Tuesday, April 5, 2016

എതിരേവരുന്നവനപരനെന്നാകിലും
ഒരു ചെറുപുഞ്ചിരി അധികമാവില്ലെടോ
പകരമൊരുപ്രതികരണമവനിലില്ലെങ്കിലും
ഇരുവരിലുമകതളിരിലലിവേറെയുണ്ടാം

ഹൃദയങ്ങൾതമ്മിലുള്ളകലങ്ങളേറുന്നു
അഹമെന്നഭാവംഅകതാരിൽ വിളയുന്നു
അരികിലുള്ളവർതമ്മിലൊരുമയില്ലേതും
അവരവർതന്നുടെ ഇരുൾപൂണ്ടലോകം

മനുജരുടെമനതാരിൽ കുളിർമഴപെയ്യുവാൻ
അവരുടെ യകതാരിൽ ഒരുപുവിരിയുവാൻ
ഒരുനറുപുഞ്ചിരികടമായിനൽകിടാം
ഒരുനല്ലസൗഹൃദകൂട്ടമായ് വാണിടാം
എന്നിലെ ഉണ്ണീ നീ ഉറങ്ങല്ലെ
നിന്നിലെ കളിചിരി ഒളിമങ്ങിടല്ലെ

നിഷ്കളഭാവം നിരുപമരൂപം
നിർദോഷമായുള്ള
 കുസൃതികൾ വികൃതികൾ
നിർഭയമമ്മതൻ
ചാരെ മയങ്ങുന്ന
നിർമല നിർമമ
മായോരു പൈതൽ

എന്നിലെ ഉണ്ണീ നീ ഉറങ്ങല്ലെ
നിന്നിലെ കളിചിരി ഒളിമങ്ങിടല്ലെ

ഗതകാല ചരിതത്തിൻ
കയ്പുള്ള നിനവുകൾ
പരുഷതയുടെ മയമുള്ള
ചുറ്റുവട്ടങ്ങളും
അതിലേറേ ഛലകപട ഗതിവിഗതികളൊക്കെയും
ഘനീഭുത മായിതോ
തരളിതമാം മനം

എന്നിലെ ഉണ്ണീ നീ ഉറങ്ങല്ലെ
നിന്നിലെ കളിചിരി ഒളിമങ്ങിടല്ലെ

ദുഖത്തിലുച്ചത്തിൽ
പൊട്ടിക്കരഞ്ഞിടാൻ
മോദത്തിലുല്ലാസ
പൂത്തിരി കത്തിക്കാൻ
ചടുലമായാനനന്ദ
ചുവടുകൾ ചേർത്തിടാൻ
ഒരു ഈണമെപ്പോഴും
പാടിനടക്കുവാൻ

എന്നിലെ ഉണ്ണീ നീ ഉറങ്ങല്ലെ
നിന്നിലെ കളിചിരി ഒളിമങ്ങിടല്ലെ

സഹജൻ്റെ തോളത്തു
കൈ വച്ചൂ നീങ്ങിടാൻ
അനുജനെ കൊഞ്ഞനം
കാട്ടി ചൊടിപ്പിക്കാൻ
സോദരിമാരുടെ
ജഡയാട്ടി കളിച്ചിടാൻ
തൊടിയിലെ മൂവാണ്ടൻ
മാങ്ങയെറിഞ്ഞിടാൻ

എന്നിലെ ഉണ്ണീ നീ ഉറങ്ങല്ലെ
നിന്നിലെ കളിചിരി ഒളിമങ്ങിടല്ലെ

പ്രകൃതിയുടെ കൗതുക
കാഴ്ചകൾ കണ്ടിടാൻ
അമ്പിളിമാമനെ
കണ്ടങ്ങിരിക്കുവാൻ
താരകളൊത്തു
കൺചിമ്മികളിക്കുവാൻ
മഴയത്തു മുറ്റത്ത്
ഓടിക്കളിക്കുവാൻ

എന്നിലെ ഉണ്ണീ നീ ഉറങ്ങല്ലെ
നിന്നിലെ കളിചിരി ഒളിമങ്ങിടല്ലെ

ഉണരുക നീയുണ്ണി
 പരിഭവം വേണ്ട
എല്ലാം മറന്നങ്ങു
പുഞ്ചരിച്ചീടുവാൻ
 ആമോദമാഹ്ലാദ
ചിത്തനായ് വാഴുവാൻ
ആയിരം പുത്തിരി
മനസ്സിൽ  തെളിയുവാൻ

എന്നിലെ ഉണ്ണീ നീ ഉറങ്ങല്ലെ
നിന്നിലെ കളിചിരി ഒളിമങ്ങിടല്ലെ
ഞാനും അവനും
ചില അരാഷ്ട്രീയ വാദികളും.........
ഞാനും അവനും കളിക്കളത്തിലാണ്
ഞാൻ ജനസേവകൻ
അവൻ ജനവിരുദ്ധൻ
ഞാൻ  നല്ലതു മാത്രം ചെയ്യുന്നു
അവൻ മോശം മാത്രം
എല്ലാവരും എൻറെ ഭാഗത്താവണം
അവൻറെ കൂടെ ആരും ഉണ്ടാകരുത്
ഞാൻ ചെയ്തതിനു  തെളിവില്ല
അവൻ ചെയ്തതിനു തെളിവു വേണ്ട
ഞാൻ ചെയ്തതായി പറയുന്നവർ
അവൻറെയാൾക്കാർ
എന്നെ പുകഴ്തുന്ന പത്രം
മാദ്ധ്യമ ധർമ്മം കാത്തു രക്ഷിക്കുന്നു
അവനെ പുകഴ്തുന്നത്
 മഞ്ഞ പാർട്ടി പത്രം
എൻരെ വീഴ്ചകൾ
അവൻരെ ഗുഢാലോചന
അവൻറെ നേട്ടങ്ങൾ
നിങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തുക്കടാ വിദ്യകൾ
ഞാൻ സ്വരൂപിക്കുന്ന പണം
പാർട്ടി ഫണ്ട്
അവൻ സ്വരൂപിക്കുന്നത് കോഴ
ഈ കളി ഞങ്ങൾ പരസ്പര ധാരണയോടെ
മാറി മാറി കളിക്കും
ഞങ്ങളുടെ രഹസ്യങ്ങൾ ഞങ്ങൾക്ക് പരസ്പരമറിയാം
അതുകൊണ്ട് പരസ്പരം മുക്കികൊല്ലില്ല.േ
കളത്തിനു പുറത്തുള്ളവർ
ചില്ലറ ലാഭത്തിനായി
ഞങ്ങളോടൊപ്പം ചേർന്നു കൊള്ളുക
ഈ കളി ഇഷ്ടമില്ലാത്തവർ
അരാഷ്ട്രീയ വാദികൾ


തുടർകഥ......

അത്യാഹിത വാർത്ത കേട്ട് അയാൾ ഞെട്ടിയില്ല.

നാളത്തെ പത്ര വാർത്തകളെ കുറിച്ചായി അയാളുടെ ചിന്തകൾ

 ഒന്ന് ആരോപിക്കും മറ്റേത് നിഷേധിക്കും

ചാനലുകൾ ആഘോഷിക്കും

പരിജനങ്ങൾ കണ്ണീർ വാർക്കും

 മറ്റു ചിലർ മുതലകണ്ണിർ വീഴ്ത്തി മുതലെടുക്കും

പോലീസ്   സി ബി ഐ രംഗത്തെത്തും

രാഷ്ട്രീയ അജണ്ട  എന്ന് ചിലർ

തങ്ങൾക്ക് പങ്കില്ലെന്ന് ചിലർ

കരിങ്കൊടി,  ലാത്തി പിന്നെ .......

സുഭിക്ഷമായ ഹർത്താൽ

 വഴിമുട്ടിപോയവർ.......

സോറി.....ഒരു അത്യാഹിതം കൂടി ആസൂത്രണം ചെയ്യേണ്ടി വന്നു.

ഒന്ന് കെട്ടടങ്ങി മറ്റേത് ആളികത്തി
                                                    (തുടരും....)
കാവ്യാർക്കനാഴിയിലൂളിയിട്ടു.
ഒരുപകലിവിടെ യൊടുങ്ങിടുന്നു
ഇരുളാകെ ഭൂവിൽ പടർന്നിടുന്നു 
ഒരു വിങ്ങലുള്ളിലുണർന്നിടുന്നു

ഒരു തിങ്കൾ ശോഭയുണ്ടെന്നാകിലും
ഒരു പ്രഭാതത്തിനായ് കാത്തിരിപ്പൂ
ഒാ-ർമകൾ എൻ - വി-ഹായസിൽ
ഒ എൻ വി യായി നിറഞ്ഞു നിന്നു

കിളികുല ജാലത്തിൻ കളകൂജനം
അവ പൊഴിക്കുന്നോരു പട്ടുതൂവൽ
ഭുവിലെ ആർദ്രമാം നേത്രങ്ങളും
അലയുന്ന മനസ്സിലെ ഗദ്ഗദങ്ങൾ

പ്രണയാർദ്രമായോരു നടനവേദി
അലിവുള്ള മനസിൻറെ സർഗ്ഗ കേളി
പുഴയുടെ കളകള നിസ്വനങ്ങൾ
പാഴ്മുളം തണ്ടിലെ ബാംസുരിയും

ഭൂമിമാതാവിൻറെ ചുടു നിസ്വനം
മാനത്തു തെളിയുന്ന മഴവില്ലൊളി
വിധിമതമറിയുന്ന ചുടുകണ്ണുനീർ
മനസിലുരുകുന്നൊരാത്മരോഷം

ഇരുളിൻറെ മറവിലെ കപടതയും
പിച്ചനടക്കുന്ന പെൺകിടാവും
വ്രണിത ദേഹത്തിന്നൊരുസാന്ത്വനം 
നൃത്തം ചവിട്ടുന്നു മനോ മണ്ഡലത്തിൽ

ഹിമകണ മേറ്റു തളിരിടുവാൻ
പുതു നാമ്പുകളുണ്ടു വെമ്പി നിൽപൂ.
തളരുന്ന ഭൂമിക്കൊരുർജ്ജമായി
വരുമോ ഒരുനൂറു കാവ്യ സൂര്യോദയം


അങ്ങുകിഴക്കൊരു പാറപുറത്താണു
എൻറെ പ്രിയപെട്ട വിദ്യാലയം

ആദ്യാക്ഷരങ്ങൾ തൻ മുകുളങ്ങൾ  തളിരിട്ട
ആരാമ മന്ദിരം വിദ്യാലയം

പ്രഥമ വന്ദിതൻ ഗജാനനൻ തന്നുടെ
നാമത്തിലാണീ പ്രഥമാലയം

കരിമ്പുവളപ്പും ഗുളിക തറയും
 ചേരുന്ന പഴയോരു വിദ്യാലയം

പാറയുംമുള്ളും ചരലും ചവിട്ടി ഓടിതിമിർത്തോരു നൃത്താലയം

ചക്കര പ്ലാവിൻറെ തണലിൽ
തിമർക്കുന്ന  കുട്ടികൾ തന്നുടെ  കാര്യാലയം

ഗോരിയും കോട്ടിയും പള്ളിയും
 സോഡ്ദി തലേമ്മ അരങ്ങിലെത്തും

ഗോ....വിന്ദ.....യെന്നുച്ചത്തിലലറി
ഭജനമിരിക്കുന്ന പുണ്യ കാലം

തൂവെള്ള വസ്ത്രം ധരിച്ച ഗുരുവിൻ്റെ
പാഠങ്ങൾ വിസ്മയമായ  കാലം

സ്വാദൂറും സജ്ജിഗ ആവോളം ഭക്ഷിച്ച്
 എരിയടക്കുന്നോരു പോയ കാലം

കോഴി കുണ്ടിയും, പാലൈസുമെള്ളുണ്ടയും
കട്ളീസും തിന്നു നടന്ന കാലം

നെല്ലിക്ക പുളിങ്കുരു  കാക്കതൊണ്ടിയും
ചെനയുള്ള മാങ്ങയും തിന്നകാലം

ഇടവേളനേരത്ത് പൊതു ടാപ്പിലെ വെള്ളം
ആവോളം മോന്തികുടിച്ച കാലം

 ഒരുനാളസംബ്ലിയിൽ എല്ലാരു മൊന്നായി
ഭാരതാംബയ്ക്കു   ജയ് വിളിച്ചകാലം

മലയാള കന്നട  തുളുവാദി ഭാഷകൾ
 കൈകോർത്തു  നടന്ന വസന്ത കാലം

മൂക്കട്ടയൊലിപ്പിച്ച് ഒട്ടിയ വയറുമായ്
അടികൊണ്ടു വാവിട്ടു കരഞ്ഞ കാലം

കുസൃതികൾ കാട്ടി അടിപിടി കൂടി
ഉച്ചത്തിൽ വായിട്ടലച്ചകാലം

ഒരു കൈയ്യിൽ  നിക്കറും മറുകൈയ്യിൽ
സ്ലേറ്റുമായ് മഴയും നനഞ്ഞു നടന്ന കാലം

ജനഗണമന തീർന്ന് മണിയൊച്ച കേൾക്കുമ്പൊൾ
ചടപടെയോടിയകന്ന കാലം

മണ്ണിൻ്റെ മണമുള്ള വിണ്ണിൻറെ ഗുണമുള്ള
ഓർമയിൽ മാറാത്ത സുവർണ്ണ കാലം


വീടിന്നു പൂമുഖം
വായനയ്ക്കാമുഖം
ഒരുവന്നു പലമുഖം
അതിലൊന്നു നിജ മുഖം
അലിവിന്നു നൻമുഖം
ചതിവിന്നു പൊയ്മുഖം
സ്നേഹത്തിനൊരുമുഖം
പ്രേമത്തിൻ മറുമുഖം
ഹിംസയ്ക്കു കരിമുഖം
അതിജീവനത്തിനായ് പൊരുതുന്നതൊരുമുഖം
ജ്ഞാന പ്രഭാപൂർണ്ണമായുള്ള ഗുരുമുഖം
സഹജമീമനുജർക്ക് ഈ വിധം പലമുഖം
മനമുണ്ടോ
ഉണ്ടെങ്കിൽ
വനമുണ്ട്
ഇടതൂർന്നതരുവുണ്ട്
നരിയുണ്ട് കരിയുണ്ട്
അരുവിയും കുരുവിയുമൊക്കെയുണ്ട്

കിളിയുണ്ട്
കളിയുണ്ട്
കാറുണ്ട്
ആറുണ്ട്
ഫലമുണ്ട് ഭയമുണ്ട്
നേരും നെറിയും കൂടെയുണ്ട്

ഇലയുണ്ട്
പൂവുണ്ട്
കായുണ്ട്
തേനുണ്ട്
ഇടയിലാകാട്ടിൽ
സഹവസിക്കുന്നോരു മനുഷ്യനുണ്ട്

തണലുണ്ട്
കുളിരുണ്ട്
ഭൂമിയ്ക്കു കുടയുണ്ട്
മഴ പെയ്യുവാനുള്ള കോപ്പുമുണ്ട്
അമൃതൂറും ഫലമുണ്ട്
രോഗ ശമനത്തിനായിരം വേരുമുണ്ട്

ഒന്നു മറ്റൊന്നിനു
ഇരയായും വളമായും
തീറ്റയ്കു  വകയായും
 സമരസ ജീവിത സന്ദേശമുണ്ട്
പാഴാക്കാനൊരു തുള്ളിയില്ലയെന്നോമനെ
ജലം പാരിലമൂല്യമാണറിക

ഓടികിതച്ചെത്തി പാളയിലെ വെളളം
 നീ യാവോളം മോന്തി  കുടിക്കുന്ന കാഴ്ചയും

ചാടിതിമർക്കുമ്പോൾ  ചിന്നി
ചിതറുന്ന  തുള്ളിയും
സാകൂതം കാണുവാനക്ഷമൻ ഞാൻ

വാടിക്കരിഞ്ഞ തൊടിയിലെ  മുല്ല
മാടി വിളിച്ചു കരഞ്ഞിടുമ്പോൾ

ഇത്തിരിപോരുന്ന പക്ഷി മൃഗാദികൾ
ഇറ്റു ജലത്തിനായ് കേഴുമ്പോഴും

അവനിയിലതിനായി കരുതേണമോമനേ
ധരണി ചുരത്തണം അമൃത ജലം

 ഗതിവേഗ മേറിയ ഉലകിലെ യാത്രയിൽ
പരവശനായ് നീയലഞ്ഞിടുമ്പോൾ

ഇറ്റു തെളിനീരി നായ്  നീ
കൊതിച്ചിടുമ്പോൾ

 സുലഭമായ് വരുകില്ല ഒരുകവിൾ  തണ്ണീർ
മനതാരിലിന്നു നീ ഓർത്തുകൊൾക

കണ്ണിന്നു കുളിരാകും നിളയുടെ കളകളം
ഇനിയെത്ര  നാളുയർന്നു പൊങ്ങും

പെയ്യാൻ മടിച്ചിടും  മഴമേഘജാലങ്ങൾ
നിന്നുടെ സ്വൈര്യം കെടുത്തുമല്ലോ

അവസാന തുള്ളിയു മൂറ്റിയെടുക്കാനായ്
ദുരമൂത്ത ജീവികൾ നിന്നരികിലെത്തും

ഉണ്ണീ നീയെന്നുടെ ഉദകജലത്തിനായ്
അലയുന്ന വിഗതികളുണ്ടായിടൊല്ലെ

ജലമാണ് ജീവൻ  തെളിനീരമൃത്
ശുദ്ധജല വായു  നാടിനനുഗ്രഹവും

പർഞ്ഞോൻ കുഡ്ങ്ങി

പർഞ്ഞിറ്റ് തോറ്റു

പറേമ്പൊ പറേന്ന് കുഡിച്ചിറ്റ് പറേന്നേന്ന്

പറയാണ്ടെങ്ങനെ

പറേണ്ടെ പിന്ന പറേണ്ടെ

പറയാണ്ടിരിക്കാൻ മൻസൊക്കണ്ടെപ്പാ

പറയുന്നോറ് പറയട്ടല്ലോ

അയിനെന്ത്യേന പറയാനില്ലെ

ഓറോർക്ക് പറയാനിള്ളദ്
ഓറോറ്  പറയട്ട്

പറയുന്നോറെ പറയാൻ ബിഡണം

അല്ലാണ്ട് ഓറ എഡങ്ങേറ് ആക്കന്നെന്ത്യേന്

പറയുന്നോറെ പറയാൻ ബിട്ടില്ലെങ്ക്
പറയാൻ കയ്യ
പിന്നെ എന്താവൂന്ന്

പിന്ന......പറേന്നോറ്
 പറയുമ്പോ  കൊർച്ച് ജാഗ്രദ  ആക്കണം

എന്തേച്ചെങ്ക് പറഞ്ഞ ബാക്ക്   ബൈയ്യോക്കിഎഡ്കാനാവേല


ഒരുനാളെന്നുടെ ഭവനത്താലങ്ങാടി
കുരുവികളൊരു ചെറു  കൂടുകൂട്ടി

ചകിരിതൻ നാരുമങ്ങാടി ചരടും
പുൽകൊടികളുംകൊണ്ടൊരു കൊച്ചുകൂട്

നല്ല നിമിത്തമിതെന്നു കരുതി  ഞാൻ
ചെന്നു നിരീക്ഷിച്ചാ കുഞ്ഞുകൂട്

ഭിത്തിയിലെ ന്നോളം പൊക്കത്തിൽ
കുന്നുപോലുള്ളൊരു  കൂമ്പാരം

ദിനപത്രം  വാരിക മാസികയും
ബാലരമയുമമ്പിളിയമ്മാവനും

മച്ചിനു താഴെ വിടവിലായ് കൂടിനായ്
കുരുവികൾ കണ്ടൊരു നല്ലോരിടം

ഇളകിയോരാണിയും  തൂങ്ങുന്ന കടലാസും അദ്ഭുതമവിടെയിരിക്കുന്നു

അസ്ഥിരമാ കൊച്ചു ഭവനത്തിലങ്ങാടി
കുരുവികളൊരു ദിനം മുട്ടയിട്ടു

ഓർക്കയാൽ മനുജൻറെ അസ്ഥിത്വവും
ഇതിലേറെ അസ്ഥിരമാണു നൂനം

വൈകാതെ കേട്ടു ഞാൻ കുഞ്ഞി
 കുരുവികൾ തന്നുടെ  ചിലമ്പലുകൾ

കലപിലകൂട്ടിയങ്ങാടിക്കുരുവികൾ
മതിമറന്നങ്ങതാസ്വദിച്ചു

അകതാരിലാധി പെരുകിയനുദിനം
നിലം പൊത്തുമോ ഈ കുരുവിക്കൂട്

ഒന്നു മറിയാതെ അമ്മക്കിളി
അനായാസമായതിൻമേൽ പറന്നിരുന്നു

കലപില കൂട്ടുമാ  കുരുവി കിടാങ്ങൾക്കു
 ചിറകുമുളയ്ക്കാനായ്  കാത്തിരുന്നു

അതിവേഗമവയൊന്നു പാറിയകന്നെങ്കിൽ.... കരളുരുകിയന്നുഞാൻ   പ്രാർത്ഥിച്ചു

ദുർനിമിത്തം വന്നാലാപത്തു വരുമെന്ന്
പലരുമന്നെയന്നോർമ്മിപ്പിച്ചു

ഓ രോനിമിഷവും വൻ വീഴ്ച പ്രതീക്ഷിച്ച്
ആകുല ചിത്തനായ് ഞാനിരുന്നു.

ഒരു രാവിലാക്കുടും കെട്ടുകളും
 പെരിയോരു ശബ്ദമോടെ നിലം പതിച്ചു

അശനിപാതം കണക്കെന്നുടെ നെഞ്ചിൽ
 ഇടിനാദമായതു  പതിച്ചു

കുരുവികുഞ്ഞുങ്ങളെന്തു പിഴച്ചു ഹാ
പുസ്തകകെട്ടിൽ ഞെരിഞ്ഞമരാൻ

കേട്ടിലവയുടെ കുഞ്ഞു രോദനവും
ത്രാണിയു ണ്ടായീല പോയി നോക്കുവാനും

വരുവാനിരിക്കുന്ന ദുർനിമിത്തങ്ങൾ
നടമാടിയെൻറെ മനോ മണ്ഡലത്തിൽ

കണ്ണും പൂ ട്ടിയുറക്കമില്ലാതെ
പുലരും വരെ തേങ്ങി ഞാൻ കിടന്നു.

കുരുവികൾ തന്നുടെ കലപില കേട്ടു
ത്ധടിതിയിലെത്തീഞാൻ പുമുഖത്ത്

ചിറകുമുളച്ചൊരാ കുഞ്ഞിക്കുരുവികൾ
ചലപില കൂട്ടിയിരിക്കുന്നു

ഏറിയമോദത്താൽ കുരുവി സമൂഹം
വിടപറയും പോലെ യെനിക്കു തോന്നി

ചിതറിയ കൂടും പൊട്ടിയ പലകയും
 പഴകിയ പത്രവും പെറുക്കുന്ന നേരം

അതുവരെ യവയെ താങ്ങി നിറുത്തി
യവനെ മനസാലെ കൈ വണങ്ങി





 വീണാധാരീ വാണീ മണി
സുരഗണ വന്ദിത മനോൻമണീ

പുസ്തക ധാരെ ബ്രഹ്മ മാനസീ
ബുദ്ധി പ്രദേ ദേവീ സുജന കല്യാണീ

കാവ്യ നൃത്യ ഗാന രഞ്ജിനീ
സുഭാഷിണീ മഞ്ജുള രൂപിണീ

പത്മാസന സ്ഥിതേ മന്ദഹസിതേ
പത്മവിലോചന  ഭുവന മനോഹരീ

 ഭക്തി  ശക്തി മുക്തി പ്രദായിനി
ദുഷ്ട സംഘ നിഷേധിനി മാതേ

പുണ്യ കാര്യ കർത്തിനി ശുഭജേ
മോക്ഷ മാർഗ്ഗ പ്രദർശിനി  മംഗളേ

ദിവ്യ രൂപ ധാരിണീ  ജനനീ
അഷ്ട ദ്രവ്യ സേവിത സംപൂജ്യേ

ക്ലീ ക്ലീ ക്ലീ ക്രൂ ക്രൂ ക്രൂ.......

ജൂനിയർ സുരേശ് തിരിഞ്ഞു നോക്കിയില്ല

മുറ്റത്തെ മൈന നിരാശനായി.

ജൂനിയർ സുരേശ് ഡാഡിയുടെ പുതിയ ആൻഡ്രോയിഡ് ഫോണിലെ പ്ലേ സ്റ്റോറിൽ നിന്ന് പുതിയ ഗെയിം ഡൗൺ ലോഡ് ചെയ്യുകയാണ്.

ക്ലീ ക്ലീ ക്ലീ ക്രൂ ക്രൂ ക്രൂ.......

മൈന നിരാശനായി മുറ്റത്ത് അങ്ങിങ്ങായി തത്തി കളിക്കുകയാണ്.
ഗെയിറ്റിനു മുകളിലും ഉമ്മറപടിയിലും ചെന്നിരുന്ന് അവൻ ജൂനിയർ സുരേശിനെ വിളിച്ചു .
ക്ലീ ക്ലീ ക്ലീ ക്രൂ ക്രൂ ക്രൂ.......

ഇല്ല ....   ജൂനിയർ  സുരേശ് അവന് അനുവദിച്ചു കിട്ടിയ സമയം പരമാവധി ഉപയോഗപ്പെടുത്തുകയാണ്.

ക്ലീ ക്ലീ ക്ലീ ക്രൂ ക്രൂ ക്രൂ....... ജൂനിയർ സുരേശിൻറെ കൈയ്യിലുള്ള നിർജ്ജീവ വസ്തു ചിലച്ചു.

മൈന തിരിഞ്ഞു നോക്കി !!!

ഗെയിം ഡൗൺലോഡ് ആയി.ജൂനിയർ സുരേശ് മുഷ്ടി ചുരുട്ടി വീശി  തൻറെ നേട്ടം ആസ്വദിക്കുകയാണ്.

ക്ലീ ക്ലീ ക്ലീ ക്രൂ ക്രൂ ക്രൂ.......

എന്നിട്ടും ജൂനിയർ സുരേശ് തിരിഞ്ഞു നോക്കിയതേയില്ല.

രണ്ടാം ക്ലാസ്സിലെ പാഠ പുസ്തകത്താളിൽ ജീവസ്സുറ്റ കഥാപാത്രമായി നിറഞ്ഞുനിന്ന മൈന പഴകി ദ്രവിച്ച പുസ്തകം  വിട്ട് പറന്ന് എങ്ങോട്ടോ പോയി .