേശം ചോരാതെ നോക്കണം.
പൂത്തിരിയായി പുഞ്ചിരിക്കുക.
പൂക്കുറ്റിയായി സന്തോഷം വാരിവിതറുക.
കതിനകളുടെയും
ഇടിനാദങ്ങളുടെയും
 ആവേശം കൊണ്ട് നിറയട്ടെ
ഈ ലോകം......
നിങ്ങളിലാവേശം വാരിവിതറാൻ ഞങ്ങൾ ഇനിയും വരും.
അതുവരെ
ഉണർന്നിരിക്കുക.
ആവേശത്തോടെ മുന്നേറുക..........💥