Friday, November 11, 2016

ഒരു ഓഡിയെഫോർമ

ഞൊടിയിൽ നേരത്തെ
വന്നതാണന്നു ഞാൻ
പല ഗുമസ്ത പണികൾ
തീർപ്പാക്കുവാൻ.

വീട്, കക്കൂസ് , റോഡുകൾ
പിന്നെ വാളു പോൽ തൂങ്ങും
പീയാറെടുത്തുകൾ.

ആരുമില്ലൊരാൾ
മാത്രമകം പുറം ആകെയും
വെടിപ്പാക്കുകയാണാഫീസ്.

നേരമെട്ടായതൊള്ളൂ, മുറ്റത്തതാ നേർത്ത മഞ്ഞി-
ലിരിയ്ക്കുന്നൊരു കൂട്ടർ!

ദൂരയാത്ര കഴിഞ്ഞ പോലു
ണ്ടവ, രാറുപേരുമൊരുമി-
ച്ചിരിയ്ക്കുന്നു.

അച്ഛൻ, അമ്മ, മുത്തച്ഛൻ,
മുത്തശ്ശിയും മക്കൾ
രണ്ടു പേർ
സന്തുഷ്ടർ കാഴ്ചയിൽ.

ചോദ്യമേറെയെറിഞ്ഞു ഞാൻ
അടു, ത്താണു കോടതി,
മാറിക്കയറിയോ?

എന്തിനും ചിറി കോട്ടിയ പുഞ്ചിരി, എന്തിനേയോ
തിരയുന്ന മാതിരി !

നീളെ ജോലിയിൽ മുങ്ങി
നിവരവെ, നീട്ടി ഞാൻ വിളി -
ച്ചാരാഞ്ഞു പിന്നെയും
'സേവകൻ' പറഞ്ഞേല്പിച്ച -
താണു പോൽ, ഭാവമെന്തു
നിരാമയം, നിർമ്മലം!

ഏറെ വൈകാതെ പാഞ്ഞെത്തി കക്ഷത്തിൽ
'വീർത്ത' പുത്തൻ ഡയറിയു -
മായൊരാൾ.

സേവകൻ! എണിയ്ക്കുന്നവർ, കൂപ്പുകൈ , കൂടെ
വെറ്റില ചോപ്പിച്ച പുഞ്ചിരി !

ചെനിയൻ! കക്കൂസിൽ
ചെക്കിനു വന്നതാ-
ണിവരിട തെറ്റി പോകില്ലൊ
രേടത്തും.

നാടു താണ്ടി, 'പയസ്വിനി'യും
കടന്നൂടു പാതകൾ,
കാടുകൾ താണ്ടിയോർ.

ചെക്കു വാങ്ങുവാനിത്രയും
വൈകി, ഞാനുത്തരം
പറയേണ്ടതാണോർക്കണം.

നേർത്ത പുഞ്ചിരി നീട്ടി ആ
സേവകൻ, നിർത്തി നിർത്തി
പറഞ്ഞു തൻ സങ്കടം.

എനെറ 'ടാർജറ്റ് ' തീർക്കുവാൻ
ഞാനെത്ര , ചെന്നു കാലു
പിടിച്ചു ചെനിയന്റെ?

കാട്ടിൽ കാറ്റേറ്റു ചെയ്യുന്ന
'സംഗതി' , കൂട്ടിലിട്ടു
നടത്തുവാൻ വയ്യ പോൽ!

കല്ലു കൊത്തി, മരം വെട്ടി ഒറ്റയ്ക്ക്, പുല്ലു പോലയാൾ
തീർത്തതാണാ കക്കൂസ്.

കൂടെ ക്ലോസറ്റ്, പൈപ്പുകളൊക്കെയും
മോടിയുള്ളത്
വാങ്ങിക്കൊടുത്തു ഞാൻ!

ഒടുവിൽ ചെക്കു കൊടുത്തു ഞാൻ, കയ്യൊപ്പു
നൂറു തേച്ച വിരലിനാൽ
തന്നയാൾ.

പിറകെ സേവകൻ നിർത്താതെ ചൊല്ലുന്നു:
തുളു, മറാത്തിയോ?
എത്രയനർഗളം.

തൊഴുകൈ , ചോപ്പിച്ച
പുഞ്ചിരി പിന്നെയും
പടി കടന്നവർ, നോക്കി ഞാൻ നിന്നു പോയ്.

റിക്ഷയാക്കണം, 'നുള്ളിപ്പാടി '
യിൽ  'ട്രജറി ' യു -
ണ്ടവിടെ നിന്നു പണം വാങ്ങി പോകണം.

പിറകെ നിന്നു വിളിച്ചു പറഞ്ഞയാൾ,
മുറയിൽ തലയാട്ടുന്നുണ്ടു
പോകുവോർ .

ഇരു പതിറ്റാണ്ടിന്നിപ്പുറം
ചെനിയനും ഹൃദയ-
മുള്ളൊരാ സേവകനും
മുന്നിൽ ഇടിവു
തട്ടാതുണ്ടോർമ്മകൾ
' ആദ്യകിരണങ്ങൾ '
വായിച്ചതോർത്തു
പോകുന്നു ഞാൻ!
പത്മലോചനൻ എഴുതിയ കവിത........
തേവരുടെ നാടിന്നാശംസകൾ

വജ്രഖചിതമാംഒരു നൂറാശംസകൾ
അറുപതു നിറദീപം തെളിച്ച് പുത്തനുണർവ്വിൻ ചുവടുമായ് നീങ്ങണം
പൊരുതി കരേറിയോരോർമ്മകൾ കരുത്താകണം
കൈവന്ന ഭാഗ്യങ്ങൾ കൃഷ്ണ മണിപോലെ കാക്കകാണം
നഷ്ടങ്ങളൊക്കെ  പണിതു നികത്തണം
സഹ്യൻറെ പൊക്കം മനസാവരിക്കണം
ഹരിതാഭയിലങ്ങു തിങ്ങിവിളങ്ങണം
അമ്മമൊഴി മുലപ്പാലുപോലെ നൊട്ടിനുണയണം
ഒന്നു രണ്ടു മൂന്നെണ്ണി  പഠിക്കണം
ഇംഗ്ലീഷു ചൊല്ലി വിമ്മിഷ്ടപ്പെടാതെ
മാതൃഭാഷയിലാറാടിരസിക്കണം
ഡാഡിയുംമമ്മിയും മാറി ഭവനത്തിൽ
അച്ഛനമ്മമാർ തിരികെയെത്തണം
കുടുകുടെ മഴയങ്ങു തിമർത്തു പെയ്തീടണം
തോടും നദിയും  നിറഞ്ഞങ്ങൊഴുകണം
ഉച്ചനീചത്വങ്ങൾ  ഇല്ലായ്മ ചെയ്യണം
ഒരുമയോടേവരും സുഖമായ് വസിക്കണം
ഹൃദയങ്ങളകലുന്ന ഹേതുവെ
സമൂഹ മദ്ധ്യത്തിലൊറ്റപെടുത്തണം
വായിച്ചു വായിച്ചു പടിപടിയായ് വളരണം
ഐക്യമത്യത്തിൻ മന്ത്രം ജപിക്കണം
താനെന്ന ഭാവം വെടിഞ്ഞ്
 മറ്റുള്ള ഭാഷയും ജാതിയും നാടും
ആദരപൂർവ്വം മാനിച്ചീടണം
ജന്മനാടിന്നഭിമാനമാകണം
നാടിൻറെ കീർത്തി വാനിൽ പറക്കണം.
ഇനിയുമുയരണ മതിവേഗം
ഈ പരശുരാമൻറെ സൃഷ്ടിപ്രദേശം
അല്ലറചില്ലറ തട്ടിപ്പുപണിയിമായി തുട്ടുകൾ കെട്ടുകെട്ടായി
കട്ടിലിനടിയിലും
മച്ചിൻ പുറത്തും
വാച്ചിപാട്ടും
പൂഴ്തിവച്ച്
സ്വയം ചില്ലറക്കാരനല്ലെന്ന്
ആശ്വസിച്ചിരിക്കുമ്പോഴതാ ചില്ലിക്കാശിനായി
നെട്ടോട്ടമോടേണ്ടിവന്ന കാലം
വന്നെത്തിയത്
ശിവ ശിവ
കലികാല വൈഭവം
🎭🎭🎭🎭🎭🎭🎭🎭🎭🎭🎭🎭🎭🎭🎭🎭
                  😻കിച്ചുവും മണികുട്ടനും👦
                           
                                   (ലഘു നാടകം)

                              🎭    രംഗം 1

(വേദിയിൽ  കിച്ചുവും   പൂച്ചകുഞ്ഞ് മണികുട്ടനും.കിച്ചുവിന് പത്തുവയസ്സാണ്.സംഗീതത്തിൻറെ അകമ്പടിയോടെ ഇരുവരും കളിയിലേർപ്പെട്ടിരിക്കുന്നു.)

കിച്ചുവിൻറെ അമ്മ പ്രവേശിക്കുന്നു.

അമ്മ - കിച്ചൂ ഒന്ന് നിർത്തുന്നുണ്ടോ.ഏതു നേരവും കളി.നിനക്ക് പോയി എന്തെങ്കിലും വായിച്ചൂടെ.👧

(കിച്ചു കളി നിർത്തി പൂച്ച കുഞ്ഞിനുമുകളിൽ ചെറിയ വട്ടി കമത്തിവയ്ക്കുന്നു വട്ടി ചലിക്കുന്നതുകണ്ട് കിച്ചു ചിരിക്കുന്നു.) 😀😀😀

അമ്മ ÷ അശ്രീകരം ഞാനിതിനെ പുറത്തോട്ടെറിയും ഏതുനേരവും മണികുട്ടൻ മണിക്കുട്ടൻ.ഇതിൻറെ തീട്ടം കോരി ഞാൻ മടുത്തു .👧

കിച്ചു ÷ അത് വലുതായാൽ പുറത്ത് പോയിക്കോളൂല്ലെ അമ്മെ....😧

അമ്മ ÷ കിച്ചു നിനക്കടിവേണോ വേണോന്ന് ന്യായീകരിക്കാൻ വന്നിരിക്കുന്നു പൊയ്ക്കോ അവിടന്ന്.

(കൊട്ടപൊക്കി പാലുകൊടുക്കുന്നു.)

കിച്ചു  ÷ അമ്മ പറഞ്ഞത് കാര്യമാക്കണ്ട കേട്ടോ....കുടിച്ചോ

(അമ്മ പ്രവേശിക്കുന്നു.)

അമ്മ ÷ കിച്ചു നിന്നെ ഞാനിന്ന് ....... വടിയെടുത്ത് അടിക്കുന്നു.പൂച്ച കുഞ്ഞ് ജീവനും കൊണ്ടോടുന്നു.കാശുകൊടുത്ത് വാങ്ങുന്ന പാലാ.നിനക്കെങ്ങനെ ഇതിന് ധൈര്യം വന്നു ?

അമ്മ ÷ നിങ്ങളിതെവിടെ പോയികിടക്കുയാ ഒന്നിങ്ങ് വരുന്നുണ്ടോ വരുന്നുണ്ടോന്ന്.നിങ്ങളിതെന്തെങ്കിലുമറിയുന്നുണ്ടോ കിച്ചു ഏതുനേരവും ആ വൃത്തികെട്ട ജന്തുവിനൊപ്പമാണ്.പഠിപ്പും വേണ്ട ഒന്നും വേണ്ട.

അച്ഛൻ ÷ എന്താ ജാനൂ എന്താ പറ്റിയത്

അമ്മ ÷ ഒന്നും പറ്റിയില്ല അല്ലെങ്കിലും നമ്മക്കെന്തു പറ്റാനാണ് ഏതുനേരവും വാട്സപ്പും ഫേസ്ബുക്കുമല്ലെ പരലോകത്ത് ജീവിക്കുന്നവർക്ക് ഈ ലോകത്തെന്തു നടന്നാലെന്ത്

അച്ഛൻ ÷ എൻറെ ജാനു ഒന്ന് മൊബൈൽ ഫോൺ തുറന്നെന്നു കരുതി വായിത്തോന്നിയതൊക്കെ പറയാതെ കാര്യമെന്താണെന്നു പറ

അമ്മ ÷ ഇ തിനിന്നൊരു പരിഹാരമുണ്ടാക്കണം.പൂച്ചപെറ്റാൽ ഐശ്വര്യമാണെന്നാ പറയുന്നത് എൻറെ ദൈവേ ഇതിൻറെ തല കണ്ടതു മുതൽ എൻറെ സമാധാനം പോയി.

അച്ഛൻ÷മോനിങ്ങോട്ടുവരു.മോനിന്നത്തെ ഹോംവർക്ക് ചെയ്തോ

കിച്ചു  ÷ ചെയ്തു

അച്ഛൻ  ÷ പഠിച്ചു കഴിഞ്ഞോ .

കിച്ചരാു ÷ രാവിലെ എഴുന്നേറ്റ്
പഠിക്കുമച്ചാ

 അച്ഛൻ ÷Then what is the problem.എന്താണ്  പ്രശ്നം

(അച്ഛനും മകനും ആംഗ്യ ഭാഷയിൽ സംസാരിക്കുന്നു.ഇതുകണ്ട് അമ്മ പൂർവ്വാധികം ദേഷ്യത്തോടെ അകത്തേയ്ക്ക് പോകുന്നു അച്ഛനും മകനും ചിരിക്കുന്നു.അകത്തുനിന്നും പാത്രം വീഴുന്നതിൻറെയും പുച്ചകുഞ്ഞിൻറെ പ്രാണ വേദനയോടുമുള്ള കരച്ചിൽ.)

                                               🎭   രംഗം 2

🙀🙀🙀🙀🙀🙀🙀🙀🙀😸😸😸😸😸😸😸😸😸😸

അമ്മപൂച്ച വരുന്നു.ഒരുനിലവിളിയോടെ മണികുട്ടൻ കുതിക്കുന്നു.പുച്ച കുഞ്ഞിനെ ആവേശത്തോടെ നക്കി തുടയ്ക്കുന്നു.മുലയൂട്ടുന്നു.കിച്ചു കണ്ടുനിൽക്കുന്നു.അമ്മലാളിക്കുകയും അമ്മയുടെ മടിയിൽ താരാട്ട് പാട്ട് കേട്ട് ചുണ്ടൻ വിരൽ വായിലിട്ട് ഉറങ്ങുന്ന കിച്ചു .ഓമനതിങ്കൾ കിടാവോ......എന്ന പാട്ടിൻറെ അകമ്പടിയാകാം.

പിന്നരങ്ങിൽ കണ്ടൻ പൂച്ച.ഭയന്ന് കുഞ്ഞിനെ സംരക്ഷിയ്ക്കുന്ന അമ്മ പൂച്ച.സമ്മർദ്ദത്തിൻറെ ഉച്ചസ്ഥായിൽ കിച്ചു വടിയെടുത്ത് കണ്ടനെ ഓടിക്കുന്നു.

                         🎭  രംഗം 3

അച്ഛനോടൊപ്പം ഫുട്ബോൾ കണ്ടിരിക്കുന്ന കിച്ചു.തടസ്സപ്പെടുത്തികൊണ്ട്

 കിച്ചു ÷ അച്ഛാ.....ഒരു സംശയം...
(റിമോട്ടിൽ വോളിയം കുറച്ച് )

 അച്ഛൻ ÷ എന്താ ചോദിച്ചോളൂ......

കിച്ചു ÷ ഈ കണ്ടൻ മണിക്കുട്ടൻറെ അച്ഛനല്ലേ

അച്ഛൻ ÷ അതേ

കിച്ചു ÷ എന്നിട്ടെന്തൊ മണികുട്ടൻ കണ്ടനെ പേടിക്കുന്നത്
.
അച്ഛൻ ÷ അത് മോനേ അവസരം കിട്ടിയാൽ കണ്ടൻ മണികുട്ടൻറെ കഴുത്തിൽ കടിച്ച് കൊല്ലും

[കിച്ചു ഞെട്ടുന്നു] 😵

അച്ഛൻ ÷ അതാണ്  പൂച്ച ഇങ്ങനെ കണ്ടനെ കാണുമ്പോൾ ചീറ്റി ഓടിക്കുന്നത്.

കിച്ചു ÷ അപ്പോൾ പുച്ച ഇല്ലാത്ത നേരത്ത് കണ്ടൻ വന്നാൽ

അച്ഛൻ ÷ അതിനല്ലേ നമ്മുടെ ഹീറോ കിച്ചൂട്ടൻ

കിച്ചു ÷ ഞാൻ സ്കൂളിൽ പോകുമ്പൊ കണ്ടൻ വന്നാൽ

അച്ഛൻ ÷ രക്ഷയില്ലാ......മണികുട്ടൻറെ കാര്യം പോക്കാ......കിച്ചുനറിയോ എന്തൊക്കെ വെല്ലുവിളികളെ അതിജീവിച്ചാണ് ഒരു പൂച്ച കുഞ്ഞിനെ വളർത്തി വലുതാക്കുന്നത് ? പൂച്ചയ്ക്ക് പ്രസവിക്കാൻ പറ്റിയ സ്ഥലം വേണം
അധികമാരുടെയും ശ്രദ്ധയിൽ പെടാത്ത....കുസൃതിപിള്ളേരും ഇഴജന്തുക്കളും കണ്ടൻ പൂച്ചയും എളുപ്പം എത്തിപെടാത്ത സ്ഥലം.
അമ്മ പൂച്ചയ്ക്ക് കുഞ്ഞിനെ പാലൂട്ടണം ഭക്ഷണം തേടണം സംരക്ഷിക്കണം.ആരും സഹായത്തിനുണ്ടാവില്ല.
എന്തു കഷ്ടാ അല്ലേ

കിച്ചു ÷  അതെന്താ അച്ഛാ കണ്ടനിങ്ങനെ

അച്ഛൻ ÷ ഓരോ ജീവികളുടെ പ്രത്യേകതകളല്ലേ

കിച്ചു ÷ പാവം മണികുട്ടൻ ആർക്കുമവനോട് സ്നേഹമില്ല അമ്മയ്ക്കുപോലും.

അച്ഛൻ ÷ അമ്മയ്ക്ക് നിന്നോടുള്ള സ്നേഹം കൊണ്ടല്ലേ അങ്ങനെയൊക്കെ പറയുന്നത്

കിച്ചു ÷ മണികുട്ടനോട് സ്നേഹമില്ലെങ്കിൽ അമ്മ എന്നെയും സ്നേഹിക്കണ്ട.

[വോള്യം കൂട്ടി ക്രിക്കറ്റ് കാണുന്നു.]
                               
                                🎭     രംഗം 3

കിച്ചുവിൻറെ സ്വപ്നത്തിൽ കളി. കളിക്കൊടുവിൽ കണ്ടൻ വന്ന് മണികുട്ടനെ കടിച്ചു കീറുന്നു.മണികുട്ടാ എന്ന അലർച്ചയോടെ കിച്ചു ഞെട്ടിയുണരുന്നു.അച്ഛനും അമ്മയും എത്തുന്നു.കിച്ചു മണികുട്ടനോട് ചേർന്ന് നിന്ന് സ്നേഹം പ്രകടിപ്പിക്കുന്നു. 😻😻😻

                      🎭     രംഗം 4

സ്കൂൾ വിട്ടുവരുന്ന കിച്ചു മണികുട്ടനെ അന്വേഷിക്കുന്നു കണ്ടെത്തുന്നില്ല.

കിച്ചു ÷ അമ്മേ മണികുട്ടനെ കണ്ടോ

അമ്മ÷അവിടെങ്ങാനും തൂറിതേച്ച് നടക്കുന്നുണ്ടാകും

(അന്വേഷണം തുടരുന്നു)

കിച്ചു ÷ അമ്മേ മണികുട്ടനെ കാണുന്നില്ല.
അമ്മ ÷ അതിന്.....

ജോലിയിൽ ഏർപെട്ടിരിക്കുന്ന അമ്മയെ സംശയത്തോടെ നോക്കുന്ന കിച്ചു.

                       🎭    രംഗം 5

വീട്ടിലും തൊടിയിലും വഴിയോരത്തും മതിലിനപ്പുറത്തും കിച്ചു മണികുട്ടനെ അന്വേഷിക്കുന്നു.വഴിപോക്കരോടും തൂണിനോടും മുല്ലവള്ളിയോടും കോഴികുഞ്ഞിനോടും മണികുട്ടനെ കണ്ടോ എന്ന് അന്വേഷിക്കുന്നു.

അച്ഛൻ - അവിടെങ്ങാനും കാണും കിച്ചു.

കിച്ചു÷ഇല്ല ഞാനെല്ലാടത്തും തിരക്കി....

അച്ഛൻ ÷ കാണുന്നില്ലാ ? പിന്നെ പുച്ചകൾക്ക് ഒരു സ്വഭാവമുണ്ട്.അത് പുതിയ സ്ഥലങ്ങൾ തേടിപോകും.

കിച്ചു ÷ മണികുട്ടൻ എന്നെവിട്ട് പോകില്ല

അച്ഛൻ÷ അമ്മ പൂച്ച മണികുട്ടനെയും കൂട്ടി വേറെ വീട്ടിൽ പോയിരിക്കും.

കിച്ചു ÷ ഇല്ല........ ഇല്ല (അതൊരലർച്ചയായിരുന്നു.)

                      🎭    രംഗം 6 😸

സീരിയൽ കാണുന്നതിനിടെ ചപ്പാത്തിയ്ക്ക് കുഴച്ചുകൊണ്ടിരിക്കുന്ന അമ്മയുടെ അടുത്തെത്തുന്ന കിച്ചു.

കിച്ചു÷എവിടെ എൻറെ മണികുട്ടൻ ...എവിടേന്ന്

(റിമോട്ടെടുത്ത് എറിയുന്നു.)

എടാ.......

തൊട്ടുപോകരുത്.....

                 (നിന്ന് വിറയ്ക്കുന്ന കിച്ചു.)

                      🎭         രംഗം 7 😸

കിച്ചുവിനെ ഭക്ഷണം കഴിപ്പിക്കാൻ പാടുപെടുന്ന അച്ഛനും അമ്മയും

അച്ഛൻ  ÷  നീയിന്ന് അവൻറെ ഫാവറേറ്റ്  പുട്ട് ഉണ്ടാക്കിയില്ല.

അമ്മ÷അവനിഷ്ടം നീർ ദോശയാ.....

അച്ഛൻ÷ അതുശരി..... മോൻ കഴിക്ക്.
കുറച്ച് ചമ്മന്തി ഒഴിക്കട്ടെ

അമ്മ÷ ഛെ അവന് ചമ്മന്തി ഇഷ്ടല്ലാന്ന് നിനക്കറിഞ്ഞുടെ

അച്ഛൻ÷ മോന് കുറച്ച് ഹോർളിക്സ്  കൊടുക്ക്

അമ്മ÷ ങാ കിച്ചുവിന്ന് ഹോർളിക്സ് മുക്കിയാ ദോശ തിന്നുന്നെ.

കിച്ചു ÷   വേണ്ട എനിക്കൊന്നും വേണ്ട

അച്ഛനും അമ്മയും ÷     കിച്ചൂ

കിച്ചു÷എവിടെ എൻറെ മണികുട്ടനെവിടെ ?

                        🎭    രംഗം 8 😻

അച്ഛൻറെയടുത്ത് പ്രോഗ്രസ് കാർഡുമായി നിസ്സംഗതയോടെ എത്തുന്ന കിച്ചു.അച്ഛൻറെ മുഖത്ത് നിരാശ.അമ്മയ്ക്ക് കൈമാറുന്നു. മുഖത്ത് നിരാശ.കട്ടിലിൽ കമിഴ്ന് കിടക്കുന്ന കിച്ചു.

                      🎭       രംഗം 9 😻

മുത്തശ്ശികഥ കേൾക്കുന്ന കിച്ചു.
ഓർമ്മയിലെ മുത്തശ്ശി കഥ ''അങ്ങനെ നമ്മുടെ രാജകുമാരൻ മയിൽ പീലി കാവിലെത്തി കല്ലു വിളക്കിൽ എണ്ണയും തിരിയുമിട്ട് കല്ലുരച്ച് തീ കൂട്ടി തിരിതെളിച്ച് മനസ്സുരുകി പ്രാർത്ഥിച്ചു.പ്രാർത്ഥനയിൽ രാജകുമാരൻറെ മനസിളകിയില്ല. കാവിൽ കടവാവലും കരിനാഗങ്ങളും  നൃത്തം ചവിട്ടി. രാജകുമാരൻ പേടിച്ചില്ല. രാജകുമാരിക്കുവേണ്ടി കരളുരുകി പ്രാർത്ഥിച്ചു.ഒടുവിൽ..... ഒടുവിൽ എങ്ങോമറഞ്ഞ രാജകുമാരി രാജകുമാരനു മുന്നിൽ പ്രത്യക്ഷ പെട്ടു.''
                 
                              🎭   രംഗം 10 😸

മയിൽപീലികാവിലെത്തുന്ന കിച്ചു.കാവടിനൃത്തത്തിൻറെ സംഗീതം.അനേകം കണ്ടൻ പൂച്ചകളുടെ പേടിപ്പിക്കുന്ന നൃത്തം.കിച്ചു മോഹാലസ്യപെട്ടു വീഴുന്നു.

                         🎭  രംഗം 11 😸


ഡോക്ടറുടെ മുന്നിലിരിക്കുന്ന അച്ഛനും അമ്മയും.
ഡോക്ടർ÷Now he is ok but.....he is not normal.

അച്ഛൻ÷ഡോക്ടർ ഞങ്ങട കുഞ്ഞിന് എന്താണ് പറ്റിയത്.

ഡോക്ടർ ÷അവൻറെ കുഞ്ഞ് മനസ്സിന് താങ്ങാനാവാത്ത എന്തോ സംഭവിച്ചിട്ടുണ്ട്.പറയു what is the matter.

അച്ഛനും അമ്മയും പരസ്പരം നോക്കുന്നു.അവരൊന്നും പറയുന്നില്ല ഡോക്ടർ÷ നിങ്ങൾ ഇങ്ങനെ തുടങ്ങിയാൽ.......ഓർത്തെടുക്കൂ some thing wrong ?

(പറയാൻ തുടങ്ങുന്നു സംഗീതം  സംസാരത്തെ മറയ്ക്കുന്നു.)

ഒടുവിൽ ഡോക്ടർ കണ്ണടയെടുത്ത് മുഖം തുടയ്ക്കുന്നു.👔🕶

ഡോക്ടർ÷  നിങ്ങളൊക്കെ  വിദ്യാഭ്യാസ മുള്ളവരല്ലെ ? ആ പൂച്ച കുഞ്ഞിനോടുള്ള കിച്ചുവിൻറെ സ്നേഹം നിങ്ങൾ അവഗണിച്ചു.മിണ്ടാപ്രാണികളോടും സഹജീവികളോടും ഇത്തരം സമീപനത്തിലൂടെയാണ് ഒരു കുട്ടി വളർന്ന് സാമൂഹ്യബോധമുള്ള വ്യക്തിയായി മാറുന്നത്.
ഏതായാലും കഴിവതും വേഗം അവരെ ഒന്നിപ്പിക്കണം

അച്ഛൻ÷ശരി സർ നമുക്കിപ്പോൾ തന്നെ പോകാം.

ഡോക്ടർ ÷ വരട്ടെ അൽപം കൂടി മെച്ചപ്പെടാനുണ്ട്.

മണികുട്ടാ എന്ന കിച്ചുവിൻറെ    വിളികേട്ട് ഡോക്ടർ അകത്തേയ്ക്ക് ഓടുന്നു.

                         🎭   രംഗം 12 😻

മണികുട്ടനെ കാണുന്ന കിച്ചു.കണ്ണുകളിൽ നിർവ്വികാരത.മണികുട്ടൻ കിച്ചുവിനെ തടവുകയും വലം വയ്ക്കുകയും ചെയ്യുന്നു.കിച്ചുവിന് പ്രതികരണമില്ല.

അമ്മ ÷ എൻറെ ദൈവമേ എൻറെ കുഞ്ഞിനിതെന്താ പറ്റിയത്.(നിലവിളിക്കുന്നു)

ഡോക്ടർ÷   തളരരുത് കാലം എല്ലാ മുറിവുകളും ഭേദമാക്കും നിങ്ങൾ ധൈര്യമായിരിക്കൂ.

                                       🎭       രംഗം 13 😻

സ്കൂൾ ബാഗുമായെത്തുന്ന കിച്ചുവിനെ കാത്തിരിക്കുന്ന മണികുട്ടൻ പതിഞ്ഞ സംഗീതത്തിൻറെ പശ്ചാത്തലത്തി
ൽ അവരുടെ സ്നേഹ പ്രകടനത്തോടൊപ്പം കർട്ടൻ.
                           
                                                   (ശുഭം)
                                                   
                                                     🙏
          🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
തോന്നൽ..........

സുഗന്ധപൂരിതമാനറുപുഷ്പം
എന്നെ
നോക്കി മന്ദഹസിക്കുവതായെനിക്കു
തോന്നി
അതെന്നോടുമാത്രമാണെന്നു
തോന്നി
പിന്നീടത്എന്നോടുമാത്രമാകണമെന്നു
തോന്നി
ഈ ജീവിതം ആസ്വദിപ്പാനുള്ളതാണെന്നു തോന്നി
ആ സുഗന്ധവും മനോഹാരിതയും
ഞാൻ മാത്രമാസ്വദിക്കണമെന്നു
തോന്നി
സുഗന്ധമാവോളമാസ്വദിച്ച്
രസമാവോളം മോന്തികുടിച്ച്
വാടിതളർന്ന ആ കുസുമത്തെ
പിച്ചി ചീന്തിയെറിഞ്ഞതിൽ
യാതൊരു തെറ്റുമില്ലെന്നു
തോന്നി.

Wednesday, October 12, 2016

യുദ്ധം

സഹോദരാ ക്ഷമിക്കണം...
ഞങ്ങൾക്കറിയാം,
താങ്കൾ നിഷ്കളങ്കനാണെന്ന്.
കാരണം...
ഏകോദര സഹോദരന്മാരായ നമ്മൾ തമ്മിൽ ഒരു വിടവു സൃഷ്ടിക്കാൻ
താങ്കൾക്കാവില്ല...
നമ്മുടെ പൂർവ്ലികർ
നദികളിലെ  തെളിനീരും സംസ്കാങ്ങളുടെ വൈവിദ്ധ്യങ്ങളും  പങ്കിട്ടിരുന്നു...
ഒരേ വായു ശ്വസിച്ചു ,
ഒരേ പുൽമെത്തയിൽ കിടന്നുറങ്ങി.
നോക്കെത്താത്ത ഗോതമ്പു പാടങ്ങൾക്കിടയിലൂടെ കൈകോർത്ത്  നടന്നുനീങ്ങി.
ഹൃദയരാഗങ്ങളിൽ ഒന്നായി ശ്രുതി ചേർത്തു.
അളവറ്റ വിഭവ സമ്പത്ത് മോഹിച്ചെത്തിയ ആർത്തി പണ്ടാരങ്ങൾ നമ്മുടെ കൈയ്യുക്കിൻറെ രുചിയറിഞ്ഞു.
കൊടുത്തും വാങ്ങിയും പൊറുത്തും ചെറുത്തും ജ്ഞാന തൃഷ്ണയിലൂന്നിയ ഒരു സമൂഹത്തിലെ സൽപ്രജകളായി വിരാജിച്ചു......
നീ എന്നാണ് ശത്രു പക്ഷത്തായത് ?
ഞാനും നീയും അതറിഞ്ഞില്ല.......
നമ്മുടെയുള്ളിൽ വിഷബീജങ്ങൾ  നിക്ഷേപിച്ച് ,
വൻമതിലുകൾ ഉയർത്തി,
ഹൃദയങ്ങളെ അകറ്റി.
ഭരണ തന്ത്രങ്ങൾ മെനയുമ്പോൾ ഹൃദയ തന്ത്രികൾ പൊട്ടിവീണുകൊണ്ടേ ഇരുന്നു........
കളിയിലും കാര്യത്തിലും നിൻറെ പരാജയം ഞങ്ങൾക്കാവേശമായി.......
കാർമേഘങ്ങൾ പരക്കുകയാണല്ലോ സോദരാ........
ഇനിപെയ്തൊഴിയാതെ നിർവ്വാഹമില്ല.....
ദിഗന്ദങ്ങ ൾ പൊട്ടുമാറുച്ചത്തിൽ ഇടിനാദം,
കണ്ണഞ്ചിപ്പിക്കുന്ന മിന്നൽ പിണരുകൾ,
പരുക്കുകളേൽക്കാതെ നീ സുരക്ഷിതനായിരിക്കട്ടെ സോദരാ......
സമാധാനത്തിൻറെ കൊടുങ്കാറ്റ് ഒന്നാഞ്ഞു വീശിയിരുന്നെങ്കിൽ കാർമേഘങ്ങൾ ഒഴിഞ്ഞുപോകുമായിരുന്നു........
നമ്മുടെ ഉള്ളിലിരുന്ന് വീർപുമുട്ടുന്ന വെള്ളരിപ്രാവുകൾ ശാന്തി മന്ത്രവുമായി പറന്നുയരട്ടെ.....
വെറുപ്പിൻറെയും വിദ്വേഷത്തിൻറെയും പ്രതികാരത്തിൻറെയും മതിൽ കെട്ടുകൾ ഭേദിച്ച് ഹൃദയങ്ങൾ ഒന്നാകട്ടെ......
SALUTE  THE NATION
SALUTE THE FATHER OF NATION
SALUTE WITH PASSION
SALUTE THE GREAT VISIONS
ENGAGE IN A GREAT MISSION
അഹല്യ

ശിലയായി
അറിയാതെ
സ്വയമറിയാതെ  
കൈവന്നൊരഭിശാപമുക്തിയ്ക്കായ്
ഭഗവാൻറെ ചരണാരവിന്ദ സ്പർശത്തിൻ
ശുഭവേളയ്ക്കായി ഞാൻ കാത്തിരിപ്പൂ
ഇന്ന് കാഞ്ഞങ്ങാട് ടൌണ്‍ ഹാളിലെ പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ ഓര്‍മ്മകള്‍ 23 വര്‍ഷം പുറകിലേയ്ക്ക് പോയി. കെ ടി മുഹമ്മദിന്‍റെ "മണി" എന്ന നാടകം ജില്ലാ കേരളോത്സവത്തില്‍ ഞങ്ങള്‍ ഇതേ വേദിയില്‍ വച്ചാണ് അവതരിപ്പിച്ചത്.ബ്ലോക്ക് തലത്തില്‍ തകര്‍പ്പന്‍ പ്രകടനത്തിന് ശേഷം ജില്ലാ തലത്തില്‍ അവതരിപ്പിക്കുന്നത് കാണാനായി നാട്ടില്‍ നിന്നും വളരെയധികം പേര്‍ എത്തിച്ചേര്‍ന്നിരുന്നു.നാടകം ആരംഭിച്ചു. തരക്കേടില്ലാതെ മുമ്പോട്ട് പോകുകയായിരുന്നു.ഏകാധിപതിയും മുന്‍കോപിയുമായ രാജാവ് അദ്ദേഹം ഇന്നുവരെ കേട്ടിട്ടുള്ളതിലും മനോഹരമായ മണിനാദം കേള്‍ക്കണമെന്ന വാശിയിലാണ്.നാട്ടിലെ ശില്‍പികളെല്ലാം തോറ്റു പിന്‍മാറിയപ്പോള്‍ രാജാവ് അട്ടഹസിച്ച് ചിരിക്കുന്നു.ചിരി ഉച്ചസ്ഥായിയിലെത്തിയപ്പോള്‍ അതാ ഗോപുരവാതില്‍ക്കല്‍ ശില്‍പിപ്രമുഖന്‍ തന്‍റെ മകളായ മണിയുടെ ജീവന്‍ അഗ്നികുണ്ഡത്തില്‍ ഹോമിച്ച് കടഞ്ഞെടുത്ത മണിയുമായി എത്തുന്നു.എന്നാല്‍ കേള്‍ക്കട്ടെ മണിനാദമെന്നായി രാജാവ്.ഉദ്വേഗജനകമായ നിമിഷങ്ങള്‍..... (ഈ അവസരത്തില്‍ ശില്‍പിയ്ക്ക് തന്‍റെ കൈയ്യിലുള്ള കയര്‍ എറിഞ്ഞ് മണിയില്‍ കുടുക്കണംഇത് അല്‍പം റിസ്കുള്ള പരിപാടിയാണ്.ശില്‍പി എറിയുന്ന  കയര്‍ സൈഡ് കര്‍ട്ടന്‍റെ മറവില്‍ നിന്ന് പിടിയ്ക്കേണ്ട ഡ്യൂട്ടി ആനന്ദനാണ്.കാഞ്ഞങ്ങാട് ടൌണ്‍ ഹാളിലെ സ്റ്റേജിന് ആവശ്യത്തിലേറെ വീതിയുണ്ട് ഇത് സംവിധായകാനായ ഗോപാലേട്ടന്‍ മുന്‍കൂട്ടി ശില്‍പിയുടെ വേഷം ചെയ്യുന്ന ചന്ദ്രനോടും കയര്‍ പിടിയ്ക്കേണ്ട ആനന്ദനോടും സൂചിപ്പിച്ചിരുന്നു.ആവശ്യത്തിലേറെ ശ്രദ്ധിച്ചതു കൊണ്ടാകാം  ശില്‍പി എറിഞ്ഞ കയര്‍ ആനന്ദന് പിടിക്കാന്‍ കഴിഞ്ഞില്ല.പിടിക്കാനുള്ള തത്രപ്പാടില്‍ ആനന്ദന്‍ സൈഡ് കര്‍ട്ടനില്‍ നിന്ന് വേദിയിലേയ്ക്ക്......മണിമുഴങ്ങുന്ന ഉദ്വേഗ ജനകമായ അന്തരീക്ഷം കലങ്ങിപ്പോയി സദസ്സില്‍ ചിരി ഉയര്‍ന്നു സര്‍വ്വ സൈന്യാധിപന്‍റെ വേഷം കെട്ടി സ്റ്റേജില്‍ നില്‍ക്കുന്ന ഞാനുള്‍പടെയുള്ല നടന്‍മാര്‍ പകച്ചു നില്‍ക്കുന്നു.ഗത്യന്തരമില്ലാതെ ദീപനിയന്ത്രണം നിര്‍വ്വഹിച്ചിരുന്ന ഗോപാലേട്ടന്‍ ലൈറ്റ് ഓഫ് ചെയ്തു.അല്‍പം ഫിറ്റായിരുന്ന അദ്ദേഹത്തിന്‍റെ വായില്‍നിന്നും വീണ തെറി ഞാന്‍ കേട്ടെങ്കിലും എന്താണെന്ന് വ്യക്തമായി  ഓര്‍ക്കുന്നില്ല.ലൈറ്റ് തിരകെ വരുമ്പോഴേയ്ക്കും ആനന്ദന്‍ കയറുമെടുത്ത് തിരികെ കര്‍ട്ടന്‍റെ മറവിലേയ്ക്ക് എത്തിയിരുന്നു. സനിധനിസ.....  എന്ന മനോഹരമായ ധ്വനിയില്‍ പ്രണവം പൊഴിയുന്ന മണിനാദം പിന്നരങ്ങില്‍ മുഴങ്ങിയെങ്കിലും ജില്ലാതലത്തില്‍ ഏഴാം സ്ഥാനവുമായി ഞങ്ങള്‍ക്ക് മടങ്ങേണ്ടിവന്നു.എങ്കിലും ഓര്‍ത്തു രസിക്കാന്‍ ഒരു നല്ല നാടകാനുഭവമായിരുന്നു അത്.
ബസ്  വിടാറായപ്പോഴാണ് സുമുഖൻ ഓടിക്കയറിയത്.സന്ധ്യക്ക് ഇരുട്ട് പരന്നിരുന്നു.സ്ത്രീകളുടെ  പിൻസീറ്റ് മാത്രമേ ഒഴിവുള്ളൂ.രണ്ട് പുരുഷൻമാർ അതിലിരിക്കാതെ നിൽക്കുന്നുണ്ട്.സുമുഖന് അതിലിരിക്കാൻ ഏറെ ചിന്തിക്കേണ്ടി വന്നില്ല.ഇരുന്നു എന്ന് മാത്രമല്ല.മടിച്ച് നിന്നിരുന്ന രണ്ടുപേരെയും കൂടി ക്ഷണിച്ചിരുത്തി.

''ഇര്ന്നോളീ സീറ്റ് പിന്നെ ഇരിക്കാ ള്ളതല്ലേ.''

വണ്ടി വിട്ടതോടെ സുമുഖൻ ഈ  വിഷയത്തിൽ തനിക്കുള്ള പരിജ്ഞാനം വെളിവാക്കിക്കൊണ്ട് പ്രസംഗിക്കാൻ തുടങ്ങി.

''മ്മട നാട്ടില് മാത്രേ ഇദൊക്കെ ഇള്ളൂ .മറ്റ് സംസ്ഥാനങ്ങള്ല് ആണും പെണ്ണ്വൊക്കെ ഒറ്റ സീറ്റിലിരിക്കും.ബ്ഡ മാത്രാ ഇദൊക്കെ.പുരുഷനും സ്ത്രീയും തുല്യാന്ന് പ്രസംഗിക്കും  പിന്ന ഇദൊലുള്ള ഓരോ റിസറേഷനും.''

കൂടെയിരിക്കുന്നവർ  തലയാട്ടി സമ്മതിച്ചു കൊടുക്കുന്നുണ്ട്.

സ്ത്രീകൾ കയറാനില്ലാത്ത ഓരോ സ്റ്റോപ്പ് കഴിയുമ്പോഴും സുമുഖൻ പറയും
'' ഒന്ന്  കൈച്ചിലായി.....ഒന്നൂട കൈച്ചിലായി.''

ബസ്സിലെ തൂ മേരീ ജിംന്തഗീ ഹൈ...... എന്ന പാട്ടിനൊത്ത് മുന്നിലുള്ള കമ്പിയിൽ താളം പിടിച്ച് ആസ്വദിച്ച്  സുമുഖൻ യാത്ര തുടർന്നു.

പക്ഷെ സുമുഖനെയും കൂട്ടരെയും  ഞെട്ടിച്ചുകൊണ്ട് അതാ രണ്ട് തരുണീമണികൾ കയറിവരുന്നു.സ്ത്രീകളുടെ സീറ്റിൽ പുരുഷൻമാർ ഇരിക്കുന്നത് കണ്ട് അവർ ഒന്നുകൂടി  ladies എന്ന് എഴുതിവച്ചിരിക്കുന്നത് വായിച്ച് ഉറപ്പുവരുത്തി പുറകോട്ട് വന്ന് സീറ്റ് ആവശ്യപ്പെട്ടു.
മറ്റ് രണ്ട് യാത്രക്കാർ അസ്വസ്ഥരായെങ്കിലും സുമുഖൻ ധൈര്യം പകർന്നു.

''ഇദിമ്മാദിരി സൂക്കേഡുള്ളോരോ  വയസത്തിയോളാ.........ചെർപക്കരല്ലേ ? മ്മള പ്പെലെന്നെല്ലെ ?
 അബ്ഡ നിക്കട്ടെ.......''

പെണ്ണുങ്ങൾ വിടുന്ന ലക്ഷണമില്ല.അവർ അൽപം കുടി അടുത്തെത്തി.സഹായത്തിനായി മറ്റ് യാത്രക്കാരെ മാറി മാറി നോക്കുന്നുണ്ട്.അവർ അടുത്തതായി എന്തു നടക്കുമെന്നറിയാൻ കുതൂഹലത്തോടെ നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല.

സുമുഖൻ അടുത്ത നമ്പറിറക്കി.

''ങ്ങളിത് കാൺണില്ലേ ഈ ഇരിക്കണദ് പ്രായായ രാളല്ലേ''

''ഓലാഡ ഇര്ന്നോട്ടെ ഇങ്ങള് രണ്ടാളും എന്നേറ്റോളീ.''

തികച്ചും അപ്രതീക്ഷിതമായ ഈ മറുപടിയിൽ സുമുഖൻ ശരിക്കും ഞെട്ടി.

ഒരുനിമിഷം ആരും അനങ്ങുന്നില്ല.പെണ്ണുങ്ങൾ ഉഷാറാണ്.സീറ്റ് കിട്ടുക തന്നെ വേണമെന്ന ഭാവത്തിൽ നിൽക്കുകയാണ്.

സുമുഖൻറെ കൂടെ ഇരിക്കുന്നയാൾക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.അയാൾ പതുക്കെ എഴുന്നേറ്റതോടെ സുമുഖൻ പത്തി മടക്കി എഴുന്നേറ്റു.

''ങ്ങളിദെന്ത് പണിയാ കാട്ടിയേ.ങ്ങള് എയിന്നേറ്റോണ്ടല്ല എഡങ്ങേറായദ് ''

സുമുഖൻ കുറ്റപ്പെടുത്തി.മറുപടിയായി സോറി ട്ടോ എന്ന ഭാവത്തിൽ പുഞ്ചിരി തൂകി മറ്റയാൾ നിന്നു.

'' ങ്ങളദ് കണ്ടില്ലേനും''.തൊട്ടുപുറകിലെ ജനറൽ സീറ്റിൽ ഭാര്യയും ഭർത്താവും ഇരിക്കുന്നതു കാണിച്ച് സുമുഖൻ പറഞ്ഞു.
''മ്മഡ സീറ്റിൽ ഓലിക്ക് ഇരിക്കാ.''

''ഓരോ നിയമങ്ങളിണ്ടാക്കും അദും വച്ച് മ്മഡഡ മക്കിട്ട് കേറാൻ കൊറേ സാനങ്ങളും.''

''രാത്രിയായല് ഓരോന്ന് എറങ്ങിക്കോളും.''

''അമ്മാരി സാനങ്ങള്.''

സുമുഖൻ തുടർന്നുകൊണ്ടേ ഇരുന്നു.ബസ്സിലുള്ള ഓരോരുത്തരെയും അഭിസംബോധന ചെയ്തുകൊണ്ടാണ് ഡയലോഗുകൾ.ഓരോ ഡയലോഗിനു ശേഷവും ഇടവേളകളിലും ആസ്ത്രീ യെത്തന്നെ നോക്കുംപലപ്പോഴും നോട്ടം 14 സെക്കൻറ് അധികരിച്ചു.ചിലർ സുമുഖൻറെ ശ്രദ്ധയിൽ പെടാതെ മുഖം തിരിച്ച് നിന്നു.ഒന്നും പ്രതികരിച്ചില്ല.

കണ്ടക്ടർ എത്തിയപ്പോൾ സുമുഖൻ ആവലാതി പറഞ്ഞു.സ്ത്രീകൾക്കായി നീക്കിവച്ച സീറ്റിൽ പുരുഷൻമാർ ഇരിക്കാൻ പാടില്ലെന്ന് പറയാൻ മിനക്കെടാതെ ഒരു ചെറു പുഞ്ചിരി സമ്മാനിച്ച് കണ്ടക്ടർ ടിക്കറ്റ് മുറി തുടർന്നു.കൂടുതൽ പ്രശ്നങ്ങളൊന്നുമില്ലാതെ അന്നത്തെ ശംബളം കൈപറ്റണം എന്നതിലുപരി അയാളീവിഷയത്തിൽ എന്തിനിടപെടണം..
സഹികെട്ട് പെണ്ണുങ്ങൾ മുൻവശത്തെ കമ്പിയിൽ തല ചായ്ച്ച് കിടന്നു.

സുമുഖൻ വളരെ   സ്മാർട്ടായികമ്പിയിൽ ചാരി നിൽക്കുകയാണ്.മുകളിൽ പിടിക്കാതെ ബസ്സ് ചെരിയുമ്പോൾ ശരീരം വളച്ചും ഒടിച്ചും ബാലൻസ് നിലനിർത്തി ബസ്സിലെ പാട്ടിനൊപ്പം വരികൾ മൂളി താൻ തോറ്റിട്ടില്ലെന്നും തോറ്റ ചരിത്രം കേട്ടിട്ടില്ലെന്നും സ്ഥാപിച്ചുകൊണ്ടും യാത്ര തുടർന്നു. ഇടയ്ക്ക് കമൻറുകൾ പലതും ശബ്ദമമർത്തിയും അട്ടഹാസത്തിൻറെ അകമ്പടിയോടെയുമായിരുന്നു.

നിയമപരമായി തങ്ങൾക്കുവേണ്ടി നീക്കിവച്ച സീറ്റ് ആവശ്യപ്പെട്ട തെറ്റിന് തുറന്ന അവഹേളനം  സഹിച്ചുകൊണ്ട് പെണ്ണുങ്ങൾ മുന്നോട്ട് മുഖമമർത്തി  തല ചെരിച്ച് ഇരുന്നു.

ബസ്സിൽ ഉദിത്ത് നാരായണൻറെ മറ്റൊരു അടിപൊളി പാട്ട് തുടങ്ങി.ബസ്സ് ഇരുട്ടിനെ കീറിമുറിച്ച് യാത്ര തുടരുകയാണ്.നിയമങ്ങൾ ഉണ്ടാക്കുകയും അവ തങ്ങൾക്ക് അനുകൂലമായി നിർവ്വചിക്കുകയും ചെയ്ത് നേതാവ് ചമഞ്ഞ് നടക്കുന്ന സുമുഖൻമാരുടെയും സ്തുതിപാഠകരായ സഹയാത്രികരുടെയും നിയമം നടപ്പിലാക്കാൻ ബാദ്ധ്യതയുള്ള നിസ്സംഗരായ ഉദ്യോഗസ്ഥവർഗ്ഗത്തിൻറെയും പ്രതികരണ ശേഷി യില്ലാത്ത സാധാരണക്കാരുടെയും അവകാശങ്ങൾക്ക് അർഹതയുണ്ടായിട്ടും അത് നിഷേധിക്കപ്പെടുന്ന പഞ്ചപാവങ്ങളുമടങ്ങിയ ഒരു സ മൂഹത്തിൻറെ , പ്രതീകമായി ബസ്സ് ലക്ഷ്യത്തിലേയ്ക്ക് കുതിച്ചുകൊണ്ടേ ഇരുന്നു.
പൂവിൻറെ ആഗ്രഹം

ആഗ്രമില്ലൊട്ടുമെനിക്കിന്ന്
മാലാഖമാരുടെ മാലയായിരിക്കുവാൻ

 നാണം കുണുങ്ങിയാം പെൺകൊടി തന്നുടെ
വരണമാല്യത്തിലിരുന്നിക്കിളികൂട്ടുവാൻ

ചക്രവർത്തിമാർ തന്നുടെ മൃതി
യറ്റ ദേഹത്തിലിരുന്നൂറ്റം കൊള്ളുവാൻ

ഒട്ടു നേരം നിൽകെൻറെ സോദരാ
പിച്ചിയെറിയുകയെന്നെയാപാതയിൽ

മാറുവിരിച്ചുറച്ച  ചുവടുമായ്
ധീരോദാത്തരായ് ചരിക്കുന്നു സൈനികർ

(A humble effort to translate the poem by maghanlal chathurvedi '' PUSHP KEE ABHILASHA')
പഷ്ട്

ഉള്ളിലെ ഇഷ്ടം തുറന്നു പറഞ്ഞിടായ്കിൽ
ഇഷ്ടം നഷ്ടമാകുമെന്ന്
ഇഷ്ടർ പറഞ്ഞതനുസരിച്ച്
ഏറെ കഷ്ടപ്പെട്ട് ഞാനെന്നിഷ്ടം വെളിപ്പെടുത്തിയമാത്രയിൽ
നഷ്ടമായിഭവിച്ചെന്നുടെ
ഇഷ്ടമെത്രയും കഷ്ടം കഷ്ടം

എന്നാലതുകാരണമെൻ
ശിഷ്ടജീവിതം
പുഷ്ടിപ്പെട്ടുവെന്ന സത്യം
ഇഷ്ടരോടിന്നുഞാൻ പങ്കുവച്ചപ്പോൾ
പഷ്ട്  പഷ്ടെന്നാവർത്തിച്ചുരച്ചാരവർ
ഹലോ...

എവിടെയെത്തി ?

കണ്ണൂരു വിട്ടു

ശരി വച്ചോളൂ  നേരിട്ട് കാണാം

ശരി.